സെക്കുലർ റാലിക്കെതിരെ വിമത ഐ.എൻ.എൽ സെക്രട്ടറി സമർപ്പിച്ച ഹരജി തള്ളി - ഐ.എം.സി.സി

ജിദ്ദ: മെയ് 26 ന് കോഴിക്കോട് നടക്കാനിരിക്കുന്ന ഐ.എൻ.എൽ സെക്കുലർ ഇന്ത്യ റാലി തടയണമെന്നാവശ്യപ്പെട്ട് വിമത ഐ.എൻ.എൽ സെക്രട്ടറി സമർപ്പിച്ച ഹരജി കോഴിക്കോട് സബ് കോടതി തള്ളിയതായി ഐ.എം.സി.സി, ജി.സി.സി കമ്മിറ്റി ചെയർമാൻ എ.എം. അബ്ദുള്ളകുട്ടി പ്രസ്താവിച്ചു.

പ്രൊഫ. എ.പി അബ്ദുൽ വാബിനെതിരെയും നാസർ കോയ തങ്ങൾക്കെതിരെയും നിരവധി കേസുകൾ കൊടുത്ത് പൊതു ശല്യക്കാരനായ കാസിം ഇരിക്കൂറിന്റെ മന്ത്രി വിഭാഗത്തിന് വേണ്ടിയുള്ള ആവശ്യം കോടതി പൂർണമായും തിരസ്കരിച്ചു. 99 ശതമാനം ക്രമീകരണങൾ പൂർത്തിയാക്കിയ സെക്കുലർ ഇന്ത്യാ റാലി തടയണമെന്ന് അവസാന മണിക്കൂറിൽ ആവശ്യപ്പെടാൻ എന്ത്‌ ന്യായീകരണമാണെന്ന കോടതിയുടെ ചോദ്യത്തിന് മുമ്പിൽ പകച്ചു പോയ ഹരജിക്കാരനോട് റാലി തടയേണ്ട ഒരു സാഹചര്യവും ഇല്ലെന്ന് കോടതി തുറന്നു പറഞ്ഞു.

കേസിന്റെ നാൾവഴികൾ നിരീക്ഷിച്ച കോടതി റാലി തടയുക എന്ന ഹരജിയിലെ ആവശ്യത്തെ നിരാകരിക്കുക മാത്രമല്ല, റാലിയിലും തുടർന്നുള്ള സമ്മേളനത്തിലും ഹരജിക്കാരന്റെ അനുയായികൾ കുഴപ്പങ്ങൾ ഉണ്ടാക്കുവാനുള്ള സാധ്യത മുന്നിൽ കണ്ടു റാലിയെയും സമ്മേളനത്തെയും നിരീക്ഷിക്കാൻ കമ്മീഷനെ നിയോഗിക്കാനും നിർദ്ദേശിച്ചുകൊണ്ട് കോടതി റാലിക്കു സുരക്ഷിത സാഹചര്യം ഉറപ്പ് വരുത്തുകയും ചെയ്തതായി എ.എം. അബ്ദുള്ളകുട്ടി പറഞ്ഞു.

കോടതി വിധിയെ ഐ.എൻ.എൽ നേതാക്കൾ സ്വാഗതം ചെയ്തിട്ടുണ്ടെന്നും മുൻ നിശ്ചയ പ്രകാരം യാതൊരു മാറ്റങ്ങളും ഇല്ലാതെ വെള്ളിയാഴ്ച വൈകീട്ട് റാലിയും പൊതുസമ്മേളനവും നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് നേതാക്കൾ അറിയിച്ചതായും കോടതി വിധിയെ ഐ.എം.സി.സി സൗദി കമ്മിറ്റിയും ജി.സി.സി കമ്മിറ്റിയും സ്വാഗതം ചെയ്യുന്നതായും എ.എം. അബ്ദുള്ളകുട്ടി അറിയിച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.