ജിദ്ദ: ജിദ്ദയിൽ വീണ്ടും കനത്ത മഴ. വ്യാഴാഴ്ച രാത്രിയാണ് നഗരത്തിൽ ഇടിയോട് കൂടി മഴ കോരിച്ചൊരിഞ്ഞത്. വൈകുന്നേരം മുതൽ മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് വന്നിരുന്നുവെങ്കിലും രാത്രി പത്ത് മണിക്ക് ശേഷമാണ് മഴ തുടങ്ങിയത്. നിർത്താതെ ഇടവിട്ട് പെയ്ത മഴ ജിദ്ദ നഗരത്തിലെ പല താഴ്ന്ന ഭാഗങ്ങളെയും വെള്ളത്തിലാഴ്ത്തി. മുൻകരുതലായി പല റോഡുകളും അടച്ചു. മഴ കനത്തതോടെ സിവിൽ ഡിഫൻസ് മൊബൈൽ ഫോൺ വഴി സൈറൺ പോലെ അടിയന്തിര മുന്നറിയിപ്പ് ശബ്ദസന്ദേശങ്ങൾ അയച്ചു. ജാഗ്രത പാലിക്കാനും സുരക്ഷിതമായ സ്ഥലത്ത് തുടരാനും സിവിൽ ഡിഫൻസ് സന്ദേശത്തിൽ ആവശ്യപ്പെട്ടു. വടക്ക് ഭാഗത്താണ് ആദ്യം മഴ തുടങ്ങിയത്.
റോഡുകളിലുണ്ടായ വെള്ളക്കെട്ട് ഗതാഗതത്തെ ബാധിച്ചു. ചിലയിടങ്ങളിൽ വാഹനങ്ങൾ തകരാറിയായി. താമസകേന്ദ്രങ്ങളിൽ നിന്ന് പുറത്തുപോയ പലരും തിരിച്ചുവരാനാകെ വഴിയിൽ കുടുങ്ങി. വിമാനങ്ങളുടെ പോക്കുവരവുകളെയും മഴ ബാധിച്ചു. കനത്ത മഴയെ തുടർന്ന് ചില വിമാനങ്ങളുടെ പുറപ്പെടൽ വൈകിയതായി ജിദ്ദ വിമാനത്താവള ഓഫീസ് അറിയിച്ചു. പുതുക്കിയ വിമാന സമയം അറിയാൻ വിമാനകമ്പനികളുമായി ബന്ധപ്പെടാൻ യാത്രക്കാരോട് ആവശ്യപ്പെട്ടു.
ഏറ്റവും കൂടുതൽ മഴയുണ്ടായത് ബസാതീൻ ഡിസ്ട്രിക്റ്റിലാണ്. ബസാതീനിൽ രാത്രി 11 വരെ 44 മില്ലിമീറ്റർ മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ ഖഹ്താനി പറഞ്ഞു. മഴ തുടരുമെന്നും കാലാവസ്ഥ മാറ്റം മുഴുസമയം കേന്ദ്രം നിരീക്ഷിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട വകുപ്പുകൾക്ക് അപ്പപ്പോൾ വിവരങ്ങൾ കൈമാറുന്നുണ്ടെന്നും വക്താവ് പറഞ്ഞു. മക്ക മേഖലയിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രം ഉച്ച മുതലേ മുന്നറിയിപ്പ് നൽകികൊണ്ടിരുന്നു. ഇതേ തുടർന്ന് ബന്ധപ്പെട്ട എല്ലാ വകുപ്പുകളും മുൻകരുതലെടുത്തിരുന്നു.
സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തന ഉപകരണങ്ങൾ, ബോട്ടുകൾ, അഗ്നിശമന ഉപകരണങ്ങൾ എന്നിവ വെള്ളപൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ നേരത്തെ വിന്യസിച്ചു. മക്ക, ജിദ്ദ എന്നിവിടങ്ങളിലെ സായാഹ്ന സ്കൂളുകൾക്ക് വ്യാഴാഴ്ച അവധി നൽകി. ജിദ്ദ, മക്ക, ഖുൻഫുദ, അലീത്, ബഹ്റ എന്നിവിടങ്ങളിൽ റോഡ് ഉപയോഗിക്കുന്നവരോട് വേണ്ട മുൻകരുതലെടുക്കാൻ റോഡ് സുരക്ഷ വിഭാഗം ആവശ്യപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് മക്കയുടെ വിവിധ ഭാഗങ്ങളിലും മഴയുണ്ടായി. മുൻകരുതലെന്നോണം ത്വാഇഫിലെ അൽഹദാ റോഡും ഇരുഭാഗത്തേക്കും അടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.