റിയാദ്: കൈമാറിക്കിട്ടിയ വാഹനത്തിൽനിന്ന് വേദനസംഹാരി ഗുളികകൾ പിടിച്ച കേസിൽ മലയാളിക്ക് ഏഴു മാസം തടവും നാടുകടത്തലും ശിക്ഷ. വാഹനങ്ങൾ കൈമാറി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാത്തതാണ് സൗദി കിഴക്കൻ പ്രവിശ്യയിൽ ജോലി ചെയ്തിരുന്ന ഈ മലയാളിയെ കുരുക്കിലാക്കിയത്.
വാഹനപരിശോധനക്കിടെയാണ് ഈ മരുന്നുകൾ സുരക്ഷ വകുപ്പ് കണ്ടെത്തിയത്. ഇത് സൗദിയിൽ വിതരണം ചെയ്യുന്നതിന് ആരോഗ്യമന്ത്രാലയം നിയന്ത്രണമേർപ്പെടുത്തിയ വേദനസംഹാരി ഗുളികകളായിരുന്നു. ഡോക്ടറുടെ നിർദേശാനുസരണമല്ലാതെ സൂക്ഷിക്കാനോ ഉപയോഗിക്കാനോ പാടില്ല. ഇതിനുമുമ്പ് ഈ വാഹനം ഓടിച്ചിരുന്നയാൾ ഡോക്ടറുടെ നിർദേശപ്രകാരം വാങ്ങി സൂക്ഷിച്ചതായിരുന്നു. ഇക്കാര്യം വാഹനം കൈമാറിക്കിട്ടിയപ്പോൾ ഈ മലയാളി അറിഞ്ഞിരുന്നില്ല. റോഡിൽ പരിശോധനക്കിടെ ബന്ധപ്പെട്ട സുരക്ഷ വകുപ്പ് വാഹനത്തിനുള്ളിൽനിന്ന് മരുന്നുകൾ കണ്ടെത്തി. ഡോക്ടറുടെ കുറിപ്പടി ഉണ്ടായിരുന്നെങ്കിൽ പ്രശ്നമാവില്ലായിരുന്നു. അത് ഹാജരാക്കാൻ പുതിയ ഡ്രൈവർക്ക് കഴിഞ്ഞില്ല. ഇതോടെ ഇയാളെ പ്രതിയാക്കി കേസെടുത്തു. ആദ്യത്തെ ഡ്രൈവർ സൗദി വിട്ടുപോയിരുന്നതിനാൽ ആ ഒരു പിടിവള്ളിയും ഇല്ലാതായി. തുടർന്നാണ് കോടതി ഏഴുമാസത്തെ തടവും അതിനുശേഷം നാടുകടത്തലും ശിക്ഷിച്ചത്. സാമൂഹിക പ്രവർത്തകനായ സിദ്ദീഖ് തുവ്വൂർ ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. അന്വേഷണത്തിൽ ശിക്ഷ വിധിക്കപ്പെട്ടയാൾ നിരപരാധിയാണെന്ന് മനസ്സിലായിട്ടുണ്ട്. പ്രശ്നപരിഹാരത്തിന് ശ്രമം ആരംഭിച്ചിരിക്കുകയാണ്.
ഇതുപോലെ കൈമാറിക്കിട്ടുന്ന വാഹനം ഉപയോഗിക്കുന്നവർ നിരവധിയുണ്ട്. അത് തൽക്കാലത്തേക്ക് സുഹൃത്തിന്റെ വാഹനമാവാം അല്ലെങ്കിൽ യൂസ്ഡ് കാർ വാങ്ങിയതാവാം. കാറുകൾ വാടകക്കെടുത്തും കമ്പനികളിൽ തൽക്കാലാടിസ്ഥാനത്തിൽ വാഹനങ്ങൾ ഉപയോഗിച്ചുകൊണ്ടുമാവാം. ഇത്തരത്തിൽ സ്ഥിരമായല്ലാതെ ഏതൊരു വാഹനവും ഉപയോഗിക്കേണ്ടിവരുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഇതുപോലെ പെട്ടുപോകും.
ഇത്തരത്തിൽ നിരവധി കേസുകളാണ് സാമൂഹിക പ്രവർത്തകർക്കു മുന്നിൽ സഹായത്തിനായി എത്തുന്നത്. ചിലപ്പോൾ ഇതുപോലെ മരുന്നുകളാവാം മറ്റു ചിലപ്പോൾ സൗദിയിൽ നിയന്ത്രണത്തിലുള്ള മറ്റെന്തെങ്കിലുമാവാം. ഇങ്ങനെയുള്ള സംഭവങ്ങളിൽ അറിഞ്ഞോ അറിയാതെയോ നിരവധി പേരാണ് പെട്ടുപോകുന്നത്. ഇത് ഒഴിവാക്കാൻ, വാഹനങ്ങൾ കൈയിൽ കിട്ടുമ്പോൾ സൂക്ഷ്മപരിശോധന നടത്തുകയാണ് പോംവഴി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.