ജിദ്ദ: മലയാള ഭാഷ പരിപോഷിപ്പിക്കുന്നതിനായി കേരള സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷന്റെ പ്രവർത്തനത്തിൽ പോലും സി.പി.എമ്മിന്റെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുകയാണെന്ന് ഒ.ഐ.സി.സി സൗദി വെസ്റ്റേൻ റീജിനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. തങ്ങളുടെ പാർട്ടിക്കാർക്കും സ്വന്തക്കാർക്കും മാത്രമായി ഈ പൊതുവേദിയിലെ സ്ഥാനങ്ങൾ വീതം വെച്ച് അപകീർത്തിപ്പെടുത്തുകയാണെന്നും കമ്മറ്റി കുറ്റപ്പെടുത്തി.
ലോകമെമ്പാടുമുള്ള പ്രവാസിമലയാളികളുടെ സഹകരണത്തോടെ ഇന്ത്യയിലെയും വിദേശത്തെയും വിവിധ സ്ഥലങ്ങളില്‍ മലയാള ഭാഷാപഠനകേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും മേല്‍നോട്ടം വഹിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കേണ്ട ഈ സംവിധാനത്തെ അക്ഷര വൈരികളുടെയും ചില പ്രവാസി സി.പി.എം അനുകൂലികളുടെയും സ്വാകാര്യ സംവിധാനമായാണ് സൗദിയിൽ പ്രവർത്തിക്കുന്നത്. പ്രവാസികൾക്കിടയിൽ നിരവധി സംസ്കാരിക സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്ന പ്രമുഖ സംഘടനകളെയും പ്രവാസി സാഹിത്യകാരന്മാരെയും തീർത്തും അവഗണിച്ചുകൊണ്ടാണ് മലയാളം മിഷന്റെ പ്രവർത്തനങ്ങൾ സൗദിയിൽ നടക്കുന്നത്. 2009 ൽ രൂപീകൃതമായ മലയാളം മിഷൻ ഓരോ മലയാളിയുടെയും ഭാഗമാകുവനാണ് ശ്രമിച്ചിരുന്നത്, എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതിന്റെ അധ്യക്ഷനായതോടെ എല്ലാം തങ്ങളുടെ സ്വാകാര്യ സ്വത്തായി ഉപയോഗിക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും ജിദ്ദ ഒ.ഐ.സി.സി കുറ്റപ്പെടുത്തി.
കോവിഡ് മഹാമാരിയുടെ കാലത്ത് മലയാളം മിഷൻ സൗദി ചാപ്റ്റർ ആരുമായും കൂടിയാലോചിക്കാതെ സ്വന്തക്കാരുടെ തറവാടു കണക്കെ ഭാരവാഹിത്വങ്ങൾ അവർ തന്നെ വീതിച്ചെടുക്കുകയാണ് ചെയ്തിരിക്കുന്നത്. മലയാളി എന്ന പൊതു സംവിധാനത്തെപോലും അധികാരത്തിന്റെ ധാർഷ്ടത്തിൽ ദുരുപയോഗം ചെയ്യുന്ന കേരള സർക്കാരിന്റെ നടപടി അങ്ങേയറ്റം അപലനീയമാണ്. ഈ സംസ്കാര ശൂന്യ നിലപാടുകൾക്കെതിരെ പ്രവാസി സാമൂഹം ശക്തമായി പ്രതിഷേധിക്കണമെന്നും സമാന മനസ്കരായവരുമായി കൂടിയാലോചിച്ച് ഇതിനെതിരെ ശബ്ദമുയർത്തുമെന്നും ഒ.ഐ.സി.സി ഭാരവാഹികൾ അറിയിച്ചു.
പ്രവാസി മലയാളികളുടെ പൊതുമുഖമായി മലയാളം മിഷൻ നിലനിർത്തണമെന്ന് ആവിശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും സംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലനും നിവേദനം നൽകിയതായി റീജനൽ കമ്മിറ്റി പ്രസിഡണ്ട് കെ.ടി.എ മുനീർ പറഞ്ഞു. ഭാരവാഹികളായ സക്കീർ ഹുസൈൻ എടവണ്ണ, മമ്മദ് പൊന്നാനി, നൗഷാദ് അടൂർ, ജോഷി വർഗീസ്, ഷുക്കൂർ വക്കം, ശ്രീജിത്ത് കണ്ണൂർ, നാസിമുദ്ധീൻ മണനാക്, അലി തേക്കുതോട്, മുജീബ് മുത്തേടത്ത്, അനിയൻ ജോർജ്, മുജീബ് തൃത്താല, മനോജ് മാത്യു, വിലാസ് അടൂർ, യൂനുസ് കാട്ടൂർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.