മസ്കത്ത്: തൊഴിൽ-താമസ നിയമങ്ങൾ ലംഘിച്ച് ഒമാനിൽ കഴിയുന്നവർക്ക് പിഴ കൂടാതെ നാടുകളിലേക്ക് മടങ്ങുന്നതിനായി തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ച പദ്ധതി അവസാനിച്ചു. എക്സിറ്റ് പദ്ധതിയുടെ രജിസ്ട്രേഷൻ ഡിസംബർ 31നാണ് അവസാനിച്ചത്. നവംബർ 26നാണ് ഒാൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചത്. രജിസ്റ്റർ ചെയ്തവരിൽ ഭൂരിപക്ഷവും ബംഗ്ലാദേശ് സ്വദേശികളാണ്. മുപ്പതിനായിരത്തിലധികം ബംഗ്ലാദേശികൾ രജിസ്റ്റർ ചെയ്തതായാണ് കണക്കുകൾ. മൂവായിരത്തോളം ഇന്ത്യക്കാരാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തതെന്നും അറിയുന്നു. പാകിസ്താൻ, ശ്രീലങ്കൻ സ്വദേശികളും മടങ്ങാനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എത്രപേർ പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്തുവെന്നതടക്കം വിവരങ്ങൾ തൊഴിൽ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞയാഴ്ച പുറത്തുവിട്ട അറിയിപ്പ് പ്രകാരം 45,715 പേരാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി രജിസ്റ്റർ ചെയ്തത്. ഇതിൽ 3875 പേർ രാജ്യം വിടുകയും ചെയ്തു.
നിർമാണ മേഖലയിൽനിന്നുള്ളവരാണ് രജിസ്റ്റർ ചെയ്തതിൽ ഭൂരിപക്ഷം പേരുമെന്നും ഇൗ അറിയിപ്പിൽ പറയുന്നു. ഇൻഡസ്ട്രിയൽ മേഖല, ഓേട്ടാമൊബൈൽ മേഖല എന്നിവിടങ്ങളിൽനിന്നുള്ളവരാണ് അടുത്ത സ്ഥാനങ്ങളിൽ.
ഇതോടൊപ്പം തൊഴിൽ പദവി ക്രമീകരിക്കുന്നതിന് മന്ത്രാലയം നൽകിയ അവസരവും നിരവധി പേർ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇത് പ്രകാരം വിസാ വിലക്കുള്ള തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് വിസ മാറ്റുന്നതിന് ജനുവരി ആറുവരെ അപേക്ഷ നൽകാൻ കഴിയും.
കോവിഡിെൻറ പുതിയ വകഭേദത്തെ തുടർന്നുള്ള മുൻകരുതലിെൻറ ഭാഗമായി ഒരാഴ്ച വിമാനത്താവളം അടച്ചിട്ടത് എക്സിറ്റ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരുടെ മടക്കത്തെ ബാധിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്തവർക്ക് മടങ്ങുന്നതിന് മന്ത്രാലയം അധിക സമയം അനുവദിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.