മക്ക: അറഫയുടെ മണ്ണിൽ പ്രാർഥനയുടെ മഹാസംഗമം തുടങ്ങി. 24 ലക്ഷത്തിലധികം തീർഥാടകർ അറഫയിൽ സംഗമിച്ചതായാണ് പ്രാഥമിക കണക്ക്. സൗദി സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം തിങ്കളാഴ്ച പുലർെച്ച അഞ്ച് മണിക്ക് പുറത്തു വിട്ട കണക്ക് പ്രകാരം 23,68,873 ഹാജിമാർ പുണ്യഭൂമിയിൽ എത്തി. അറഫയിലേക്കുള്ള തീർഥാടക പ്രവാഹം ഉച്ച വരെ തുടരുന്നതിനാൽ ഇത് 24 ലക്ഷം കവിയുമെന്നാണ് അധികൃതർ നൽകുന്ന സൂചന. അക്ഷരാർഥത്തിൽ ജനസാഗരമായിരിക്കയാണ് അറഫ.
കാര്യമായ അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെയാണ് ഹജ്ജിലെ ഏറ്റവും പ്രധാനചടങ്ങായ അറഫ സംഗമം നടക്കുന്നത്. 41 ഡിഗ്രിയാണ് അറഫയിൽ അന്തരീക്ഷ ഉൗഷ്മാവ്. എല്ലാ ഹാജിമാർക്കും കുടകൾ വിതരണം ചെയ്തിട്ടുണ്ട്. ഇന്ത്യൻ ഹാജിമാർ കാര്യമായ പ്രയാസങ്ങളൊന്നുമില്ലാതെ അറഫയിൽ എത്തി. ത്രിവർണ നിറത്തിലുള്ള കുടകൾ ചൂടിയാണ് ഇന്ത്യൻ ഹാജിമാർ നിൽക്കുന്നത്.
ഞായറാഴ്ച രാത്രി ശക്തമായ പൊടിക്കാറ്റും മഴയും ഉണ്ടായിരുന്നു. അതിനാൽ ചൂടിെൻറ കാഠിന്യത്തിന് നേരിയ കുറവ് അനഭവപ്പെട്ടു. ദുഹർ നമസ്കാരത്തിന് മുമ്പ് അറഫ പ്രഭാഷണം നടന്നുകൊണ്ടിരിക്കയാണ്. ഖുതുബക്കും നമസ്കാരത്തിനും ഡോ. ഹുസൈൻ ബിൻ അബ്ദുൽ അസീസ് ആലുശൈഖ് ആണ് നേതൃത്വം നൽകുന്നത്. തിങ്കളാഴ്ച സൂര്യാസ്തമയം വരെ ഹാജിമാർ അറഫയിൽ നിൽക്കും. കണ്ണീരണിഞ്ഞ പ്രാർഥനയിൽ മുഴുകിയിരിക്കയാണ് ഹാജിമാർ.
അറഫയിലെ കിംഗ് ഫൈസൽ പാലത്തിനു സമീപ൦ രണ്ടു മെട്രോ സ്റ്റേഷനുകൾക്ക് അടുത്താണ് ഇന്ത്യൻ ഹാജിമാർ നിൽക്കുന്നത്. ഇന്ത്യൻ ഹജ്ജ് മിഷന്‍റെ ഒഫീസും ഇവിടെ സജ്ജമാണ്. അസുഖമായി കിടന്ന അഞ്ച് മലയാളി ഹാജിമാരെ അറഫയിൽ എത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.