ഷമാസിയയിലെ തോട്ടത്തിൽ ഈത്തപ്പഴ വിളവെടുപ്പ് ഉദ്ഘാടനം ഖസീം ഗവർണർ അമീർ ഫൈസൽ ബിൻ മിഷാൽ ബിൻ സഊദ് ബിൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു

കർഷകർക്ക് പ്രോത്സാഹനവുമായി ഖസീം ഗവർണർ

ബുറൈദ: പ്രവിശ്യയിലെ കർഷകരെയും തൊഴിൽ സംരംഭങ്ങളെയും അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ച് ഖസീം ജനതയുടെ മനം കവരുകയാണ് ഗവർണർ അമീർ ഡോ. ഫൈസൽ ബിൻ മിഷാൽ ബിൻ സഊദ് ബിൻ അബ്ദുൽ അസീസ്.

കഴിഞ്ഞ കുറെ വർഷങ്ങളായി ഈന്തപ്പന കൃഷിക്കും ഈത്തപ്പഴ വിപണനത്തിനും അദ്ദേഹം നൽകുന്ന പ്രോത്സാഹനവും പിന്തുണയും ഈ രംഗത്ത് വലിയൊരു മുന്നേറ്റമാണ് സൃഷ്ടിച്ചിട്ടുള്ളത്. വിദഗ്ധാഭിപ്രായങ്ങൾ സ്വീകരിച്ചും ആവശ്യമായ നിർദേശങ്ങൾ യഥാസമയം കൈമാറിയും അദ്ദേഹം ഈ മേഖലക്ക് പകർന്നുനൽകിയ ഉണർവ് പ്രകടമാണ്. ലോകത്തിലെ ഏറ്റവും വലിയ ഈത്തപ്പഴ ഉത്സവത്തിന് ബുറൈദ ഈത്തപ്പഴ നഗരിയെ പ്രാപ്തമാക്കിയതിലും അതിന്റെ സംഘാടനത്തിന്റെ മേൽനോട്ടം ഏറ്റെടുത്തതിലും ഗവർണറുടെ ദീർഘവീക്ഷണം കാണാം.

കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ആവിഷ്കരിച്ച 'വിഷൻ 2030'ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് രാഷ്ട്രത്തിന്റെ എണ്ണയിതര വരുമാന സ്രോതസ്സുകളുടെ പരിപോഷണമാണ്. ഈ വർഷത്തെ ഈത്തപ്പഴ മേള 10 ദിവസം പിന്നിട്ടപ്പോൾ എട്ട് കോടിയോളം റിയാലിന്റെ വിപണനം നടന്നു എന്ന റിപ്പോർട്ട് തന്നെ ഗവർണറേറ്റിന്റെ ലക്ഷ്യം നിറവേറുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. പ്രവിശ്യ തലസ്ഥാനമായ ബുറൈദയിൽ കൃഷി, ജല, പരിസ്ഥിതി മന്ത്രാലയവും പാചക കലാഅതോറിറ്റിയും മുനിസിപ്പാലിറ്റിയും കൈകോർത്താണ് ഈത്തപ്പഴ മേള സംഘടിപ്പിക്കുന്നതെങ്കിൽ രണ്ടാം നഗരമായ ഉനൈസയിൽ ചേംബർ ഓഫ് കോമേഴ്‌സാണ് മേളക്ക് മുൻകൈയെടുക്കുന്നത്.

ഇതിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഗവർണർ ചേംബർ സന്ദർശിക്കുകയും മേളയിൽ സ്വദേശി യുവസമൂഹത്തെ പങ്കാളികളാക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തു. താരതമ്യേന ചെറിയ പ്രദേശമായ ഷമാസിയയിലെ തോട്ടത്തിൽ ഈത്തപ്പഴ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യാൻ അമീർ ഫൈസൽ നേരിട്ടെത്തിയത് കർഷകരുടെ ആഹ്ലാദം വാനോളമുയർത്തി.

സ്വൽബിയയിലെ മുന്തിരിയുത്സവ നഗരി സന്ദർശിച്ച ഗവർണർ കർഷകരും സംഘാടകരുമായി സന്തോഷം പങ്കിട്ടാണ് മടങ്ങിയത്.

പാചകകലയുടെ ഗൾഫ് മേഖലയിലെ ഒന്നാം നഗരമായും അറബ് ലോകത്തെ രണ്ടാം നഗരമായും ബുറൈദ യുനെസ്കോയിൽ ഇടം നേടിയതും ഡോ. ഫൈസൽ ബിൻ മിഷാൽ ബിൻ സഊദിന്റെ നേതൃപാടവത്തെ അടയാളപ്പെടുത്തിയ സംഭവങ്ങളാണ്.

Tags:    
News Summary - Qaseem Governor with encouragement to farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.