ജിദ്ദ: വിഷൻ 2030 പദ്ധതി ആരംഭിച്ച് അഞ്ചു വർഷത്തിനിടയിൽ രാജ്യം അസാധാരണ നേട്ടങ്ങൾ കൈവരിച്ചതായി കിരീടാവകാശിയും സാമ്പത്തിക വികസനകാര്യ കൗൺസിൽ ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. അഞ്ചു വർഷത്തിനിടയിലെ നേട്ടങ്ങളും അനുഭവങ്ങളും ഏറെ വിലമതിക്കുന്നതാണ്. വിഷ്വെൻറ ലക്ഷ്യങ്ങൾ നേടുന്നതിനുള്ള ആത്മവിശ്വാസം ഇത് വർധിപ്പിച്ചു.
വിവിധ തലങ്ങളിൽ ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ട്. പ്രതീക്ഷിച്ചതും ആഗ്രഹിച്ചതുമായ വിഷൻ 2030െൻറ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും കിരീടാവകാശി പറഞ്ഞു. പദ്ധതിക്ക് വലിയ പിന്തുണയും പരിഗണനയും നൽകിയ സൽമാൻ രാജാവിന് കിരീടാവകാശി നന്ദി അറിയിച്ചു. കഴിഞ്ഞ കാലയളവിൽ നിരവധി വെല്ലുവിളികളെ അതിജീവിച്ച എല്ലാ സർക്കാർ ഏജൻസികളുടെ ശ്രമങ്ങളെയും അഭിനന്ദിക്കുകയും ചെയ്തു.
വിഷൻ 2030 അഞ്ചു വർഷം പിന്നിടുപ്പോൾ വിവിധ പ്രവർത്തന മേഖലകളിലെ നേട്ടങ്ങൾ സാമ്പത്തിക വികസന കാര്യ കൗൺസിൽ അവലോകനം ചെയ്തു. കഴിഞ്ഞ വർഷങ്ങളിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത് അടിസ്ഥാന സൗകര്യങ്ങൾ പ്രാപ്തമാക്കുന്നതിലായിരുന്നു. സ്ഥാപന, നിയമനിർമാണ ഘടനകൾ പരിഷ്കരിക്കുക, പൊതുനയങ്ങൾ വികസിപ്പിക്കുക, സംരംഭങ്ങൾ പ്രാപ്തമാക്കുക എന്നിവ ഇതിലുൾപ്പെടും. അടുത്ത ഘട്ടത്തിൽ ഇതിെൻറ തുടർ നടപടികളുണ്ടാകും.
ജീവിതനിലവാരം ഉയർത്താനും രാജ്യത്തെ ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റാനും ലക്ഷ്യമിട്ടുള്ള പ്രവർത്തന നേട്ടങ്ങൾ കൗൺസിൽ വിലയിരുത്തി. അടിയന്തര ആരോഗ്യ സേവനങ്ങൾ നാലു മണിക്കൂറിനുള്ളിൽ ലഭിക്കുന്നത് 87 ശതമാനമായി. വിഷ്വന് മുമ്പ് 36 ശതമാനമായിരുന്നു.
വാർഷിക റോഡപകട മരണനിരക്ക് ഒരുലക്ഷം ആളുകളിൽ 13.5 മരണമായി കുറക്കാൻ കഴിഞ്ഞു. നേരേത്ത ഇത് 28 ആയിരിക്കുന്നു. ഭവന നിർമാണ മേഖലയിലെ നേട്ടങ്ങളും കൗൺസിൽ അവലോകനം ചെയ്തു. അഞ്ചു വർഷത്തിനുള്ളിൽ വീട് ലഭിച്ചവരുടെ എണ്ണം 60 ശതമാനമായി ഉയർന്നു. നേരേത്ത 47 ശതമാനമായിരുന്നു. ഭവനസഹായം ഉടനടി ലഭിക്കാനുള്ള സംവിധാനങ്ങളൊരുക്കി. നേരേത്ത 14 വർഷം വരെ കാത്തിരിക്കേണ്ടിവന്നിരുന്നു.
രാജ്യത്തെ പുരാവസ്തു, പൈതൃക സ്ഥലങ്ങളുടെ എണ്ണം വർധിച്ചു. യുനസ്കോ പൈതൃക പട്ടികയിൽ 2020 വരെ 354 പുരാവസ്തു പൈതൃക സ്ഥലങ്ങൾ ഇടം നേടി. 2017 ഇടം നേടിയ സ്ഥലങ്ങളുടെ എണ്ണം 241 ആയിരുന്നു. ദേശീയ സാംസ്കാരിക പൈതൃക പട്ടികയിൽ രജിസ്റ്റർ ചെയ്ത നഗര പൈതൃക സ്ഥലങ്ങളുടെ എണ്ണത്തിലും വർധനയുണ്ടായി.
