സ്ഥാപക ദിനാഘോഷത്തിന്റെ നിറവിലാണ് സൗദി അറേബ്യ. സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെയും നേതൃത്വത്തിൽ വൻ വികസനക്കുതിപ്പിലാണ് രാജ്യം.
2016ൽ പ്രഖ്യാപിക്കപ്പെട്ട വിഷൻ 2030ന്റെ ചുവടുപിടിച്ചാണ് അഭൂതപൂർവമായ മാറ്റങ്ങൾക്കും വളർച്ചക്കും തുടക്കമിട്ടത്. സാമൂഹിക പരിഷ്കാരങ്ങളും സാംസ്കാരിക നിയമങ്ങളുടെ ഉദാരവത്കരണവും സർക്കാർ സംവിധാനങ്ങളുടെ പുനഃക്രമീകരണവും വഴി പൗരന്മാരുടെയും രാജ്യനിവാസികളുടെയും ദൈനംദിന ജീവിതം സമൃദ്ധിയുടെയും പുതിയ അവസരങ്ങളുടേതുമാക്കി മാറ്റാൻ ഈ കാലയളവിൽ സാധിച്ചിട്ടുണ്ട്.
ഊർജസ്വലമായ സമൂഹം, അഭിവൃദ്ധി പ്രാപിക്കുന്ന സമ്പദ്വ്യവസ്ഥ, ഇച്ഛാശക്തിയുള്ള രാജ്യം എന്നീ അടിസ്ഥാനങ്ങളിൽ നിന്നുകൊണ്ടാണ് ചരിത്രപരമായ ‘വിഷൻ 2030’ന് രൂപം നൽകിയിരിക്കുന്നത്.
സമൂഹത്തെ ഊർജസ്വലമാക്കി നിർത്തുന്നതിന് രാജ്യത്തിന്റെ അടിസ്ഥാനമായ ഇസ്ലാമിക വിശ്വാസങ്ങളിൽ അടിയുറച്ച് നിന്നുകൊണ്ട് തന്നെ സ്പോർട്സ്, ആർട്സ്, ടൂറിസം, സിനിമ, സംഗീതനിശകൾ, ബിസിനസ്, കൾചറൽ ഇവൻറുകൾ തുടങ്ങി അന്തർദേശീയ നിലവാരമുള്ള നിരവധി വിനോദോപാധികൾ ലഭ്യമാക്കിക്കഴിഞ്ഞിരിക്കുന്നു. സമ്പദ് വ്യവസ്ഥയെ ഉദ്ദീപിപ്പിക്കുന്ന വൈവിധ്യങ്ങളായ പദ്ധതികൾ സൗദി അറേബ്യ ജി20 രാജ്യങ്ങളിൽ വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയാക്കിയിരിക്കുന്നു. ഇച്ഛാശക്തിയുള്ള രാജ്യമാകുന്നതിനായി ഭരണനിർവഹണത്തിൽ കൂടുതൽ ഉത്തരവാദിത്തം, സുതാര്യത, ഫലപ്രാപ്തി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തു മുന്നോട്ടുപോകുന്ന ഗവൺമെന്റ്, ഓൺലൈൻ സേവനങ്ങൾ വിപുലീകരിച്ച് ഭരണനിലവാരം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അഞ്ചു ലക്ഷത്തിലധികം സർക്കാർ ജീവനക്കാർക്ക് വിവിധ പരിശീലനങ്ങൾ നൽകുന്ന കിങ് സൽമാൻ ഹ്യൂമൻ കാപിറ്റൽ ഡെവലപ്മെന്റ് പ്രോഗ്രാമും വിഷൻ 2030ന്റെ ഭാഗമാണ്.
