റിയാദ്: സൗദി തലസ്ഥാനനഗരിയുടെ മുഖച്ഛായ മാറ്റുന്ന കിങ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിക്ക് മാർച്ചിൽ തുടക്കമാകുമെന്ന് ഗതാഗത ചരക്കുനീക്ക മന്ത്രി സാലിഹ് അൽ-ജാസർ അറിയിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ മെട്രോ ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നും ആദ്യപടിയായി അടുത്ത മാസം ബസുകൾ സർവിസ് ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റിയാദിൽ നടന്ന സകാത്, ടാക്സ്, കസ്റ്റംസ് കോൺഫറൻസിനെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.
മെട്രോ ട്രെയിനുകളും ബസുകളും അടങ്ങുന്ന 2250 കോടി ഡോളർ ചെലവ് വരുന്ന ഈ പദ്ധതി ലോകത്തിലെ ഏറ്റവും വലിയ പൊതുഗതാഗത പദ്ധതിയായി കണക്കാക്കപ്പെടുന്നു. അന്താരാഷ്ട്ര കപ്പൽ ഗതാഗത ലോജിസ്റ്റിക് കമ്പനികൾ സൗദി അറേബ്യയിൽ ബിസിനസ് ചെയ്യാൻ താൽപര്യപൂർവം കടന്നുവരുകയാണെന്ന് അൽ-ജാസർ പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച 25 തുറമുഖങ്ങളുടെ സൂചികയിൽ സൗദി അറേബ്യയാണ് ഒന്നാം സ്ഥാനത്തുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് കാരണം റിയാദ് പൊതുഗതാഗത പദ്ധതി പൂർത്തിയാകാൻ അൽപം വൈകിയതായി മന്ത്രി പറഞ്ഞു. 2022ൽ റിയാദ് നഗരത്തിലെ ജനസംഖ്യ 80 ലക്ഷമായി ഉയർന്നതായി കഴിഞ്ഞമാസം ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ റിയാദ് സിറ്റി റോയൽ കമീഷൻ ഫോർ സി.ഇ.ഒ ഫഹദ് അൽ റഷീദ് പറഞ്ഞത് ശ്രദ്ധേയമാണ്. നഗരത്തിലെ ജനസംഖ്യാവളർച്ചയുടെ വെളിച്ചത്തിൽ റിയാദ് മെട്രോ ലൈനുകൾ വിപുലീകരിക്കുന്ന പ്രവർത്തനമാണ് നടക്കുന്നതെന്ന് അൽ-റഷീദ് ചൂണ്ടിക്കാട്ടിയിരുന്നു.
കിങ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിയുടെ ഭാഗമാണ് റിയാദ് മെട്രോയും ഇലക്ട്രിക് ട്രെയിനുകളും. ലോകത്തിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് റിയാദ് മെട്രോ. തലസ്ഥാനമായ റിയാദിനെ രാജ്യത്തിന്റെ എല്ലാ ദിശകളുമായി ബന്ധിപ്പിക്കുന്നതിനായി സ്ഥാപിച്ച ആറ് പ്രധാന മെട്രോ ലൈനുകൾക്കിടയിൽ 85 സ്റ്റേഷനുകളാണുള്ളത്. ബസുകളുടെ ശൃംഖലയുൾപ്പെടെ 1800 കിലോമീറ്റർ പദ്ധതിയുടെ പരിധിയിൽ വരും. നഗരത്തിലുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളുടെയും 350 ദൈർഘ്യമുള്ള കിലോമീറ്റർ റെയിൽപാതകളുടെയും 90 ശതമാനത്തിലധികം പ്രവൃത്തികൾ പൂർത്തിയായതായി റോയൽ കമീഷൻ വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.