ജിദ്ദ: സൗദിയിൽ സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലും തൊഴിൽ സ്വദേശിവത്കരണത്തിനുള്ള പരിഷ്കരിച്ച നിതാഖാത് (നിതാഖാത് മുത്വവർ) പദ്ധതി നടപ്പാക്കാൻ തുടങ്ങിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. സ്വദേശികളായ യുവതീ യുവാക്കൾ തൊഴിൽ വിപണിയിൽ കൂടുതൽ പങ്കാളികളാകുന്നതിനും ആഭ്യന്തര ഉൽപ്പാദനത്തെ പിന്തുണയ്ക്കാനുമുള്ള അവസരങ്ങൾ വർധിപ്പിക്കുന്നതിനും മന്ത്രാലയം കൈക്കൊണ്ട പദ്ധതികൾക്കും തീരുമാനങ്ങൾക്കും അനുസൃതമായാണ് പരിഷ്കരിച്ച നിതാഖാത് പദ്ധതി ഒരുക്കിയിരിക്കുന്നത്.
ഡിസംബർ ഒന്ന് മുതൽ ഇത് നടപ്പാക്കാൻ ആരംഭിച്ചിട്ടുണ്ട്. മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ തന്ത്രപരമായ പരിവർത്തന സംരംഭങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സ്തംഭങ്ങളിലൊന്നാണ് നിതാഖാത് പ്രോഗ്രാം. 'നിതാഖാത് മുത്വവറി'ന് നിരവധി സവിശേഷതകളുണ്ട്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ വ്യവസ്ഥാപിതമാക്കുന്നതോടൊപ്പം അടുത്ത മൂന്ന് വർഷത്തേക്ക് സ്വദേശിവത്കരണ രംഗത്ത് വ്യക്തമായ കാഴ്ചപ്പാടും സുതാര്യതയും നൽകുന്നതാണ്. ജീവനക്കാരുടെ എണ്ണവുമായി ബന്ധിപ്പിക്കൽ, ഓരോ സ്ഥാപനത്തിെൻറയും ആവശ്യമായ സ്വദേശിവത്കരണ ശതമാനം, പ്രവർത്തന മേഖലകൾ സമന്വയിപ്പിച്ച് ലളിതമായ രൂപകൽപ്പന, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തൽ എന്നിവ എടുത്തു പറയേണ്ട സവിശേഷതകളാണ്.
കൂടാതെ മന്ത്രാലയം ആരംഭിച്ച മറ്റ് സ്വദേശിവത്കരണ പ്രോഗ്രാമുകളുമായി ഇതിനെ ബന്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. പുതിയ പ്രോഗ്രാമിലൂടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 3,40,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് പ്രതിക്ഷിക്കുന്നത്. ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെയും സ്വകാര്യ മേഖലയിലെ സ്ഥാപന ഉടമകളുടെയും പങ്കാളിത്തത്തോടെയാണ് പുതിയ നിതാഖാത് പ്രോഗ്രാം മാനവ വിഭവശേഷി മന്ത്രാലയം വികസിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.