റിയാദ്: ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള അർമേനിയൻ ഭരണകൂടത്തിെൻറ തീരുമാനത്തെ സൗദി അറേബ്യൻ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967ലെ അതിർത്തികൾക്കുള്ളിൽ ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള നീക്കത്തെ പിന്തുണയ്ക്കുന്ന സുപ്രധാന ചുവടുവയ്പ്പാണ് അർമേനിയൻ തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അന്താരാഷ്ട്ര സമൂഹം പ്രത്യേകിച്ച് പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാത്ത യു.എൻ സ്ഥിരാംഗരാജ്യങ്ങൾ ഇതുപോലെ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ മുന്നോട്ട് വരണമെന്ന് സൗദിയുടെ പതിവ് ആഹ്വാനം ആവർത്തിച്ചു. ഇത് ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണയ്ക്കുകയും അന്താരാഷ്ട്ര സമാധാനത്തിെൻറയും സുരക്ഷയുടെയും അടിത്തറ ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
ഗസ്സയിൽ ഇസ്രായേലിെൻറ ക്രൂരമായ ആക്രമണം പൊട്ടിപ്പുറപ്പെട്ടതിനുശേഷം സൗദി അറേബ്യയും അറബ്, ഇസ്ലാമിക് രാജ്യങ്ങളും ഫലസ്തീൻ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന അടിയന്തരവും സമഗ്രവുമായ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിെൻറ ഭാഗമായി വിവിധ രാജ്യങ്ങളിൽ സൗദി വിദേശകാര്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള അറബ് ഉച്ചകോടി മന്ത്രിതല സമിതി ഇതിനകം സന്ദർശിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തു. ഇതിലേക്കായി അന്താരാഷ്ട്ര സമൂഹത്തെ പ്രേരിപ്പിക്കുന്നതിനുള്ള ഉന്നതതല നയതന്ത്ര ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത് തുടരുകയാണ്. ഫലസ്തീൻ-ഇസ്രായേൽ സംഘർഷത്തിെൻറ സമഗ്രവും നീതിയുക്തവുമായ പരിഹാരത്തിെൻറ പ്രാധാന്യം ഊന്നിപ്പറയുകയാണ്. ഈ ശ്രമങ്ങളുടെ ഫലമായാണ് ഫലസ്തീന് പൂർണ അംഗത്വം നൽകുന്ന വിഷയം യു.എൻ രക്ഷാസമിതി ക്രിയാത്മകമായി പുനഃപരിശോധിക്കാൻ ശുപാർശ ചെയ്യുന്ന കരട് പ്രമേയം യു.എൻ പൊതുസഭ അംഗീകരിച്ചതും. വിവിധ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ ഇതിനകം അംഗീകരിക്കുകയുണ്ടായി. ഈ വഴിയിലെ സുപ്രധാന പുരോഗതികളാണ് ഇവയെല്ലാമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.