ജിദ്ദ: പ്രവാസിസമൂഹത്തിന്റെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക മേഖലകളിൽ കൂടുതൽ ഇടപെടലുകൾ നടത്തുക എന്ന ലക്ഷ്യത്തോടെ ജിദ്ദയിൽ പുതിയ സംഘടന പിറന്നു. സൗദി ഇന്ത്യൻ അസോസിയേഷൻ എന്ന പേരിലാണ് പുതിയ സംഘടന. പുതിയ കാലത്തെ മാറിയ സാഹചര്യത്തിൽ സൗദിയിലെ ഇന്ത്യൻ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും അവരവരുടെ മത, രാഷ്ട്രീയ, ജാതി, വർഗ വ്യത്യസ്തതകൾ നിലനിർത്തി ഒരു കുടക്കീഴിൽ അണിനിരത്തി അവർ നേരിടുന്ന പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരം കാണുക എന്നതാണ് സംഘടനകൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പ്രവാസികളുടെ സാമ്പത്തിക മേഖലകളിൽ സുസ്ഥിരത ഉണ്ടാക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളും പദ്ധതികളും കണ്ടെത്തുക, അവരുടെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കുക, അവരുടെ നിയമപരമായ പരിരക്ഷ ഉറപ്പു വരുത്തുക, ഇന്ത്യൻ കോൺസുലേറ്റിന്റെ പ്രവർത്തനങ്ങൾ സാധാരണക്കാർക്ക് കൂടുതൽ പ്രാപ്യമാക്കുന്ന രൂപത്തിൽ ക്രോഡീകരിക്കുക, സൗദി തൊഴിൽ നിയമങ്ങളെക്കുറിച്ച് കൂടുതൽ ബോധവാന്മാരാക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടുകൂടിയാണ് പുതിയ സംഘടന രൂപവത്കരിച്ചിരിക്കുന്നത്.
ഭാഷകൾക്കതീതമായി എല്ലാ ഇന്ത്യക്കാരുടെയും ഒരു സാമൂഹിക കൂട്ടായ്മയായും സാംസ്കാരിക വിനിമയങ്ങൾക്കുള്ള പൊതുവേദിയായും സംഘടന നിലകൊള്ളും. കുറച്ചു മാസങ്ങളായി വാട്സ്ആപ് ഗ്രൂപ് ഉണ്ടാക്കി അശരണരായ ചില പ്രവാസികൾക്ക് സഹായംചെയ്തിരുന്നതായും അതിനു ശേഷമാണ് ഇത്തരത്തിലുള്ള ഒരു സംഘടന സംവിധാനത്തിലേക്ക് പ്രവേശിച്ചതെന്നും ഭാരവാഹികൾ അറിയിച്ചു.
ജിദ്ദയിലെ സാമൂഹിക, രാഷ്ട്രീയ, കല, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിച്ചു പരിചയമുള്ളവരാണ് പുതിയ സംഘടനയുടെ ഭാരവാഹികൾ. നിലവിലെ സംഘടനകളോടെല്ലാം സമദൂരം നിലനിർത്തി എല്ലാവരുടെയും നന്മകളിൽ സഹകരിച്ചുകൊണ്ട് ഒറ്റക്കെട്ടായി മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും സംഘടന ഒരിക്കലും ഏതെങ്കിലും വ്യക്തികേന്ദ്രീകൃതമായിരിക്കില്ലെന്നും സംഘടനയുമായി 0550099571, 0532224116 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.
പ്രസിഡന്റ് നാസർ വെളിയങ്കോട്, ജനറൽ സെക്രട്ടറി ഡോ. വിനീത പിള്ള, ഓർഗനൈസിങ് സെക്രട്ടറി വിജേഷ് ചന്ദ്രു, ട്രഷറർ ഹിജാസ് കളരിക്കൽ, സെക്രട്ടറിമാരായ അബ്ദുൽ റസാഖ് ആലുങ്ങൽ, ഉനൈസ് ഉമർ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.