ജിദ്ദ: ശവ്വാൽ ഒന്നു മുതൽ സൗദി അറേബ്യയിൽ പ്രവർത്തിക്കുന്ന എല്ലാ എയർലൈൻസ് കമ്പനികളിലെയും വിമാന ജോലിക്കാർക്ക് കോവിഡ് വാക്സിൻ കുത്തിവെപ്പ് നിർബന്ധമാക്കുന്നു. ഇതുസംബന്ധിച്ച നിർദേശം മുഴുവൻ വിമാന കമ്പനികൾക്കും സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി നൽകിയതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
കോവിഡ് പടരാതിരിക്കാൻ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട സമിതി പുറപ്പെടുവിച്ച നിർദേശത്തെ തുടർന്നാണ് തീരുമാനമെന്നും അതോറിറ്റി സൂചിപ്പിച്ചു. എല്ലാ പ്രാദേശിക കമ്പനികളും തീരുമാനം നിർബന്ധമായും പാലിക്കണം. കുത്തിവെപ്പെടുക്കാത്ത വിമാന ജോലിക്കാരുണ്ടെങ്കിൽ എല്ലാ ദിവസവും കോവിഡ് നെഗറ്റിവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
അതേസമയം, ബോർഡിങ് പാസും യാത്രക്കാരുടെ ആരോഗ്യ സ്റ്റാറ്റസും ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റിയുമായി സഹകരിച്ച് പൂർത്തിയാക്കി വരുകയാണെന്ന് സിവിൽ ഏവിയേഷൻ വക്താവ് ഇബ്രാഹീം അൽറുഅസാഅ് പറഞ്ഞു.
വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിനും യാത്രനടപടികൾക്കും വിമാനത്തിലേക്ക് കയറുന്നതിനും തവക്കൽനാ ആപ് അടുത്ത വ്യാഴാഴ്ച മുതൽ നിർബന്ധമാക്കാനുള്ള തീരുമാനത്തെ തുടർന്നാണിത്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുമ്പ് തവക്കൽനാ ആപ് വഴി ബോർഡിങ് പാസ് നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിവരുകയാണ്. കുത്തിവെപ്പെടുത്തവർ, തവക്കൽനാ ആപ്പിൽ രോഗബാധയില്ലെന്ന് തെളിയിക്കപ്പെട്ടവർ എന്നിവർക്കായിരിക്കും യാത്രാനുമതി ലഭിക്കുക. വിമാനത്താവളങ്ങളിലും വിമാനങ്ങളിലും രോഗമില്ലാത്ത അന്തരീക്ഷമൊരുക്കാനും യാത്ര സുരക്ഷിതമായിരിക്കാനുമാണ് തവക്കൽനാ ആപ് നിർബന്ധമാക്കുന്നത്.
പുതിയ തീരുമാനമനുസരിച്ച് പരിശോധന മൂന്നു സ്ഥലങ്ങളിലുണ്ടാകും. ആദ്യ പരിശോധന വിമാനത്താവള കവാടത്തിലായിരിക്കും. മുഴുവൻ വിമാനത്താവള ജീവനക്കാരെയും യാത്രക്കാരെയും കവാടങ്ങളിൽ പരിശോധനക്ക് വിധേയമാക്കും. രണ്ടാമത്തേത് യാത്രനടപടികളുടെയും ബോർഡിങ് പാസ് നൽകുകയും ചെയ്യുന്ന സമയത്താണ്. മൂന്നാമത്തെ പരിശോധന വിമാന കവാടങ്ങൾക്കടുത്തു വെച്ചായിരിക്കുമെന്നും വക്താവ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി ആഭ്യന്തര, അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ പ്രവേശിക്കാൻ തവക്കൽനാ ആപ് വേണമെന്ന വ്യവസ്ഥ നിശ്ചയിച്ചത്. ഡേറ്റ ആൻഡ് ഇൻറലിജൻസ് അതോറിറ്റിയുമായി ചേർന്ന് ഇതിനുള്ള പ്രവർത്തനം നടക്കുന്നുവെന്ന് ദേശീയ വിമാന കമ്പനികൾക്കുള്ള അറിയിപ്പിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.