താമസ, തൊഴിൽ നിയമലംഘനം; സൗദിയിൽ 9777 വിദേശികളെ നാടുകടത്തി

അൽഖോബാർ: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷ നിയമലംഘനങ്ങൾക്ക്​ നടപടി നേരിട്ട 9,777 വിദേശികളെ നാടുകടത്തി. ആഗസ്​റ്റ്​ 31 മുതൽ സെപ്റ്റംബർ ആറ്​ വരെയുള്ള ഒരാഴ്​ചക്കുള്ളിലാണ്​ നാടുകടത്തൽ​. ഇതേ കാലയളവിൽ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ നടത്തിയ റെയ്​ഡിൽ 16,250ഓളം വിദേശികളെ ഇതേ നിയമലംഘനങ്ങൾക്ക്​ പുതുതായി പിടികൂടിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

9,343 പേർ താമസ നിയമം ലംഘിച്ചവരാണ്​. അതിർത്തി സുരക്ഷാചട്ടം ലംഘിച്ചവർ 4,555ഉം തൊഴിൽ നിയമ ലംഘകർ 2,352ഉം ആണ്​. രാജ്യാതിർത്തി വഴി അനധികൃ​തമായി കടക്കാൻ ശ്രമിക്കുന്നതിനിടെ 785 പേരെ അറസ്​റ്റ്​ ചെയ്തു. ഇതിൽ 62 ശതമാനം യമനികളും 27 ശതമാനം എത്യോപ്യക്കാരും 11 ശതമാനം മറ്റ് രാജ്യക്കാരുമാണ്​. 18 പേർ സൗദി അറേബ്യയിൽനിന്ന് പുറത്തുകടക്കാൻ ശ്രമിച്ച് പിടിക്കപ്പെട്ടു. താമസ, തൊഴിൽ നിയമലംഘകരെ കടത്തിക്കൊണ്ടു വരികയും അഭയം നൽകുകയും ചെയ്​തുവന്ന 13 പേരും അറസ്​റ്റിലായിട്ടുണ്ട്​.

ഇതുവരെ 42,269 നിയമലംഘകർ നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 35,045 പുരുഷന്മാരും 7,224 സ്ത്രീകളുമാണ്. ഇതിൽ 36,316 പേരു​ടെ യാത്രാരേഖകൾ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര കാര്യായങ്ങളുമായി ബന്ധപ്പെട്ടിരിക്കുകയാണ്​. 2,004 പേരുടെ യാത്രാനടപടികൾ പൂർത്തിയായി വരുന്നു. ഇത്തരം നിയമലംഘകർക്ക്​ ഗതാഗത, പാർപ്പിട സൗകര്യങ്ങൾ നൽകുന്നവർക്ക്​ 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയുമാണ്​ ശിക്ഷ. മാത്രമല്ല, വാഹനങ്ങളും താമസ കെട്ടിടങ്ങളും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം താക്കീത് നൽകി.

Tags:    
News Summary - Residence and employment violations; 9777 foreigners deported

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.