യാംബു: താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമ ലംഘനം നടത്തുന്നവരെ പിടികൂടാൻ ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധന രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഊർജിതമായി തുടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 13,000ലധികം പേരെ പിടികൂടിയതായി മന്ത്രാലയം അറിയിച്ചു.
മൊത്തം പിടികൂടിയ 13,200 പേരിൽ 6000 പേർ താമസ (ഇഖാമ) ചട്ടങ്ങൾ ലംഘിച്ചവരും 4000 പേർ അതിർത്തിസുരക്ഷാ ചട്ടലംഘനം നടത്തിയവരും 1778 പേർ തൊഴിൽവ്യവസ്ഥകൾ ലംഘിച്ചവരുമാണെന്നും മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. രാജ്യത്തിന്റെ അതിർത്തിയിലൂടെ അനധികൃതമായി പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരുടെ എണ്ണം 283 ആണ്. ഇതിൽ 55 ശതമാനം പേർ യമനികളും 42 ശതമാനം ഇത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റു രാജ്യക്കാരുമാണ്.
സൗദിയിൽനിന്ന് മറ്റു രാജ്യങ്ങളിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 51 പേരും പിടിയിലായിട്ടുണ്ട്. അതിർത്തി സുരക്ഷാനിയമങ്ങളും തൊഴിൽ, താമസവ്യവസ്ഥകളും ലംഘിച്ചവരെ സഹായിച്ചതിനും അവർക്ക് അഭയം നൽകിയതിനും യാത്രാസൗകര്യം ഒരുക്കിയതിനുമായി 10 പേരെയും പിടികൂടിയിട്ടുണ്ട്. 'നിയമലംഘകരില്ലാത്ത രാജ്യം' എന്ന കാമ്പയിനുമായി ബന്ധപ്പെട്ട് സൗദിയിൽ നിയമലംഘകരെ പിടികൂടുന്നതിനുള്ള പരിശോധന കൂടുതൽ കർശനമാക്കിയതിനുശേഷം ആകെ പിടികൂടിയവരുടെ എണ്ണം 97,000 ത്തിലെത്തി. ഇവരിൽ 86,000 പേർ പുരുഷന്മാരും 10,000 പേർ സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളിൽ 86,000 പേരെ അവരുടെ യാത്രാരേഖകൾ ലഭിക്കുന്നതിന് അതത് രാജ്യത്തെ നയതന്ത്രകാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു.
7000 ത്തിലധികം പേരെ ഇതിനോടകം നാടുകടത്തുകയും 2342 നിയമലംഘകർക്കുള്ള യാത്രാ റിസർവേഷൻ പൂർത്തിയാക്കിയതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.