ജിദ്ദ: ‘ദ ന്യൂ ഹൗസ് ഓഫ് ഫിലിം’ (സിനിമയുടെ പുതിയ വീട്) എന്ന ആശയത്തിലൂന്നി ജിദ്ദയിൽ നടക്കുന്ന നാലാമത് റെഡ് സി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് വ്യാഴാഴ്ച കൊടിയേറി. ഈജിപ്ഷ്യൻ സംവിധായകൻ കരീം അൽ ഷെനാവിയുടെ ‘ദ ടെയ്ല് ഓഫ് ഡെയ്സ് ഫാമിലി’ എന്ന സൗദി-ഈജിപ്ഷ്യന്‍ സിനിമയായിരുന്നു ഉദ്ഘാടന ചിത്രം. അമേരിക്കന്‍ നടന് നിക്കോളാസ് കേജ്, ബോളിവുഡ് നടൻ ആമിർഖാൻ എന്നിവരുമായുള്ള സംവാദമായിരുന്നു ഉദ്ഘാടന ദിനത്തിലെ പ്രധാന ഇനം. ഇന്ത്യക്കാരോടൊപ്പം സ്വദേശികളും ആമിർഖാനെ ഹർഷാരവത്തോടെയാണ് റെഡ് സി സൂഖിലെ ഫോറം ഹാളിലേക്ക് വരവേറ്റത്. ജിദ്ദ ബലദിലെ ചരിത്രപ്രധാന പ്രദേശത്ത് പുതുതായി നിര്‍മിച്ച അഞ്ച് തിയറ്ററുകളടക്കമുള്ള വേദികളിലാണ് ഈ മാസം 14 വരെ നീളുന്ന ചലച്ചിത്രോത്സവം നടക്കുന്നത്. 48 ലോക പ്രീമിയറുകൾ, 66 അറബ് സിനിമകൾ, 34 സൗദി സിനിമകൾ, 54 ഷോർട് ഫിലിമുകൾ, 63 ഫീച്ചർ ഫിലിമുകൾ എന്നിവയുൾപ്പടെ 81 രാജ്യങ്ങളിൽ നിന്നുള്ള 120 ചിത്രങ്ങൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. ഇവയിൽ 16 സിനിമകളും വനിതകൾ സംവിധാനം ചെയ്തവയാണ്. 36 ചലച്ചിത്ര നിർമാതാക്കൾ അവാർഡുകൾക്കായി മത്സരിക്കും. 38 മികച്ച ചലച്ചിത്ര, ടെലിവിഷൻ പ്രോജക്ടുകൾ റെഡ്സി സൂക്ക് പ്രോജക്ട് മാർക്കറ്റിൽ പ്രദർശിപ്പിക്കും.
ഇന്ത്യന്‍ സംവിധായിക റീമ കാഗ്തിയുടെ ‘സൂപര്‍ ബോയ്സ് ഓഫ് മാലെഗോണ്‍’ എന്ന സിനിമയും പ്രദർശനത്തിനുണ്ട്. ഇന്ത്യയിൽനിന്ന് നടൻ ആമിർഖാന് പുറമെ കരീന കപൂർ, പ്രിയങ്ക ചോപ്ര, ഭർത്താവ് നിക്ക് ജൊനാസ് എന്നിവരും റെഡ്സി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ വിവിധ സെഷനുകളിൽ സംബന്ധിക്കുന്നുണ്ട്. സന്ദർശകർക്ക് താരങ്ങളോട് നേരിട്ട് സംവദിക്കാനുള്ള അവസരമുണ്ടാകും. ബ്രിട്ടീഷ് പോപ് ഗായകൻ റോബി വില്യംസിന്റെ ജീവചരിത്രമായ മൈക്കൽ ഗ്രേസിയുടെ ‘ബെറ്റർ മാൻ’ സിനിമയായിരിക്കും മേളയിലെ അവസാന പ്രദർശനം. ആസ്വാദനത്തോടൊപ്പം സിനിമ ചർച്ചകൾ, സംവാദങ്ങൾ, ശിൽപശാലകൾ, ആദരവുകൾ തുടങ്ങിയവയും മേളയിൽ നടക്കും. ഏറ്റവും നല്ല സിനിമക്ക് ഒരു ലക്ഷം ഡോളർ കാശും ഗോൾഡൻ യുസർ അവാർഡുമാണ് സമ്മാനിക്കുക. ഏറ്റവും നല്ല സംവിധായകന് ട്രോഫിയും 30,000 ഡോളർ കാഷ് അവാർഡും ലഭിക്കും. കൂടാതെ ഏറ്റവും നല്ല ഷോർട് ഫിലിം, ഏറ്റവും മികച്ച സൗദി ഫിലിം തുടങ്ങിയവക്കെല്ലാം അവാർഡുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.