റിയാദ്: കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ 'ഫെസ്റ്റി വിസ്റ്റ 2021' എന്ന പേരിൽ സംഘടിപ്പിക്കുന്ന രണ്ടു മാസം നീളുന്ന സാംസ്കാരിക ആഘോഷപരിപാടികൾക്ക് തുടക്കമായി. ജനുവരി ഏഴുവരെ റിയാദിൽ നടക്കുന്ന ഈ കാമ്പയിനിൽ ബിസിനസ് മീറ്റ്, ലീഡേഴ്സ് മീറ്റ്, സൈബർ മീറ്റ്, വെൽെഫയർ മീറ്റ്, ഫുട്ബാൾ ടൂർണമെൻറ്, ഷൂട്ട് ഔട്ട്, കമ്പവലി മത്സരങ്ങൾ, ബാഡ്മിൻറൺ ടൂർണമെൻറ്, സമാപന സമ്മേളനം എന്നിങ്ങനെ വിവിധ പരിപാടികൾ അരങ്ങേറും. കെ.എം.സി.സി പ്രവർത്തകർക്ക് കൂടുതൽ നേതൃപാടവം നൽകുന്നതിന് 19ന് ലീഡേസ് മീറ്റ് സംഘടിപ്പിക്കും. റിയാദിലെ പ്രഫഷനലുകളുടെ ക്ലാസുകൾ ഉണ്ടായിരിക്കും.
സൗദി അറബ്യ, ബഹ്റൈൻ എന്നിവിടങ്ങളിലെ കളിക്കാർ പങ്കെടുക്കുന്ന ഇ. അഹമ്മദ് മെമ്മോറിയൽ ബാഡ്മിൻറൺ ടൂർണമെൻറ് 25, 26, 27ന് റിയാദ് എക്സിറ്റ് 18ലെ ഗ്രീൻ ക്ലബിൽ നടക്കും. സിൻമാർ, ഐ.ബി.സി ക്ലബുകളുടെ സഹകരണത്തോടെയാണ് ടൂർണമെൻറ്. വിവിധ രാജ്യക്കാർ പങ്കെടുക്കുന്ന ടൂർണമെൻറിൽ 1000 രജിസ്ട്രേഷൻ പ്രതീക്ഷിക്കുന്നതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ജൂനിയർ വിഭാഗം മത്സരങ്ങളും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും. വിജയികൾക്ക് ട്രോഫിയും 20,500 റിയാൽ സമ്മാനത്തുകയായും നൽകും. ഡിസംബർ രണ്ടിന് വെൽെഫയർ മീറ്റ് സംഘടിപ്പിക്കും. മയ്യിത്ത് പരിപാലനം, നിയമസഹായം തുടങ്ങി വിവിധ സേവനങ്ങളിലൂടെ ശ്രദ്ധേയരായ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്ങിെൻറ നേതൃത്വത്തിൽ കോവിഡ് കാലത്തും നിരവധി പ്രവർത്തനങ്ങളാണ് നടത്തിയത്.
സൈബർ ഇടങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തുന്നതിനും മാറിവരുന്ന ടെക്നോളജി സംബന്ധമായ അവബോധമുണ്ടാക്കുന്നതിനും ഡിസംബർ മൂന്നിന് സൈബർ മീറ്റ് സംഘടിപ്പിക്കും. ഡിസംബർ 23, 24 തീയതികളിൽ റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷെൻറ സഹകരണത്തോടെ ജില്ല അടിസ്ഥാനത്തിൽ ഫുട്ബാൾ മത്സരം സംഘടിപ്പിക്കും.
സൗദിയിലെ പ്രഫഷനൽ കളിക്കാർ കളത്തിലിറങ്ങും. ജേതാക്കൾക്ക് പ്രൈസ് മണിയും ട്രോഫിയും സമ്മാനമായി നൽകും. സമാപന സമ്മേളനം ജനുവരി ഏഴിന് റിയാദ് അസീസിയ നെസ്റ്റോ ഓഡിറ്റോറിയത്തിൽ നടക്കും. പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന സമാപന സമ്മേളനത്തിൽ ഇശൽ സന്ധ്യയും അരങ്ങേറും. മറ്റു കലാപരിപാടികളും സമാപന സമ്മേളനത്തിൽ അരങ്ങേറും. റിയാദിെൻറയും കെ.എം.സി.സിയുടെയും ചരിത്രവും വർത്തമാനവും പ്രതിപാദിക്കുന്ന സ്മരണിക പ്രസിദ്ധീകരിക്കാനുള്ള പണിപ്പുരയിലാണ് സെൻട്രൽ കമ്മിറ്റിയെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒരു റഫറൽ ഗ്രന്ഥമായി ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ് ഇത് തയാറാക്കുന്നത്. ഇതിെൻറ പ്രകാശനവും സമ്മേളനത്തിൽ നടക്കും. വാർത്തസമ്മേളനത്തിൽ സി.പി. മുസ്തഫ, ജലീൽ തിരൂർ, യു.പി. മുസ്തഫ, ഷാഹിദ്, മുജീബ് ഉപ്പട, അബ്ദുറഹ്മാൻ ഫറോക്ക് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.