ജിദ്ദ: കേരള സർക്കാറിന്റെ സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷന്റെ ജിദ്ദ മേഖല പ്രവർത്തകയോഗം സംഘടിപ്പിച്ചു. മലയാളം മിഷൻ സൗദി ചാപ്റ്റർ കൺവീനർ ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. 'എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം' ലക്ഷ്യവുമായി ആഗോളതലത്തിൽ മലയാള ഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതിനായി മലയാളം മിഷൻ ആവിഷ്കരിച്ച് നടപ്പാക്കുന്ന ബൃഹത്തായ പദ്ധതികൾ അദ്ദേഹം വിശദീകരിച്ചു. മലയാളം മിഷൻ ജിദ്ദ ചാപ്റ്റർ വിദഗ്ധ സമിതി അംഗം നിഷ നൗഫൽ അധ്യക്ഷത വഹിച്ചു. മേഖല കോഓഡിനേറ്റർ റഫീഖ് പത്തനാപുരം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ ജിദ്ദ മേഖല കമ്മിറ്റിക്ക് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: ജുനൈസ് (കോഓഡിനേറ്റർ), നിഷ നൗഫൽ (പ്രസി.), ടിറ്റൊ മീരാൻ (വൈ.പ്രസി.), റഫീഖ് പത്തനാപുരം (സെക്ര.), അനസ് ബാവ (ജോ.സെക്ര.).
മാതൃഭാഷാ പഠനക്ലാസ്, കുട്ടികളുടെ വിവിധ കലാസാഹിത്യ പരിപാടികൾ, സാംസ്കാരിക സംഗമം, മലയാളം മിഷൻ റേഡിയോ മലയാളം 'കിളിവാതിൽ' പരിപാടികൾക്ക് യോഗം രൂപംനൽകി. ജിദ്ദ മേഖലയിൽ മലയാളം മിഷന്റെ കൂടുതൽ പഠനകേന്ദ്രങ്ങൾ ആരംഭിക്കുന്നതിനും പ്രവേശനോത്സവം സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.
മലയാളം മിഷൻ സൗദി ചാപ്റ്ററിനു കീഴിൽ പ്രവർത്തിക്കുന്ന ജിദ്ദ മേഖല കമ്മിറ്റി കഴിഞ്ഞ വർഷമാണ് നിലവിൽവന്നത്. പ്രവാസി വിദ്യാർഥികൾക്ക് കേരള സർക്കാറിന്റെ അംഗീകൃത മലയാളം കോഴ്സായ 'കണിക്കൊന്ന' സർട്ടിഫിക്കറ്റ് കോഴ്സാണ് ജിദ്ദ മേഖലയിലെ പഠനകേന്ദ്രങ്ങളിൽ ഇപ്പോൾ നടന്നുവരുന്നത്. മലയാളം മിഷൻ സൗദി ചാപ്റ്ററിനു കീഴിൽ ജിദ്ദ, റിയാദ്, ദമ്മാം, തബൂക്ക്, ജിസാൻ, അൽഖസീം, അബഹ മേഖലകളിലായി എഴുപതോളം പഠനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.