ജിദ്ദ: ആറ് പതിറ്റാണ്ട് രാഷ്ട്രീയ നേതാവായും ഭരണകർത്താവായും പൊതുപ്രവർത്തന രംഗത്ത് നിറസാന്നിധ്യമായിരുന്ന ഉമ്മൻ ചാണ്ടി പൊതുപ്രവർത്തന രംഗത്തെ വിസ്മയമാണെന്ന് പ്രവാസി യു.ഡി.എഫ്. മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. നിരാലംബർക്കും അശരണർക്കും താങ്ങും തണലുമായിരുന്ന ഉമ്മൻ ചാണ്ടി സാധാരണക്കാർക്ക് പ്രാപ്യനായ നേതാവും ഭരണാധികാരിയുമായിരുന്നു.
ജനസമ്പർക്ക പരിപാടിയും വിവിധ ക്ഷേമപദ്ധതികളും ഇടപെടലുകളും അദ്ദേഹത്തെ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പ്രിയങ്കരനാക്കി. മുഖ്യമന്ത്രിയായിരുന്ന കാലത്ത് തന്റെ ഓഫിസിന്റെ പ്രവർത്തനങ്ങൾ സദാസമയവും വെബ്സൈറ്റിലൂടെ സംപ്രേഷണം ചെയ്തിരുന്നത് ഭരണനിർവഹണത്തിൽ സുതാര്യത ഉറപ്പുവരുത്തുന്ന അപൂർവമായ നടപടിയായിരുന്നു.
അപവാദ പ്രചാരണങ്ങൾ കൊടുമ്പിരികൊണ്ടപ്പോൾ ഒളിച്ചോടാതെ സധൈര്യം ക്ഷമയോടെയും സഹിഷ്ണുതയോടെയും നേരിട്ട ഉമ്മൻ ചാണ്ടിയായിരുന്നു ശരിയെന്നു കാലം തെളിയിച്ചു.
ഇല്ലാക്കഥകൾ പ്രചരിപ്പിച്ചു വേട്ടയാടിയവരോടും കല്ലെറിഞ്ഞവരോടും പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യാനുള്ള ഉമ്മൻ ചാണ്ടിയുടെ ഹൃദയവിശാലത മറ്റു നേതാക്കളിൽനിന്നും ഭരണാധികാരികളിൽനിന്നും ഉമ്മൻ ചാണ്ടിയെ വ്യത്യസ്തനാക്കുന്നതാണെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
പ്രവാസികളോട് വലുപ്പച്ചെറുപ്പമില്ലാതെ ഹൃദയബന്ധമുണ്ടായിരുന്ന ഉമ്മൻ ചാണ്ടി പ്രവാസികൾക്ക് ആശ്രയവും അഭയവുമായിരുന്നു. നിതാഖാത് സമയത്ത് സൗജന്യ വിമാന ടിക്കറ്റ് നൽകിയതുൾപ്പെടെ പ്രവാസികൾക്ക് ആശ്വാസകരമായ നടപടികളും വിവിധ പ്രശ്നങ്ങളിൽ നിരന്തരമായ ഇടപെടലുകളും നടത്തിയ ഉമ്മൻ ചാണ്ടിയുടെ വിയോഗം നാടിനും പ്രവാസലോകത്തിനും അപരിഹാര്യമായ നഷ്ടമാണുണ്ടാക്കിയത്. മുന്നണി രാഷ്ട്രീയം കൈകാര്യം ചെയ്യാൻ ഉമ്മൻ ചാണ്ടിക്കുണ്ടായിരുന്ന അനിതര സാധാരണമായ രാഷ്ട്രീയവൈഭവം യു.ഡി.എഫിന് വലിയ കരുത്ത് നൽകിയതായും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
പ്രവാസി യു.ഡി.എഫ് മലപ്പുറം ജില്ല ചെയർമാൻ ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു. അബൂബക്കർ അരിമ്പ്ര (കെ.എം.സി.സി), സി.എം. അഹ്മദ് (ഒ.ഐ.സി.സി), റഫീഖ് പത്തനാപുരം (നവോദയ), യൂസുഫ് പരപ്പൻ (പ്രവാസി സാംസ്കാരിക വേദി), ഹനീഫ കാസർകോട് (ഐ.സി.എഫ്), ഹംസ നിലമ്പൂർ (ഇന്ത്യൻ ഇസ്ലാഹി സെൻറർ), നസീർ വാവക്കുഞ്ഞ് (ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം), നാസർ ചാവക്കാട് (ഐ.ഡി.സി), ബേബി നീലാമ്പ്ര (സിഫ്), സുൾഫിക്കർ ഒതായി (മീഡിയ ഫോറം), മിർസ ഷെരീഫ് (ഗായകൻ), കബീർ കൊണ്ടോട്ടി (ജിദ്ദ പൗരാവലി), ഖാജാ സാഹിബ് (ജിദ്ദ തമിഴ് സംഘം), നാസർ വെളിയംകോട് (സൗദി ഇന്ത്യൻ അസോസിയേഷൻ), ജാഫറലി പാലക്കോട്, സൈഫു വാഴയിൽ (നിയോ ജിദ്ദ), ഉണ്ണി തെക്കേടത്ത്, ബഷീർ പരുത്തിക്കുന്നൻ (മൈത്രി ജിദ്ദ), ഹസൻ കൊണ്ടോട്ടി, റഹീം കാക്കൂർ (ജിദ്ദ മ്യൂസിക് ലവേഴ്സ്), റാഫി ബീമാപ്പള്ളി, വിലാസ് അടൂർ (വേൾഡ് മലയാളി ഫോറം), കൊയിസ്സൻ ബീരാൻ (കണ്ണമംഗലം കൂട്ടായ്മ), മൗഷ്മി ഷെരീഫ് (ഒ.ഐ.സി.സി വനിത വിങ്), യു.ഡി.എഫ് നേതാക്കളായ റസാഖ്, ഹുസൈൻ ചുള്ളിയോട്, ജലാൽ തേഞ്ഞിപ്പലം, മുസ്തഫ പെരുവള്ളൂർ, ലത്തീഫ് മുസ്ലിയാരങ്ങാടി, മുജീബ് തൃത്താല, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, അഹ്സാബ് വർക്കല, സഹീർ മാഞ്ഞാലി, പ്രിൻസാദ് പാറായി, അഷ്റഫ് വടക്കേക്കാട്, മുഹമ്മദലി തിരൂർ എന്നിവർ സംസാരിച്ചു. പ്രവാസി യു.ഡി.എഫ് മലപ്പുറം ജില്ല കൺവീനർ ഹബീബ് കല്ലൻ സ്വാഗതവും ഇസ്മാഈൽ കൂരിപ്പൊയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.