ഇസ്രായേൽ കൂട്ടക്കുരുതിയെ അപലപിച്ച് അറബ് രാഷ്ട്രങ്ങൾ; അക്രമം അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമെന്ന് സൗദി അറേബ്യ

റിയാദ്: ജെനിൻ അഭയാർഥി ക്യാമ്പിൽ ഒമ്പത് ഫലസ്തീൻകാരെ കൊലപ്പെടുത്തിയ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച് സൗദി അറേബ്യയും കുവൈത്തും ഒമാനും രംഗത്തെത്തി. ഇസ്രായേലി അധിനിവേശവും ആക്രമണവും അവസാനിപ്പിക്കാനും സിവിലിയൻമാർക്ക് ആവശ്യമായ സംരക്ഷണം നൽകാനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് സൗദി വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു.

ഇസ്രായേലി അധിനിവേശ സേന നടത്തുന്ന അക്രമങ്ങൾ അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച മന്ത്രാലയം ഇരകളുടെ കുടുംബങ്ങൾക്കും ഫലസ്തീൻ സർക്കാരിനും ജനങ്ങൾക്കും രാജ്യത്തിന്റെ ആത്മാർഥമായ അനുശോചനവും ഐക്യദാർഢ്യവും അറിയിച്ചു.

ഫലസ്തീന്റെ വടക്കൻ നഗരമായ ജെനിനിലെ തിരക്കേറിയ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം രക്തരൂക്ഷിതമായ അക്രമമാണ് വ്യാഴാഴ്ച അഴിച്ചുവിട്ടത്. വൃദ്ധയടക്കം ഒമ്പത് ഫലസ്തീനികളെ ക്രൂരമായി കൊലപ്പെടുത്തി. വെടിയേറ്റവരെ രക്ഷിക്കാ​നെത്തിയ ആംബുലൻസിനെ യുദ്ധ ടാങ്ക് ഉപയോഗിച്ച് തടഞ്ഞതായും ​ഫലസ്തീൻ അധികൃതർ അറിയിച്ചു.

നടന്നത് കൂട്ടക്കുരുതിയാണെന്നും ഇസ്രായേൽ വെടിവെപ്പിൽ 20 പേർക്ക് പരിക്കേറ്റുവെന്നും ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണെന്ന് ജെനിൻ ആശുപത്രി അധികൃതർ അറിയിച്ചു.

Tags:    
News Summary - Saudi Arabia condemns Israel raid in Jenin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.