ജിദ്ദ: റമദാനിൽ തീർഥാടകരെയും നമസ്കരിക്കാനെത്തുന്നവരെയും സ്വീകരിക്കാൻ ഇരുഹറമുകളിലും ഒരുക്കങ്ങൾ പൂർത്തിയായതായി ഇരുഹറം കാര്യാലയ വക്താവ് ഹാനീ ഹൈദർ പറഞ്ഞു. അൽഅഖ്ബാരിയ ചാനലുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് വ്യാപനം തടയുന്നതിനാവശ്യമായ മുൻകരുതൽ പാലിച്ചുള്ള പ്രവർത്തന പദ്ധതിയാണ് ആവിഷ്കരിച്ചത്. മസ്ജിദുൽ ഹറാമിൽ ശുചീകരണത്തിനായി സ്ത്രീകളും പുരുഷന്മാരുമായി 5000 പേരുണ്ടാകും. ദിവസവും പത്ത് പ്രാവശ്യം ഹറമിെൻറ എല്ലാ ഭാഗങ്ങളും ശുചീകരിക്കും.
മത്വാഫിൽ ത്വവാഫിനായി 14 പാതകൾ ഒരുക്കിയിട്ടുണ്ട്. രണ്ട് വ്യക്തികൾ തമ്മിൽ ഒന്നര മീറ്റർ സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുമെന്നും വക്താവ് പറഞ്ഞു. തീർഥാടകർക്കും നമസ്കരിക്കാനെത്തുന്നവർക്കും ആരോഗ്യകരമായ അന്തരീക്ഷമുണ്ടാക്കാൻ വേണ്ട ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. മുഴുവൻ ജീവനക്കാരും തൊഴിലാളികളും കോവിഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. കൂടാതെ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താൻ ഇടക്കിടെ പരിശോധനകൾ നടത്തും. ഉംറക്കും നമസ്കാരത്തിനും അനുമതിപത്രം ലഭിക്കുന്നതിനും കോവിഡ് കുത്തിവെപ്പെടുത്തിരിക്കണമെന്ന വ്യവസ്ഥ നിശ്ചയിച്ചതായും വക്താവ് പറഞ്ഞു.
മസ്ജിദുന്നബവിയിയിലും റമദാൻ ഒരുക്കങ്ങൾ പൂർത്തിയായി. കോവിഡ് സാഹചര്യത്തിൽ പ്രതിരോധ മുൻകരുതൽ പാലിച്ചും സന്ദർശകരുടെ ആരോഗ്യ സുരക്ഷക്ക് പ്രഥമ പരിഗണന നൽകിയും വിപുലമായ ഒരുക്കങ്ങളാണ് മസ്ജിദുന്നബവി കാര്യാലയത്തിനു കീഴിലെ ഒരോ വകുപ്പുകളും പൂർത്തിയാക്കിയത്. റമദാനിൽ ഒരു ദിവസം ഒരു ലക്ഷം സംസം കുപ്പികൾ എന്ന നിലയിൽ സന്ദർശകർക്ക് 30 ലക്ഷം വിതരണം ചെയ്യും. ഹറമിെൻറ പഴയ ഭാഗത്ത് വിരിക്കാനായി 450 നമസ്കാര വിരിപ്പുകൾ ഒരുക്കി. ഒരോ നമസ്കാര ശേഷം ഇവ അണുമുക്തമാക്കി ശുചീകരിക്കും. ഹറമിെൻറ വിവിധ ഭാഗങ്ങൾ, മുറ്റങ്ങൾ, കാർ പാർക്കിങ് എന്നിവിങ്ങളിലും അണുമുക്തമാക്കാനും ശുചീകരണത്തിനും പ്രത്യേക പദ്ധതിയുണ്ട്.
ലൈറ്റ് ആൻഡ് സൗണ്ട്, എയർകണ്ടീഷനിങ് തുടങ്ങി സംവിധാനങ്ങളുടെ റിപ്പയറിങ് ജോലികൾ പൂർത്തിയാക്കി. പ്രതിരോധ മുൻകരുതൽ പാലിച്ചായിരിക്കും പള്ളിക്കകത്തേക്കും റൗദയിലേക്കും സന്ദർശകരെ കടത്തുക.
റമദാൻ ഒന്ന് മുതൽ മസ്ജിദുന്നബവിയിലേക്ക് പ്രവേശനത്തിന് കോവിഡ് കുത്തിവെപ്പ് എടുക്കണം. പടിഞ്ഞാറ് ഭാഗത്തെ പുതിയ മുറ്റം നമസ്കാരത്തിനായി ഉപയോഗിക്കും. മുഴുവൻ സ്ഥലങ്ങളിലും സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തും. കാര്യാലത്തിനു കീഴിലേയും ബന്ധപ്പെട്ട വകുപ്പുകൾക്ക് കീഴിലെയും ജീവനക്കാർ നിരീക്ഷണത്തിനുണ്ടാകും. 15 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് പ്രവേശനാനുമതിയില്ല.
ഇരുഹറമുകളിലും വിപുലമായ രീതിയിലുള്ള ഇഫ്താർ സുപ്രകൾ ഉണ്ടാകില്ല. സമൂഹ അകലംപാലിച്ച് വ്യക്തിഗതമായി ആളുകൾക്ക് നോമ്പുതുറ സമയത്ത് ഇൗത്തപ്പഴവും വെള്ളവും മാത്രമായിരിക്കും വിതരണം ചെയ്യുക. ഇഫ്താറിനും അത്താഴത്തിനും പുറത്തുനിന്ന് ഭക്ഷ്യവസ്തുക്കൾ ഹറമിനകത്തേക്കോ മുറ്റങ്ങളിലേക്കോ കൊണ്ടുവരുന്നതും തടയും. അവസാന പത്തിലെ ഇഅ്ത്തികാഫും ഇത്തവണ ഉണ്ടാകില്ല. റമദാനിലെ സേവനങ്ങൾ കാര്യക്ഷമവും വേഗത്തിലുമാക്കാൻ നൂതന സംവിധാനമൊരുക്കി. ശരീരോഷ്മാവ് അളക്കാൻ കവാടങ്ങളിൽ തെർമൽ കാമറകളും അണുമുക്തമാക്കുന്നതിന് സ്മാർട്ട് റോബോട്ടുകളും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.