സൈബർ രംഗത്തെ സുരക്ഷ വർധിപ്പിക്കാൻ പദ്ധതി

യാംബു: സൗദി അറേബ്യയിലെ സൈബർ രംഗത്തെ സുരക്ഷ വർധിപ്പിക്കാൻ ദേശീയ സൈബർ സുരക്ഷാ അതോറിറ്റി വിവിധ പദ്ധതികൾ ആവിഷ്‌കരിക്കുന്നു. രാജ്യത്തെ വിശാലമായ ആഭ്യന്തരസുരക്ഷാ സംവിധാനത്തെ കൂടുതൽ ഉത്തേജിപ്പിക്കാനും എല്ലാവർക്കും സൈബർസുരക്ഷ ഉറപ്പുവരുത്താനും 'സൈബർ ഐ.സി' എന്ന പേരിൽ പ്രത്യേക പ്രോഗ്രാം അതോറിറ്റി ആരംഭിച്ചു. 10,000 ലധികം സൗദി പൗരന്മാരുടെ സൈബർ രംഗത്തെ കഴിവുകൾ വികസിപ്പിക്കുന്നതിനും ആഭ്യന്തര സൈബർ സുരക്ഷാമേഖലയെ സജീവമാക്കാനും ലക്ഷ്യം വെച്ചാണ് പദ്ധതി.

ഏറ്റവും പ്രധാനപ്പെട്ട സൈബർ സുരക്ഷാവെല്ലുവിളികളെ അഭിമുഖീകരിക്കാൻ പ്രാപ്തരാക്കുന്ന ഒരു ടീമിനെ വാർത്തെടുക്കാനും ഈ രംഗത്തെ നൂതനസാങ്കേതിക വിദ്യകളെ കുറിച്ചുള്ള അവബോധം നൽകാനും പ്രോഗ്രാം സഹായിക്കും. സർക്കാർതലത്തിൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ ബഹുമുഖമായ കഴിവുകൾ വികസിപ്പിക്കാനും സൈബർ സുരക്ഷാവിദ്യകൾ പ്രാവർത്തികമാക്കാനും പുതിയ പദ്ധതി വഴി സാധിക്കും. സൈബർ സുരക്ഷാ മാർഗങ്ങളും സേവനങ്ങളും കൂടുതൽ വികസിപ്പിക്കാനും അവയുടെ പ്രാദേശികവൽക്കരണവും ആഭ്യന്തര സൈബർ സുരക്ഷാ ഇക്കോസിസ്റ്റം ഉത്തേജിപ്പിക്കാനും അതോറിറ്റിക്ക് പരിപാടിയുണ്ട്.

'സൈബർ സെക്യൂരിറ്റി ചലഞ്ച്' രണ്ടാം പതിപ്പിന്റെ സമാരംഭവും ഈ മേഖലയിലെ പ്രശസ്തമായ അന്താരാഷ്ട്ര സർവകലാശാലകളുമായി സഹകരിച്ച് ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർമാർക്കുള്ള ഓഫർ പ്രോഗ്രാമുകളും 'സൈബർ ഐ.സി' പ്രോഗ്രാമിൽ ഉൾപ്പെടും. ഏറ്റവും പ്രധാനപ്പെട്ട സൈബർ സുരക്ഷാവെല്ലുവിളികളെ നേരിടാൻ പ്രാവിണ്യം ഉള്ളവരെ ഉറച്ചുവരുത്താനും സൈബർ ആക്രമണങ്ങളെയും സംഭവങ്ങളെയും പ്രതിരോധിക്കുന്ന വെർച്വൽ പദ്ധതികൾ ഉൾപ്പെടുന്ന കോഴ്‌സുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്.

ആറ് പ്രധാന വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രോഗ്രാം ഒരുക്കുന്നത്. ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ്, സൈബർ സെക്യൂരിറ്റി ഓഫീസർമാർ, സൈബർ സുരക്ഷാപരിശീലകർ, പുതിയ ബിരുദധാരികൾ, സൈബർ സുരക്ഷാവിദഗ്ധർ, നിയമ നിർവഹണ ഏജൻസികൾ എന്നിവയാണവ. 60 ലധികം ദേശീയ സൈബർ സുരക്ഷാ സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതിലൂടെ രാജ്യത്തെ സൈബർ സുരക്ഷാ സംവിധാനങ്ങളുടെ വളർച്ചയെ പരിപോഷിപ്പിക്കും. 40 എണ്ണം ഇതിനകം ആരംഭിച്ചുകഴിഞ്ഞതായും ബാക്കി 20 എണ്ണം സൈബർ സുരക്ഷാ ചലഞ്ചിലൂടെ പൂർത്തിയാക്കുമെന്നും അതോറിറ്റി അറിയിച്ചു.

Tags:    
News Summary - Saudi arabia Plan to increase cyber security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.