യാംബു: സൗദിയിൽ റോഡ് സുരക്ഷയുടെ ഭാഗമായി ഗതാഗത മന്ത്രാലയം നടത്തുന്ന ബോധവത്കരണ കാമ്പയിൻ ഫലം കാണുന്നതായി റിപ്പോർട്ട്. ‘വ്യതിരിക്തവും സുരക്ഷിതവുമായ റോഡുകൾ’ എന്ന ശീർഷകത്തിലാണ് രാജ്യത്തുടനീളം കാമ്പയിൻ. 14,476 നിരീക്ഷണ സ്ക്വാഡുകളും 14,164 ഫീൽഡ് സർവേയും മന്ത്രാലയത്തിന്റെ കോൾ സെൻറർ നമ്പർ 938 വഴി 312 നിരീക്ഷണങ്ങളും നടത്തിയെന്നും കാമ്പയിൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. റിയാദ് മേഖലയിൽ മാത്രം 2,850 നിരീക്ഷണങ്ങളാണ് നടത്തിയത്. മക്കയിൽ 1,630, അൽ ഖസീം 1,359, മദീന 1,355, നജ്റാൻ 316 എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ നടന്ന നിരീക്ഷണം.
റോഡവകാശങ്ങളെയും വാഹനമോടിക്കുന്നവരും സഞ്ചാരികളും പാലിക്കേണ്ടുന്ന നിർദേശങ്ങളെയും കുറിച്ച് അവബോധന പരിപാടികൾ സംഘടിപ്പിക്കുന്നു. റോഡിൽ ഉപയോക്താവിന് ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുക, അപകടരഹിത ഗതാഗതം എന്ന സംസ്കാരം വളർത്തുക, ട്രാഫിക് വകുപ്പ് റോഡുകളിലേർപ്പെടുത്തുന്ന നിയന്ത്രണങ്ങളും ട്രാഫിക് നിർദേശങ്ങളും കൃത്യമായി പാലിക്കാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യങ്ങളോടെയാണ് കാമ്പയിൻ.
വിവിധ സർവകലാശാലകളിലെ വിദ്യാർഥികളും ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രാലയത്തിലെയും ജീവനക്കാരും അടങ്ങിയ 61 ടീമുകളിലെ 620 അംഗങ്ങളുടെ പങ്കാളിത്തത്തോടെ, മൊത്തം 73,000 കിലോമീറ്ററിലധികമുള്ള രാജ്യത്തെ റോഡ് ശൃംഖല പൂർണമായും സർവേ ചെയ്യാനും വിലയിരുത്താനുമുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. വിദ്യാർഥികൾ, റോഡ് സുരക്ഷക്കായി പ്രത്യേക സേനയിലെ അംഗങ്ങൾ, കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ പ്രതിനിധികൾ എന്നിവർ കാമ്പയിൻ പ്രവർത്തനങ്ങളിൽ പങ്കാളികളാണ്.
മൂന്നുവർഷത്തിനുള്ളിൽ 5.7 റോഡ് ഗുണനിലവാര റേറ്റിങ്ങിൽ സൗദി എത്തിയിട്ടുണ്ട്. റോഡപകടങ്ങൾ മുൻ വർഷങ്ങളെ അപേക്ഷിച്ച് 50 ശതമാനത്തിലധികം കുറവ് വന്നു. 2030 ആകുമ്പോഴേക്കും ഇനിയും അപകടനിരക്ക് ഗണ്യമായി കുറക്കാൻ കഴിയുമെന്ന കണക്കുകൂട്ടലാണ് ഗതാഗത വകുപ്പിനുള്ളത്. റോഡ് ശൃംഖലയുടെ കാര്യക്ഷമതയും സുരക്ഷനിലവാരവും ഉയർത്താനും മികച്ച റോഡ് സേവനം ലഭ്യമാക്കാനും കാമ്പയിൻ വഴി സാധിക്കുമെന്നും അധികൃതർ കണക്കുകൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.