മക്ക: ഗസ്സയിലെ ക്രൂരമായ കുറ്റകൃത്യങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര സമൂഹം ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കണമെന്നും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. ഹജ്ജ് നിർവഹിക്കാനെത്തിയ ഉന്നത വ്യക്തികൾ, ഇസ്ലാമിക രാജ്യങ്ങളിലെ പ്രമുഖർ, സൽമാൻ രാജാവിന്റെ അതിഥികൾ, സർക്കാർ ഏജൻസികളുടെ അതിഥികൾ, പ്രതിനിധി സംഘത്തലവന്മാർ, ഹജ്ജ് കാര്യ ഓഫിസ് പ്രതിനിധികൾ എന്നിവർക്ക് മിന കൊട്ടാരത്തിലൊരുക്കിയ സ്വീകരണ ചടങ്ങിലാണ് കിരീടാവകാശി ഇക്കാര്യം പറഞ്ഞത്.
ഗസ്സയിലെ സഹോദരങ്ങൾക്കെതിരെ ഹീന കുറ്റകൃത്യങ്ങളാണ് തുടരുന്നത്. ഈ ദുഷ്കര സാഹചര്യത്തിലാണ് ബലിപെരുന്നാൾ എത്തിയിരിക്കുന്നത്. ഈ ആക്രമണം ഉടൻ നിർത്തേണ്ടതുണ്ട്. ഗസ്സയിലെ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം മുന്നോട്ടു വണം. ഗസ്സയിൽ ഉടൻ വെടിനിർത്തൽ വേണമെന്ന യു.എൻ സുരക്ഷ കൗൺസിൽ പാസാക്കിയ പ്രമേയങ്ങൾ നടപ്പാക്കേണ്ടതിന് പ്രാധാന്യമേറെയാണ്. ഫലസ്തീൻ ജനതക്ക് അവരുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കാൻ പ്രാപ്തരാക്കുന്നതിനും നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കാനും കിഴക്കൻ ജറൂസലമിനെ തലസ്ഥാനമാക്കി 1967-ലെ അതിർത്തിയിൽ, സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ അന്താരാഷ്ട്ര സമൂഹത്തോടുള്ള ആഹ്വാനം സൗദി പുതുക്കുന്നുവെന്നും കിരീടാവകാശി പറഞ്ഞു.
സൽമാൻ രാജാവിനുവേണ്ടി നിങ്ങളെയും എല്ലാ മുസ്ലിംകളെയും അനുഗ്രഹീതമായ ഈ പെരുന്നാൾ സുദിനത്തിൽ അഭിനന്ദിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. തീർഥാടകരുടെ അനുഷ്ഠാനങ്ങൾ സ്വീകരിക്കാനും സുരക്ഷിതത്വത്തിലും എളുപ്പത്തിലും അവ പൂർത്തിയാക്കാൻ അവരെ സഹായിക്കാനും ദൈവത്തോട് പ്രാർഥിക്കുന്നു. ഇരുഹറമുകൾക്ക് സേവനം നൽകുന്നതിനും അവിടം സന്ദർശിക്കുന്നവരെ പരിപാലിക്കുന്നതിനും അവരുടെ സുരക്ഷയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനും സൗദികളായ ഞങ്ങളെ ആദരിച്ചതിന് ദൈവത്തിന് നന്ദി പറയുന്നു.
ഈ മഹത്തായ കർത്തവ്യം തുടർന്നും നിർവഹിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ദൈവത്തിന്റെ അതിഥികൾക്ക് അവരുടെ ആഗമനം മുതൽ അവരുടെ വീടുകളിലേക്ക് പുറപ്പെടുന്നത് വരെ സുരക്ഷിതമായും സുഗമമായും എല്ലാ കഴിവുകളും പ്രയോജനപ്പെടുത്താൻ ഞങ്ങൾ പരിശ്രമിക്കുമെന്നും കിരീടാവകാശി പറഞ്ഞു. ഈ അനുഗ്രഹീത നാളുകളിൽ ഞങ്ങൾക്കും മുസ്ലിം രാഷ്ട്രങ്ങൾക്കും സുരക്ഷയും സമൃദ്ധിയും നൽകണമെന്ന് പ്രാർഥിക്കുന്നുവെന്നും കിരീടാവകാശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.