റിയാദ് ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച ചർച്ചാ സംഗമം മജീദ് ചിങ്ങോലി ഉദ്ഘാടനം ചെയ്യുന്നു

മാധ്യമങ്ങളുടെ കോർപറേറ്റ്​ വത്കരണം ജനാധിപത്യത്തിന്റെ ആണിക്കല്ലിളക്കുന്നെന്ന്​ റിയാദ് ഇന്ത്യൻ മീഡിയ ഫോറം

റിയാദ്​: മാധ്യമങ്ങളുടെ കോർപറേറ്റ് വത്കരണവും ഫാഷിസത്തോടുള്ള മമതയും ജനാധിപത്യത്തിന്റെ ആണിക്കല്ലിളക്കുന്നതായി റിയാദ് ഇന്ത്യൻ മീഡിയ ഫോറം നടത്തിയ ചർച്ചാ സംഗമം. ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിൽ മാധ്യമങ്ങൾ നിർണായക പങ്കാണ്​ വഹിച്ചിട്ടുള്ളത്​. പുതിയ കാലത്ത് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ മറച്ചുവെക്കാൻ ചില മാധ്യമങ്ങൾ ബോധപൂർവമായ ശ്രമം നടത്തുന്നതായും ചർച്ചയിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ പശ്ചാത്തലത്തിലാണ് ചർച്ചാ സംഗമം സംഘടിപ്പിച്ചത്. റിയാദ് ബത്ഹ ലുഹ ഓഡിറ്റോറിയത്തിൽ നടന്ന ചർച്ചാസംഗമം ഒ.ഐ.സി.സി നേതാവ് മജീദ് ചിങ്ങോലി ഉദ്ഘാടനം ചെയ്തു. റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ്​ ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു.

മൂന്ന് വിഷയങ്ങളിലെ ചർച്ചയിൽ ആദ്യ വിഷയമായ 'സ്വാതന്ത്യത്തിന്റെ 75 വർഷങ്ങൾ' പ്രവാസി സാംസ്കാരിക വേദി നേതാവ് അജ്മൽ ഹുസൈൻ അതരിപ്പിചചു. 75 വർഷങ്ങൾക്കൊടുവിൽ രാജ്യത്തെ ജനതയുടെ സ്വാതന്ത്ര്യത്തിന് ഗുരുരമായ പരിക്കേറ്റതായി അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ചിഹ്നങ്ങൾ പോലും ഭരണകൂടം സ്വന്തം താൽപര്യങ്ങൾക്കായി മാറ്റുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. 'ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മലയാള മാധ്യമങ്ങളുടെ പങ്ക്' എന്ന വിഷയം മാധ്യമ പ്രവർത്തകൻ വി.ജെ. നസ്റുദ്ദീൻ അവതരിപ്പിച്ചു. ചെറുതും വലുതുമായ മാധ്യമങ്ങളും പത്രികകളും അക്കാലത്ത് അതിജീവിക്കാൻ ശ്രമിച്ചതിന്റെ ചരിത്രം അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ കാലത്തും മാധ്യമങ്ങൾ സമാനമായ പ്രതിസന്ധി അനുഭവിക്കുന്നതായി 'ഭരണഘടനാ സംരക്ഷണത്തിന്റെ പ്രസക്തി' എന്ന വിഷയം അവതരിപ്പിച്ച സാംസ്കാരിക പ്രവർത്തകൻ മൂസാ കൊമ്പൻ പറഞ്ഞു. ഭരണഘടനയുടെ ചട്ടങ്ങൾ ഓരോന്നോരോന്നായി ലംഘിക്കപ്പെടുമ്പോൾ മാധ്യമങ്ങൾ നിശ്ശബ്ദത പാലിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

യു.പി. മുസ്തഫ (കെ.എം.സി.സി), സലീം കളക്കര (ഒ.ഐ.സി.സി), ടി.ആർ. സുബ്രഹ്മണ്യൻ (കേളി), സുധീർ കുമ്മിൾ (നവോദയ), ശിഹാബ് കൊട്ടുകാട് (സാമൂഹിക പ്രവർത്തകൻ) എന്നിവർ സംസാരിച്ചു. മാധ്യമ പ്രവർത്തകർക്ക് പകരം മാധ്യമ സ്ഥാപനങ്ങളുടെ നിലപാടുകളെയാണ് ചോദ്യം ചെയ്യേണ്ടതെന്ന് ചർച്ചകൾ ക്രോഡീകരിച്ച്​ റിംഫ് രക്ഷാധികാരി നജിം കൊച്ചുകലുങ്ക് പറഞ്ഞു. മാധ്യമ പ്രവർത്തകർ സ്ഥാപനങ്ങളുടെ നിലപാടുകൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ജോലിക്കാർ മാത്രമായി മാറുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമ പ്രവർത്തനവും പുനർവിചാരണക്ക് വിധേയമാകണമെന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു ചർച്ചാ സംഗമം.

ഇവന്റ് കോഓഡിനേറ്റർ ഷഫീഖ് കിനാലൂർ ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി അഫ്താബു റഹ്മാൻ സ്വാഗതവും ട്രഷറർ ജലീൽ ആലപ്പുഴ നന്ദിയും പറഞ്ഞു. ഷിബു ഉസ്മാൻ, നാദിർഷാ, മുജിബ് താഴത്തെതിൽ, കബീർ പാവുമ്പ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Riyadh Indian Media Forum says corporatization of media is the cornerstone of democracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.