മക്ക: ലോകത്തിലെ ഏറ്റവും വലിയ മാനവ മഹാസംഗമത്തിനായി അറഫ മൈതാനം ഒരുങ്ങി. 20 ലക്ഷത്തിലേറെ ഹജ്ജ് തീർഥാടകരാണ് അറഫയിൽ സംഗമിക്കുന്നത്. നമിറാ പള്ളിയിൽ ശനിയാഴ്ച ഉച്ചക്ക് അറഫാ പ്രഭാഷണത്തോടെയാണ് ചടങ്ങുകൾക്ക് പ്രാരംഭം കുറിക്കുക. മധ്യാഹ്ന൦ മുതൽ സൂര്യാസ്തമനം വരെയാണ് അറഫയിൽ ഹാജിമാർ സമ്മേളിക്കുക. പ്രവാചകൻ മുഹമ്മദ് നബി ഹജ്ജ് വേളയിൽ നടത്തിയ ചരിത്ര പ്രാധാനമായ പ്രഭാഷണത്തെ അനുസ്മരിച്ചാണ് മസ്ജിദുനമിറയിലെ അറഫ പ്രഭാഷണം.
മുതിർന്ന പണ്ഡിതനും ഹറം ഇമാമുമായ ഡോ. മാഹിർ ബിൻ ഹമദ് അൽമുഹൈഖ്ലിയാണ് ഇത്തവണ അറഫ പ്രഭാഷണം നിർവഹിക്കുന്നത്. മലയാളമുൾപ്പടെ 50 ലോക ഭാഷകളിൽ ഇത് വിവർത്തനം ചെയ്യും. തുടർന്ന് ളുഹർ, അസർ നമസ്കാരങ്ങൾ ചുരുക്കി ഒരുമിച്ച് നമസ്കരിക്കും. വൈകുന്നേരം വരെ പാപമോചന പ്രാർഥനകളും ദൈവസ്മരണയുമായി തീർഥാടകർ അറഫയിൽ നിൽക്കും.
അറഫയിലേക്ക് ആരംഭിച്ച തീർഥാടക പ്രവാഹം ശനിയാഴ്ച ഉച്ചവരെ നീളും. അറഫയിലേക്കുള്ള ഒരോ വഴിയും ചെറുതും വലുതുമായ തീർഥാടക സംഘങ്ങളെ കൊണ്ട് കവിഞ്ഞൊഴുകുകയാണ്. ആശുപത്രികളിൽ കഴിയുന്ന തീർഥാടകരെ ഉച്ചയോടെ ആംബുലൻസ് വഴിയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിച്ചവരെ എയർ ആംബുലൻസ് വഴിയും അറഫയിൽ എത്തിക്കും.
സൂര്യാസ്തമയം കഴിഞ്ഞാൽ ഉടൻ തീർഥാടകർ മുസ്ദലിഫയിലേക്ക് നീങ്ങും. ആകാശം മേൽക്കൂരയാക്കി രാത്രി അവിടെ വിശ്രമിച്ച ശേഷം ഞായറാഴ്ച പുലർച്ചെ ജംറയിൽ പിശാചിനെ കല്ലെറിഞ്ഞു, മുടി മുറിക്കുന്നതോടെ ഹജ്ജിന് അർദ്ധവിരാമമാവും. ശേഷം മിനായിലെ കൂടാരത്തിലേക്ക് തിരിച്ചെത്തി വിശ്രമിച്ച ശേഷമാണ് മറ്റു കർമങ്ങൾ പൂർത്തിയാക്കുക.
സുരക്ഷക്കായി വിവിധ പട്ടാള വിഭാഗങ്ങൾ ഉൾപ്പടെ ഒരു ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരാണ് വിവിധയിടങ്ങളിൽ നിലയുറപ്പിച്ചിട്ടുള്ളത്.
ഇന്ത്യയിൽനിന്നെത്തിയ ഒന്നേ മുക്കാൽ ലക്ഷം ഹാജിമാരും അറഫയിൽ സംഗമിക്കും. അറഫയിലും ഇന്ത്യൻ ഹജ്ജ് മിഷൻ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അറഫയിൽ മശാഇർ റെയിൽവേ രണ്ടാം നമ്പർ സ്റ്റേഷൻ പരിസരത്തിലാണ് ഇന്ത്യൻ തീർഥാടകർക്ക് ഒരുക്കിയ താമസകേന്ദ്രം. ഇത്തവണ ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയവരിൽ 53,000 തീർഥാടകർക്ക് മെട്രോ ട്രെയിൻ സൗകര്യമുണ്ട്. 20 മിനിറ്റ് കൊണ്ട് മിനായിൽ നിന്നും അറഫയിൽ അവർക്ക് എത്താനാവും. മറ്റുള്ളവർ ബസ് മാർഗമാണ് അറഫയിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.