സൗദി അറേബ്യയെ ലോകത്തിന്റെ മുൻനിരയിൽ എത്തിക്കാനുള്ള ‘യുദ്ധ’ത്തിലാണെന്നും അഞ്ചു വർഷത്തിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാവുമെന്നും സൗദി കിരീടാവകാശി നാലുവർഷം മുമ്പ് ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനിേഷ്യറ്റിവ് കോൺഫറൻസിൽ പ്രഖ്യാപിച്ചതിലും വേഗത്തിലാണ് സൗദി അറേബ്യയിൽ മാറ്റങ്ങൾ ദർശിച്ചുതുടങ്ങിയത്. സൗദി യുവാക്കളിൽ ദിശാബോധം വളർത്താനും പുതിയ കാലത്തെ ജോലിസാധ്യതകൾക്ക് തയാറാക്കാനും ഈ കാലയളവിൽ സാധിച്ചിട്ടുണ്ട്. പബ്ലിക്, പ്രൈവറ്റ് സെക്ടറുകളിൽ സ്ത്രീകൾക്കു മാത്രമായി ധാരാളം ജോലിസാധ്യതകളാണ് തുറക്കപ്പെട്ടത്. അഭ്യസ്തവിദ്യരായ സൗദി സ്ത്രീകൾ ധാരാളമായി ജോലിസാധ്യതകൾ പ്രയോജനപ്പെടുത്തുന്നുമുണ്ട്. ഈ കുറഞ്ഞ കാലയളവിൽ 50 ശതമാനത്തിലധികം സ്ത്രീകൾ ജോലിചെയ്യുന്ന സ്ഥാപനങ്ങൾവരെ പബ്ലിക് സെക്ടറിലുണ്ട്. ജോലിയിൽ മികവു പുലർത്തുന്നവർക്ക് മികച്ച സൗകര്യങ്ങളും മികവു പുലർത്താത്തവർക്ക് ജോലിയിൽ തുടരുന്നത് ബുദ്ധിമുട്ടാവുന്ന സാഹചര്യവുമാണ് നിലവിലുള്ളത്.
വിഷൻ 2030ന്റെ ഭാഗമായി നിരവധി പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്. പൂർണമായും പുനരുപയോഗ ഊർജത്തിൽ മാത്രം പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ നഗരമായ ‘നിയോം സിറ്റി’യാണ് പ്രഖ്യാപിക്കപ്പെട്ടതിൽ ഏറ്റവും വലിയ പദ്ധതി. ദ ലൈൻ വെർട്ടിക്കൽ സിറ്റി, സിൻഡാല ആഡംബര ദ്വീപ്, ടൂറിസത്തിനായുള്ള ട്രോജെന മലനിരകൾ, ഓക്സഗോൺ വ്യവസായിക കേന്ദ്രം എന്നീ മേഖലകളടങ്ങുന്ന സ്വപ്നതുല്യമായ നഗരമാണിത്. തബൂക്ക് പ്രവിശ്യയിൽ നിർമാണം പുരോഗമിക്കുകയാണ്. ഒരു ലീനിയർ സ്മാർട്ട് സിറ്റിയാണ് ദ ലൈൻ. കാറുകളോ കാർബൺ പുറന്തള്ളലോ ഇല്ലാതെ ദൈനംദിന കാര്യങ്ങൾക്കാവശ്യമായതെല്ലാം നടന്നെത്താൻ കഴിയുന്ന രീതിയിലാണ് 170 കിലോമീറ്റർ നീളമുള്ള ദ ലൈൻ രൂപകൽപന ചെയ്തിരിക്കുന്നത്.
ചെങ്കടലിലേക്ക് മനോഹരമായ ഗേറ്റ് വേ പ്രധാനം ചെയ്യുന്ന ആഡംബര ദ്വീപ് ‘സിൻഡാല’ 2024ൽ സന്ദർശകർക്കായി തുറന്നുകൊടുക്കുന്ന നിയോം പ്രോജക്ടിലെ ആദ്യത്തെ സംരംഭം ആയിരിക്കും. ട്രോജെന മലനിരകൾ മൗണ്ടൻ ടൂറിസത്തിനുള്ള പുതിയ ആഗോള ലക്ഷ്യസ്ഥാനമായി മാറും. ഓക്സഗോൺ തുറമുഖവും ലോജിസ്റ്റിക്സ് ഹബും നിയോം പദ്ധതിയുടെ ഭാഗമായി നിലവിൽ വരുന്ന മോഡേൺ ഇൻഡസ്ട്രിയൽ സിറ്റിയായിരിക്കും.
