ജിദ്ദ: കോവിഡ് പ്രതിസന്ധിമൂലം നാട്ടിലകപ്പെട്ടുപോയ പ്രവാസികളുടെ യാത്രാപ്രശ്നങ്ങൾ അടക്കമുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ഒ.ഐ.സി.സി -ഇൻകാസ് ജി.സി.സി ഭാരവാഹികൾ സെക്രേട്ടറിയറ്റ് പടിക്കൽ നടത്തിയ നിൽപു സമരത്തിനെതിരെ പൊലീസ് കേസെടുത്തതിൽ പ്രതിഷേധം.
ഗൾഫ് പ്രവാസികളുടെ യാത്രാപ്രശ്നങ്ങൾ പരിഹരിക്കുക, വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ അപാകതകൾ ഇല്ലാതാക്കുക, മടക്കയാത്ര സാധ്യമാകാതെ കുടുങ്ങിയ പ്രവാസികളെ സഹായിക്കുക, പ്രവാസി സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കുക, പ്രവാസി പുനരധിവാസ പദ്ധതികൾ കൂടുതൽ കാര്യക്ഷമാകുക, വിദേശത്ത് കോവിഡ് ബാധിച്ച് മരിച്ച പ്രവാസി കുടുംബങ്ങൾക്ക് സഹായം നൽകുക, പ്രവാസി വിദ്യാർഥി എന്നപേരിൽ ഈടാക്കുന്ന ഫീസ് കുറക്കുക, പാവപ്പെട്ട പ്രവാസികളുടെ റേഷൻ കാർഡ് തരം മാറ്റുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞമാസം 17നായിരുന്നു ഒ.ഐ.സി.സി - ഇൻകാസ് ജി.സി.സി ഭാരവാഹികൾ സെക്രേട്ടറിയറ്റ് പടിക്കൽ നിൽപുസമരം നടത്തിയത്.
ഇൻകാസ് യു.എ.ഇ നാഷനൽ പ്രസിഡൻറ് മഹദേവൻ വാഴശ്ശേരിയിൽ, ഒ.ഐ.സി.സി ഒമാൻ പ്രസിഡൻറ് സിദ്ദീഖ് ഹസ്സൻ, ഒ.ഐ.സി.സി ജിദ്ദ റീജനൽ പ്രസിഡൻറ് കെ.ടി.എ. മുനീർ, ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുപുറം, ഗ്ലോബൽ ഓർഗനൈസിങ് സെക്രട്ടറി ശങ്കരപിള്ള കുബളത്ത് എന്നിവർക്കെതിരെയാണ് കേസ്.
സമരം പൂർണമായും കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചായിരുന്നെന്നും അതിനുശേഷം ഒരു മാസം പിന്നിട്ട സമയത്ത് കോവിഡ് പ്രോട്ടോകോളുകൾ ലംഘിച്ചു എന്ന ആരോപണം ഉന്നയിച്ച് കേസെടുത്തതിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടെന്നും ഇത് തികച്ചും രാഷ്ട്രീയപ്രേരിതമാണെന്നും ഭാരവാഹികൾ ആരോപിച്ചു.
കൂടുതൽ ആളുകൾ സമരത്തിൽ പങ്കെടുക്കാൻ താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ടു വന്നപ്പോൾ കോവിഡ് പ്രോട്ടോകോളുകൾ ലംഘിക്കരുത് എന്ന നിർബന്ധബുദ്ധി ഭാരവാഹികൾക്ക് ഉണ്ടയിരുന്നതിനാൽ മാത്രം അത്തരം ആളുകളെ പിന്തിരിപ്പിക്കുകയായിരുന്നു. സമരം നടത്തി ഒരുമാസം ആകുംവരെ ഒരു പരാതിയും ലഭിക്കാതിരുന്നിട്ടും ഇപ്പോൾ എടുത്തിരിക്കുന്ന ഈ കേസുകൾ ബാഹ്യസമ്മർദംമൂലമാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി സെക്രേട്ടറിയറ്റ് പടിക്കൽ അടക്കം നടക്കുന്ന നിരവധി സമരങ്ങളിൽ മുഖാവരണം ധരിക്കാതെയും സാമൂഹികഅകലം പാലിക്കാതെയുമാണ്. ഇവർക്കെതിരെ ഒന്നും കേസില്ല.
സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രിയുടെ നേതൃത്വത്തിൽ സമ്പൂർണ ലോക്ഡൗൺ നിലവിലുള്ള ദിവസം കൊച്ചിയിൽ തെരുവുയുദ്ധം നടന്നു. എന്നിട്ടും ആ മന്ത്രിക്കെതിരെ കേസെടുത്തില്ല. ഇത്തരം പരസ്യമായ നിയമലംഘനം നടത്തുമ്പോൾ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുനടത്തുന്ന നേരായ സമരങ്ങളെ അടിച്ചമർത്താനുള്ള ശ്രമത്തിനെ ചെറുക്കുമെന്ന് ഒ.ഐ.സി.സി - ഇൻകാസ് ഭാരവാഹികൾ അറിയിച്ചു.
കേരളത്തിെൻറ കോവിഡ് പ്രതിരോധം പാളിയെന്ന യാഥാർഥ്യവും സർക്കാർ പുറത്തുവിട്ട മരണ കണക്കുകളേക്കാൾ ആയിരങ്ങൾ കോവിഡ് മൂലം മരണപ്പെട്ടു എന്ന കണക്കുകൾ പുറത്തുവന്നതുമായ സാഹചര്യത്തിൽ പ്രവാസികളുടെ നിരാശ പ്രതിഷേധമായി പുറത്തുവന്നതിലുള്ള പകപോക്കലാണ് ഈ കേസെടുപ്പിന് പിന്നിലെന്ന് വ്യക്തമാണ്. വരുംദിവസങ്ങളിൽ പ്രവാസലോകത്തും ഇതിനെതിരായ പ്രതിഷേധം ഓൺലൈനിലൂടെ സംഘടിപ്പിക്കുമെന്നും ഒ.ഐ.സി.സി - ഇൻകാസ് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.