ജീസാൻ: സൈക്കിൾ പരിശീലനത്തിനിടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർ മരിച്ചു. ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റു. അബുഅരീഷ് മേഖലയിലെ ദവാറ് അൽബിഅ്റിനടുത്താണ് സംഭവം. അൽയർമൂഖ് സ്പോർട്സ് ക്ലബിലെ അംഗങ്ങൾ സൈക്കിൾ പരിശീലനം നടത്തുന്നതിനിടയിലാണ് പിക്കപ്പ് വാൻ ഇടിച്ചതെന്ന് ജീസാൻ മേഖല പൊലീസ് വക്താവ് കേണൽ നാഇഫ് അൽഹഖമി പറഞ്ഞു. സംഘത്തിൽ 17 പേരുണ്ടായിരുന്നു.
ട്രാഫിക്ക് വകുപ്പിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങാതെ ക്ലബിനു പുറത്തെ റോഡിലൂടെ സംഘമായി സഞ്ചരിക്കുകയായിരുന്നു ഇവർ. ഇതിനിടയിലാണ് അമിത വേഗതയിൽ വന്ന പിക്കപ്പ് വാൻ ഇടിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കാൻ സമിതി രൂപവത്കരിച്ചതായും പൊലീസ് വക്താവ് പറഞ്ഞു. വിവരമറിഞ്ഞ ഉടനെ ആറ് യുനിറ്റ് ആംബുലൻസ് സ്ഥലത്തെത്തിയതായി റെഡ്ക്രസൻറ് വക്താവ് ബീഷി അൽസർഖി പറഞ്ഞു. പരിക്കേറ്റവരെ അബൂ അരീഷ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിക്കപ്പ് ഡ്രൈവറെയും ആശുപത്രിയിലാക്കിയിട്ടുണ്ട്. അപകടത്തിൽ സൗദി സ്പോർട്സ് ജനറൽ അതോറിറ്റി മേധാവി തുർക്കി ആലുശൈഖ് ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.