സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ അൽതാനിയും തമ്മിൽ ചർച്ച നടത്തുന്നു.

സൗദി കിരീടാവകാശിയും ഖത്തർ അമീറും ജിദ്ദയിൽ ചർച്ച നടത്തി

ജിദ്ദ: സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ അൽതാനിയും തമ്മിൽ ചർച്ച നടത്തി. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ക്ഷണം സ്വീകരിച്ച്​ തിങ്കളാഴ്ച രാത്രിയാണ്​ ഖത്തർ അമീർ സൗദിയിലെത്തിയത്​. ജിദ്ദ കിങ് അബ്ദുൽഅസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഖത്തർ അമീറിനെയും സംഘത്തെയും കിരീടാവകാശി സ്വീകരിച്ചു. സൽമാൻ രാജാവി​ന്റെ അഭിവാദ്യങ്ങൾ കിരീടാവകാശി ഖത്തർ അമീറിനെ അറിയിച്ചു. സൗദി അറേബ്യ വീണ്ടും സന്ദർശിക്കാനായതിലും കിരീടാവകാശിയുമായി കൂടിക്കാഴ്​ച നടത്താനായതിലുമുള്ള സന്തോഷം ഖത്തർ അമീർ പ്രകടിപ്പിച്ചു. സൽമാൻ രാജാവിനു അഭിവാദ്യം നേരുകയും ചെയ്​തു.


ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ വെച്ച് നടന്ന ചർച്ചയിൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ, വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം, അവ പിന്തുണയ്​ക്കുന്നതിനും വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ എന്നിവ ഇരുവരും ചർച്ച ചെയ്​തു. പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും വിലയിരുത്തി. സ്​റ്റേറ്റ്​ മന്ത്രി അമീർ തുർക്കി ബിൻ മുഹമ്മദ്​ ബിൻ ഫഹദ്​, പ്രതിരോധ ​സഹമന്ത്രി അമീർ ഖാലിദ്​ ബിൻ സൽമാൻ, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, സ്​റ്റേറ്റ്​ മന്ത്രിയും ദേശീയ സുരക്ഷ ഉപദേശകനുമായ ഡോ. മുസാഇദ്​ ബിൻ മുഹമദ്​ അൽഅയ്​ബാൻ, പൊതു നിക്ഷേപ ഫണ്ട്​ ഗവർണർ യാസിർ ബിൻ ഉസ്​മാൻ അൽറുമയാൻ എന്നിവർ സംബന്ധിച്ചിരുന്നു.

ഖത്തറി​ന്റെ ഭാഗത്ത്​ നിന്ന്​ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുറഹ്​മാൻ അൽതാനി, ഖത്തർ ഒളിമ്പിക്​ കമ്മിറ്റി ചെയർമാൻ ശൈഖ്​ ജുആൻ ബിൻ ഹമദ്​ അൽതാനി, ശൈഖ്​ ഖലീഫ ബിൻ ഹമദ്​ അൽതാനി, അമീരി ദീവാൻ മേധാവി ശൈഖ്​ സഊദ്​ ബിൻ അബ്​ദുറഹ്​മാൻ അൽതാനി, വാണിജ്യ വ്യവസായ മന്ത്രിയും ആക്​ടിങ്​ ധനമന്ത്രിയുമായ അലി ബിൻ അഹ്​മദ്​ അൽകവാരി എന്നിവരും ചർച്ച വേളയിൽ സന്നിഹിതരായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.