യാംബു: ചെങ്കടലിനോട് അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ സമുദ്ര സുരക്ഷയും കടലിലെ വിവിധ രീതിയിലുള്ള ആക്രമണങ്ങളെ ചെറുക്കാനും നാവിക സേനയെ കരുത്തുറ്റതാക്കാനും ലക്ഷ്യമിട്ട് സൗദിയിൽ നാവികാഭ്യാസത്തിനു തുടക്കമായി. 'റെഡ് വേവ് - 7' എന്ന പേരിലറിയപ്പെടുന്ന നാവിക അഭ്യാസം വെസ്റ്റേൺ ഫ്ലീറ്റിന്റെ ആസ്ഥാനമായ കിങ് ഫൈസൽ നേവൽ ബേസിലാണ് നടക്കുന്നത്. റോയൽ സൗദി നേവൽ ഫോഴ്സിനൊപ്പം ജോർഡൻ, ഈജിപ്ത്, ജിബൂട്ടി, യമൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളും റോയൽ സൗദി ലാൻഡ് ഫോഴ്സ്, റോയൽ സൗദി എയർഫോഴ്സ്, സൗദി ബോർഡർ ഗാർഡിന്റെ യൂനിറ്റുകൾ എന്നിവയും പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നു. ഉപരിതല, വ്യോമ യുദ്ധം, ഇലക്ട്രോണിക് വഴിയുള്ള കടൽ ആക്രമണം, സ്പീഡ് ബോട്ട് ആക്രമണങ്ങളെ പ്രതിരോധിക്കൽ തുടങ്ങിയവയാണ് സംയുക്ത അഭ്യാസ കളരിയിലൂടെ ലക്ഷ്യമിടുന്നത്. സംയുക്ത സൈനിക പരിശീലനത്തിലൂടെ അഭ്യാസ പ്രകടനത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങളുമായി പ്രതിരോധ ബന്ധം കൂടുതൽ സുദൃഢമാക്കാനും കഴിയുമെന്നും അധികൃതർ കണക്കുകൂട്ടുന്നു.
ചെങ്കടലിനോട് അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ സമുദ്ര സുരക്ഷ വർധിപ്പിക്കാനും പ്രാദേശിക ജലം സംരക്ഷിക്കാനുമാണ് ഡ്രിൽ ലക്ഷ്യമിടുന്നതെന്ന് വെസ്റ്റേൺ ഫ്ലീറ്റ് കമാൻഡർ റിയർ അഡ്മിറൽ മൻസൂർ ബിൻ സൗദ് അൽ ജുഐദ് പറഞ്ഞു. നാവികസേനക്ക് കാര്യമായ പരിശീലന അവസരങ്ങൾ നൽകുന്ന സംയുക്ത നാവികാഭ്യാസത്തിൽ വിവിധ പരിശീലന പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സമകാലീന ലോക സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്നതിനായി രൂപകൽപന ചെയ്ത തന്ത്രപ്രധാനമായ പോരാട്ട വ്യായാമങ്ങളും 'റെഡ് വേവ് - 7' നാവിക പരീശീലനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. ഷിപ്പിംങ് ലൈനുകൾ സംരക്ഷിക്കുക, കള്ളക്കടത്ത്, തീവ്രവാദം, കടൽക്കൊള്ള, അനധികൃത കുടിയേറ്റം എന്നിവക്കെതിരെ പോരാടുന്നതുൾപ്പെടെയുള്ള സമുദ്ര സുരക്ഷാ അഭ്യാസങ്ങളും സേന നടത്തും..നാവിക കപ്പലുകൾ, ഹെലികോപ്റ്ററുകൾ, ഫാസ്റ്റ് റെസ്പോൺസ് ബോട്ടുകൾ, നാവിക കാലാൾപ്പട, മാരിടൈം സ്പെഷൽ സെക്യൂരിറ്റി ഫോഴ്സ്, വിവിധ തരം കോംബാറ്റ് എയർക്രാഫ്റ്റുകൾ എന്നിവയെല്ലാം പരിശീലന കാലയളവിൽ വിന്യസിക്കുമെന്ന് വെസ്റ്റേൺ ഫ്ലീറ്റ് കമാൻഡർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.