ജിദ്ദ: ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യൻ കമ്മിറ്റി ജിദ്ദയിൽ സംഘടിപ്പിച്ചിരിക്കുന്ന സെവൻസ് ഫുട്ബാൾ ടൂർണമെന്റിലെ കഴിഞ്ഞ ആഴ്ചയിലെ മത്സരങ്ങൾ ഒരു കുരുന്നു ജീവൻ രക്ഷിക്കാനായുള്ള കൈത്താങ്ങായി മാറി.
ജിദ്ദ ബ്ലൂസ്റ്റാർ ക്ലബിന്റെ കളിക്കാരനായ ഷംസുദ്ദീൻ ചെർപ്പുളശ്ശേരിയുടെ കുരുന്നു മകളുടെ ജീവൻ രക്ഷിക്കാനായാണ് സുമനസ്സുകൾ ഒരുമിച്ചത്. കുട്ടിയുടെ ചികിത്സക്കായി കുടുംബം സാമ്പത്തിക പ്രയാസമനുഭവിക്കുന്ന വിവരം ക്ലബ് ഭാരവാഹികൾ ഒ.ഐ.സി.സി പ്രവർത്തകരെ അറിയിക്കുകയായിരുന്നു.
അതനുസരിച്ചു ഫുട്ബാൾ ടൂർണമെന്റ് നടക്കുന്ന ഗ്രൗണ്ടിൽ വെച്ച് കുട്ടിയുടെ ചികിത്സക്കുള്ള സഹായശേഖരണം നടത്തുകയായിരുന്നു. മത്സരം കാണാനെത്തിയ ഫുട്ബാൾ പ്രേമികൾ വളരെ ഉദാരമായി ഇതിനോട് സഹകരിക്കുകയും ഏകദേശം 53,000 രൂപയിലധികം തുക സ്വരൂപിച്ചു നൽകുകയും ചെയ്തു.
ശേഖരിച്ച തുക ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യൻ കമ്മിറ്റി പ്രസിഡൻറ് ഹക്കീം പാറക്കൽ ക്ലബ് അധികൃതർക്ക് കൈമാറി. ഇതിനായി അവസരം നൽകിയ ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യൻ കമ്മിറ്റിയോടുള്ള നന്ദി ബ്ലൂസ്റ്റാർ ക്ലബ് അധികൃതർ അറിയിക്കുകയുണ്ടായി.
കുട്ടിയുടെ ചികിത്സക്കായുള്ള ധനശേഖരണം തുടർന്നുകൊണ്ടിരിക്കുകയാണെന്നും പിരിഞ്ഞുകിട്ടുന്ന തുക ഒന്നിച്ചു ചികിത്സക്കായി നൽകുന്നതാണെന്നും ഇതുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്ക് ക്ലബ് ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണെന്നും ക്ലബ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.