റിയാദ്: റോയൽ റിഫ മെഗാ കപ്പ് - സീസൺ ത്രീ ഫുട്ബാൾ ടൂർണമെന്റ് ക്വാർട്ടർ ഫൈനലിൽ വെള്ളിയാഴ്ച എട്ട് ക്ലബുകൾ ഏറ്റുമുട്ടും. 32 ടീമുകളുമായി തുടക്കം കുറിച്ച ഈ സീസണിൽ വെള്ളിയാഴ്ചയിലെ കളികൾ അവസാനിക്കുന്നതോടെ സെമിയിലേക്കുള്ള നാല് ടീമുകൾ അവശേഷിക്കും. സ്പോർട്ടിങ് എഫ്.സി, ബ്ലാസ്റ്റേഴ്സ് എഫ്.സി വാഴക്കാട്, പ്രവാസി സോക്കർ സ്പോർട്ടിങ് എഫ്.സി, റിയാദ് ബ്ലാസ്റ്റേഴ്സ്, റോയൽ ഫോക്കസ് ലൈൻ, റിയൽ കേരള എഫ്.സി, കേരള ഇലവൻ, ലന്റേൺ എഫ്.സി എന്നീ ടീമുകളാണ് ശക്തി പരീക്ഷണം നടത്തുന്നത്.
എതിരാളികളുടെ കരുത്ത് മനസിലാക്കി പുതിയ അടവുകളും തന്ത്രങ്ങളുമായി അൽ ഖർജ് റോഡിലെ അൽ ഇസ്കാൻ സ്റ്റേഡിയത്തിലെത്തുന്ന ഓരോ ടീമും സെമി ബർത്തിലേക്കുള്ള പ്രവേശനമാണ് സ്വപ്നം കാണുന്നത്. സെവൻസ് ഫുട്ബാളിന്റെ വീറും വാശിയും ചടുലമായ നീക്കങ്ങളിലും വേഗതയേറിയ മുന്നേറ്റങ്ങളിലും പ്രതിഫലിക്കും. പ്രതിരോധത്തിലും ആക്രമണത്തിലും പുലർത്തുന്ന സെവൻസ് ഫുട്ബാളിന്റെ സൗന്ദര്യവും ക്വാർട്ടർ ഫൈനലിൽ പ്രകടമാകും.
റിഫ മെഗാ കപ്പ് നേടുകയെന്നത് ഓരോ ക്ലബിന്റെയും അഭിമാന നേട്ടമായതിനാൽ അത് സ്വന്തമാക്കാൻ എല്ലാ ടീമുകളും മികച്ച കളി പുറത്തെടുക്കുമെന്നാണ് കാണികൾ പ്രതീക്ഷിക്കുന്നത്. രാത്രികാലങ്ങളിലെ നല്ല കാലാവസ്ഥയും കളിക്കാർക്കും പ്രേക്ഷകർക്കും അനുകൂലമായ ഘടകമാണ്. മത്സരങ്ങൾ കാണാനായിധാരാളം കാണികളാണ് എത്തിച്ചേരുക. ഗാലറിയുടെ ആരവവും നിർലോഭമായ പിന്തുണയുമാണ് സെവൻസ് ഫുട്ബാളിനെ ഇത്രമേൽ ജനപ്രിയമാക്കുന്നത്. ക്വാർട്ടർ ഫൈനൽ മത്സരത്തിനുള്ള ഒരുക്കം പൂർത്തിയായതായി റിഫ ഭാരവാഹികൾ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.