ദമ്മാം: സ്വന്തമായി ഒരു പാർപ്പിടമെന്ന സ്വപ്നം യാഥാർഥ്യമാക്കി രാജ്യത്ത് നടപ്പിലാക്കിവരുന്ന 'സകനി' പാർപ്പിട പദ്ധതിയുടെ ഭാഗമായി നാല് പുതിയ സേവനങ്ങൾ കൂടി നടപ്പിലാക്കാനൊരുങ്ങി പാർപ്പിട മന്ത്രാലയം. സാമ്പത്തിക ഇടപാടുകൾക്കായുള്ള വേദി, പാർപ്പിട നിർമാണത്തിനാവശ്യമായ സാധനസാമഗ്രികളുടെ യൂനിറ്റുകൾ, അനുമതിയുള്ള കരാറുകാർ, അവശ്യ സ്ഥലങ്ങളുടെ മാപ്പുകൾ എന്നിവ ഉൾക്കൊള്ളിച്ച പരിഷ്കരിച്ച ആപ്ലിക്കേഷനാണ് പ്രവർത്തനസജ്ജമായത്. 2030 ഓടെ 70 ശതമാനത്തോളം പേർക്ക് വീടെന്ന ലക്ഷ്യത്തിലേക്ക് ആക്കംകൂട്ടുന്ന നടപടിക്രമങ്ങളാണ് പുരോഗമിക്കുന്നത്. ഓരോ പൗരൻമാർക്കും അവരുടെ അഭിലാഷത്തിനിണങ്ങിയ വീടുകൾ ഈ ആപ്പിലെ നിർദേശങ്ങൾ പിന്തുടരുന്നത് വഴി സ്വന്തമാക്കാനാവും.
അതേസമയം, ഈ വർഷം ഒന്നരലക്ഷത്തോളം പേർക്ക് സ്വന്തമായി വീടെന്ന സ്വപ്നം യാഥാർഥ്യമാവാനിരിക്കുകയാണ്. റിയൽ എസ്റ്റേറ്റ് ഡെവലപ്മെൻറ് ഫണ്ട് (ആർ.ഇ.ഡി.എഫ്) ചുക്കാൻ പിടിക്കുന്ന പദ്ധതിക്ക് കീഴിൽ 1,40,000 കുടുംബങ്ങൾ പുതിയ ഭവനങ്ങളിലേക്ക് താമസം മാറും. 2021 പൂർത്തിയാവുന്നതോടെ വിവിധ പദ്ധതികളിലായി, ഭാഗികമായും പൂർണവുമായുള്ള സഹായങ്ങളിലൂടെ 6,44,000 കുടുംബങ്ങൾക്ക് വീട് യാഥാർഥ്യമാവും. 2017ലാണ് പലതരത്തിലുള്ള ചെറുകിട, വൻകിട പാർപ്പിട പദ്ധതികൾക്ക് തുടക്കമായത്.
പാർപ്പിട മന്ത്രാലയത്തിെൻറ കീഴിൽ നിർമാണം പൂർത്തിയായ പാർപ്പിടങ്ങളും ഭവനനിർമാണ വായ്പകളും ഭവനനിർമാണത്തിനുള്ള സ്ഥലവുമടക്കമുള്ള വിവിധ പദ്ധതികളാണ് ഗുണഭോക്താക്കൾക്കായി ലഭ്യമാക്കിയിരിക്കുന്നത്. മാസശമ്പളം 14,000 റിയാലിൽ കുറഞ്ഞവർക്കാണ് വായ്പ അനുവദിക്കുന്നത്. കൂടാതെ, സൗദി കോൺട്രാക്ടേഴ്സ് അതോറിറ്റിയുടെ കീഴിൽ 60,000 കോടി റിയാലിെൻറ പദ്ധതികളാണ് വരാനിരിക്കുന്നത്. ഇത്തരം ചെറുതും വലുതുമായ പദ്ധതികളിലൂടെ 2030ഓടെ 70 ശതമാനം പേർക്കും സ്വന്തമായി ഭവനമെന്ന അഭിമാനകരമായ ലക്ഷ്യത്തിലേക്ക് നടന്നടുക്കുകയാണ് സൗദി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.