ദമ്മാം: ദമ്മാം കിങ് ഫഹദ് കോസ്വേയിൽ പാസ്പോർട്ട് നടപടികൾക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പാസ്പോർട്ട് ഒാഫിസ് മേധാവി കേണൽ ദുവൈഹി അൽസഹ്ലി വ്യക്തമാക്കി. മേയ് 17ന് തിങ്കളാഴ്ച രാജ്യത്തെ കര, വ്യോമ, കടൽ കവാടങ്ങൾ തുറക്കുന്നതിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിലായാണ് സൗദിക്കും ബഹ്റൈനുമിടയിലെ അതിർത്തി കടക്കുന്നതിനു വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയത്.
പത്ത് ട്രാക്കുകൾ അധികമായി ഒരുക്കിയിട്ടുണ്ട്. ഇതോടെ ബഹ്റൈനിൽനിന്ന് വരുന്ന ഭാഗത്തെ മൊത്തം ട്രാക്കുകളുടെ എണ്ണം 27 ആകും. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് യാത്രക്കാർ നിശ്ചിത നിബന്ധനകൾ പൂർത്തിയാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും കോസ്വേ പാസ്പോർട്ട് മേധാവി പറഞ്ഞു.
അതേസമയം, ബഹ്റൈനിലേക്ക് പോകുന്നവർക്ക് വേണ്ട യാത്രാനിർദേശങ്ങൾ കോസ്വേയിൽ നൽകുമെന്നു കിങ് ഫഹദ് കോസ്വേ ഒാഫിസ് വ്യക്തമാക്കി. സ്വദേശികൾക്കും വിദേശികൾ വെവ്വേറെ പാതകളുണ്ടാകും. ഇടത് പാത സ്വദേശികൾക്കും വലത്തെ പാത വിവിധ രാജ്യക്കാർക്കുമായിരിക്കും. യാത്രാനടപടികൾ എളുപ്പമാകാൻ മുഴുവനാളുകളും യാത്രാനിബന്ധനകൾ പൂർത്തിയാക്കിയതായി ഉറപ്പുവരുത്തണമെന്നും ഒാഫിസ് ഉണർത്തി. യാത്രക്കാർക്ക് പാസ്പോർട്ട് കൗണ്ടറിൽ ആരോഗ്യസ്റ്റാറ്റസ് ആപ് കാണിച്ചുകൊടുക്കുന്നതിനു ബഹ്റൈൻ പാസ്പോർട്ട് വകുപ്പുമായി സഹകരിച്ച് ഫ്രീ വൈഫൈ സൗകര്യമേർപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.