ജിദ്ദ: റമദാൻ അടുത്തതോടെ മക്ക ഹറമിൽ ഒരുക്കങ്ങൾ തകൃതിയിൽ. ഇരു ഹറം കാര്യാലയത്തിലെ വിവിധ വകുപ്പുകൾക്ക് കീഴിലാണ് ഉംറ തീർഥാടകർക്കും നമസ്കരിക്കാനെത്തുന്നവർക്കും വേണ്ട സേവനങ്ങൾ നൽകാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. ജല, വൈദ്യുതി, ലൈറ്റ് ആൻഡ് സൗണ്ട്, ഒാപറേഷൻ ആൻഡ് മെയിൻറനൻസ്, സുരക്ഷ തുടങ്ങിയ വകുപ്പുകൾക്കു കീഴിൽ നിലവിലെ സജ്ജീകരണങ്ങളും സംവിധാനങ്ങളും പ്രവർത്തനസജ്ജമാണോ, കുറ്റമറ്റതാണോ എന്ന് ഉറപ്പുവരുത്തുന്ന നടപടികൾ പുരോഗമിക്കുകയാണ്.
കോവിഡ് സാഹചര്യത്തിൽ ആരോഗ്യ മുൻകരുതൽ പാലിച്ച് തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനായി വിപുലമായ പദ്ധതികളാണ് ഇത്തവണ മസ്ജിദുൽ ഹറാം കാര്യാലയം ആവിഷ്കരിച്ചിരിക്കുന്നത്. ജീവനക്കാരും തൊഴിലാളികളുമായി 10000ത്തോളം പേർ സേവനത്തിനായി രംഗത്തുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഹറമിലേക്ക് വൈദ്യുതി വിതരണത്തിനായി സ്ഥാപിച്ച പവർ കേന്ദ്രത്തിലെ ട്രാൻസ്ഫോമറുകളുടെയും ഉപകരണങ്ങളുടെയും പ്രവർത്തനശേഷി കഴിഞ്ഞ ദിവസം ഉറപ്പുവരുത്തുകയും ആവശ്യമായ അറ്റക്കുറ്റപ്പണികൾ പൂർത്തിയാക്കുകയും ചെയ്തു. പൊതുസുരക്ഷ, സിവിൽ ഡിഫൻസ്, സൗദി ഇലക്ട്രിക് കമ്പനി, ഒാപറേഷൻ ആൻഡ് മെയിൻറനൻസ് വകുപ്പ്, സെക്യൂരിറ്റി ആൻഡ് സേഫ്റ്റി ഒാഫിസ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് വൈദ്യുതി വിതരണ കേന്ദ്രത്തിലെ ഒരുക്കങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയിരിക്കുന്നത്.
ഹറമിലേക്ക് വൈദ്യുതി എത്തിക്കുന്ന എല്ലാ സംവിധാനങ്ങളും തയാറാണെന്ന് ഉറപ്പുവരുത്തിയതായി ഒാപറേഷൻ ആൻഡ് മെയിൻറനൻസ് ഡയറക്ടർ മുഹ്സിൻ അൽസലമി പറഞ്ഞു. ഹറമിലേക്ക് വൈദ്യുതി എത്തിക്കുന്ന പ്രധാന സ്റ്റേഷനാണ് കുദായ് സ്റ്റേഷൻ. ഹറമിൽനിന്ന് മൂന്നര കിലോമീറ്റർ അകലെയുള്ള ഇൗ കേന്ദ്രത്തിൽ എട്ട് ജനറേറ്ററുകളുണ്ട്. ഒാേട്ടാമാറ്റിക് സംവിധാനത്തിലൂടെയാണ് ജനറേറ്ററുകൾ പ്രവർത്തിക്കുന്നതെന്നും ഒാപറേഷൻ ആൻഡ് മെയിൻറനൻസ് ഡയറക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.