2020ൽ പൈതൃക സ്ഥലങ്ങളുടെ എണ്ണം 1000 വരെയെത്തി. 2016ൽ 400 പൈതൃക സ്ഥലങ്ങളാണുണ്ടായിരുന്നത്. ഇരുഹറമുകളിലും പുണ്യസ്ഥലങ്ങളിലും തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള ശേഷി വർധിപ്പിച്ചു. അഞ്ച് മിനിറ്റിനുള്ളിൽ ഉംറ വിസകൾ നേടാൻ സാധിച്ചു. നേരേത്ത വിസ ലഭിക്കാൻ 14 ദിവസമെടുത്തിരുന്നു. മിനിറ്റുകൾക്കുള്ളിൽ ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ ലഭിക്കാനുള്ള സംവിധാനവും ആരംഭിച്ചു. ഇതുവഴി രാജ്യത്തെ വിനോദസഞ്ചാര മേഖലയെ പുരനുജ്ജീവിപ്പിക്കാനും ആഭ്യന്തര വരുമാനം വർധിപ്പിക്കാനും ധാരാളം പേർക്ക് തൊഴിവലസരങ്ങൾ നൽകാനും സാധിച്ചു. ടൂറിസം മേഖല മുമ്പുള്ളതിനേക്കാൾ കൂടുതൽ വളർച്ച രേഖപ്പെടുത്തി.
കായിക രംഗത്ത് 2020 വരെ 2000ത്തിലധികം കായിക സാംസ്കാരിക പരിപാടികൾ സംഘടിച്ചു. 46 ദശലക്ഷം പേർ കായിക പരിപാടികൾ കാണാനെത്തി. വിനോദ മേഖലയിലെ കമ്പനികളുടെ എണ്ണം ആയിരം കവിഞ്ഞു.
2020 വരെ ഒരു ലക്ഷത്തോളം തൊഴിലവസരങ്ങളുണ്ടായി. പരിസ്ഥിതി സംരക്ഷണ രംഗത്തും അഞ്ച് വർഷത്തിനിടയിൽ വലിയ നേട്ടങ്ങളാണ് കൈവരിച്ചത്. സസ്യ ജന്തുജാലങ്ങളെയും വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെയും പക്ഷികളെയും സംരക്ഷിക്കുന്നതിന് ധാരാളം പ്രകൃത സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിച്ചു. കാർബൺ ഡൈഒാക്സൈഡ് ഉദ്വമനം കുറക്കുന്നതിന് പരിസ്ഥിതി സൗഹൃദ സാേങ്കതിക വിദ്യകളുടെ ഉപയോഗം വർധിപ്പിച്ചു. ഇതിനായി മെഗാ പദ്ധതികൾ പ്രഖ്യാപിച്ചു. പൊതുനിക്ഷേപ ഫണ്ടിെൻറ ആസ്തി 2020 ൽ 1.5 ട്രില്യൻ റിയാലിലെത്തി. 2015 ൽ 580 ബില്യൺ റിലായിരുന്നു. സൗദിയിൽ നേരിട്ടുള്ള വിദേശ നിക്ഷേപ രംഗത്ത് വൻ കുതിപ്പുണ്ടായി.
നിയോം, കിദിയ, റെഡ്സീ എന്നീ പദ്ധതികൾ ആരംഭിക്കാനും വിദേശ നിക്ഷേപങ്ങളെ ആകർഷിക്കാനും ധാരാളം തൊഴിലവസരങ്ങളുണ്ടാക്കാനും സഹായിച്ചു. അഴിമതി നിർമാർജന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കി. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 247 ബില്യൺ റിയാൽ പൊതു ഖജനാവിലേക്ക് തിരിച്ചുപിടിച്ചു. സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാൻ വിവിധ പദ്ധതികൾ ആരംഭിച്ചു. 4,22,000 സ്വദേശികൾക്ക് തൊഴിലവസരങ്ങളുണ്ടാക്കാൻ സാധിച്ചു.
എണ്ണേതര വരുമാനങ്ങളും വർധിച്ചു. വ്യവസായ സ്ഥാപനങ്ങളുടെയും ഫാക്ടറികളുടെയും എണ്ണത്തിൽ 38 ശതമാനം വർധനയുണ്ടായി. ഫാക്ടറികളുടെ എണ്ണം 9984 ആയി. വിഷ്വനു മുമ്പ് 7206 ആയിരുന്നു. ഉൗർജം, വ്യവസായം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലും മുമ്പുള്ളതിനേക്കാൻ വലിയ പുരോഗതിയാണ് വിഷൻ 2030ലൂടെ രാജ്യം കൈവരിച്ചതെന്ന് സാമ്പത്തിക വികസന കാര്യ കൗൺസിൽ വിലയിരുത്തി.
റിയാദ്: സൗദിയുടെ സ്വപ്നപദ്ധതിയായ വിഷൻ 2030 അഞ്ചാം വാർഷികത്തോടനുബന്ധിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാെൻറ എക്സ്ക്ലൂസിവ് ടെലിവിഷൻ അഭിമുഖം ഇന്ന് നടക്കും. രാത്രി 11 മണിക്ക് സൗദിയുടെ ഔദ്യോഗിക ചാനലിൽ നടക്കുന്ന അഭിമുഖം പ്രധാനപ്പെട്ട അറബ് ടെലിവിഷൻ നെറ്റ്വർക്കുകളിലും തത്സമയം സംപ്രേഷണം ചെയ്യും. പദ്ധതി ആരംഭിച്ച് അഞ്ച് വർഷങ്ങൾക്കു ശേഷമുള്ള നേട്ടങ്ങളും വരാനിരിക്കുന്ന വർഷങ്ങളിൽ നടപ്പാക്കാനിരിക്കുന്നതുമായ വിവിധ പദ്ധതികൾ കിരീടാവകാശിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കൗൺസിൽ അവലോകനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.