20 ശതകോടി ഡോളറിന്റെ ജിദ്ദ സെൻട്രൽ പദ്ധതി അൽ സലാം കൊട്ടാരം മുതൽ നഗരത്തിലെ ജലശുദ്ധീകരണ പ്ലാൻറ് വരെ നീണ്ടുകിടക്കുന്ന 57 ലക്ഷം ചതുരശ്ര മീറ്റർ പ്രദേശം നവീകരിച്ച് സ്പോർട്സ് സ്റ്റേഡിയം, ഓഷ്യനേറിയം, കോറൽ ഫ്രണ്ട്, ഓപറ ഹൗസ്, ബീച്ച്, നടപ്പാത, പാർക്കുകൾ, യാച്ച് മറീന, താമസ സൗകര്യങ്ങൾ, ഹോട്ടലുകൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ്. കിഴക്കൻ പ്രവിശ്യയിൽ 50 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന കിങ് സൽമാൻ എനർജി പാർക്ക് രാജ്യത്തിന്റെ ഊർജ മേഖലയുടെ മുൻനിര കവാടമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.
തലസ്ഥാനമായ റിയാദിനെ ലോകത്തിലെ ഏറ്റവും വലിയ 10 നഗര സമ്പദ്വ്യവസ്ഥകളിലൊന്നാക്കി മാറ്റാനുദ്ദേശിച്ചുള്ള നിരവധി പദ്ധതികളാണ് നടപ്പാകുന്നത്. 2030ഓടെ റിയാദിലെ ജനസംഖ്യ ഇന്നത്തെ 75 ലക്ഷത്തിൽനിന്ന് 150 ലക്ഷമായെങ്കിലും വർധിപ്പിക്കുകയാണ് ലക്ഷ്യം. 2030ലെ വേൾഡ് എക്സ്പോ റിയാദിൽ നടത്തുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് രാജ്യം. റിയാദിനെ ലോകോത്തര നഗരമാക്കാനുള്ള പദ്ധതികളിൽ ഏറ്റവും ഒടുവിലത്തേതാണ് ‘ന്യൂ മുറബ്ബ’. ലോകത്തിലെ ഏറ്റവും വലിയ ആധുനിക നഗരകേന്ദ്രം നിർമിക്കുന്നതിനുള്ള ഈ പദ്ധതി കിരീടാവകാശി ഫെബ്രുവരി 16നാണ് പ്രഖ്യാപിച്ചത്. റിയാദിന്റെ വടക്കുപടിഞ്ഞാറായി 19 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ കിങ് സൽമാൻ റോഡിനും കിങ് ഖാലിദ് റോഡിനുമടുത്തായി വരുന്ന ഈ ആധുനിക നഗരകേന്ദ്രത്തിന്റെ മുഖ്യ ആകർഷണം നൂതന സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന, 400 മീറ്റർ വീതം ഉയരവും വീതിയും നീളവുമുള്ള ലോകത്തിലെ ഏറ്റവും വലിയ നിർമിത ഘടനകളിലൊന്നായ ‘മുഖാബ്’ ആയിരിക്കും. ആധുനിക നജ്ദി വാസ്തുവിദ്യ ശൈലിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഏറ്റവും പുതിയ ഹോളോഗ്രാഫിക്സിനൊപ്പം ഡിജിറ്റൽ, വെർച്വൽ സാങ്കേതികവിദ്യകളടങ്ങുന്ന വ്യത്യസ്ത അനുഭവം നൽകുന്ന ലോകത്തിലെ ആദ്യത്തെ ഇമ്മേഴ്സിവ് ഡെസ്റ്റിനേഷൻ കൂടിയായിരിക്കും മുഖാബ്. ഐക്കണിക് മ്യൂസിയം, ടെക്നോളജി ആൻഡ് ഡിസൈൻ യൂനിവേഴ്സിറ്റി, മൾട്ടി പർപ്പസ് ഇമ്മേഴ്സിവ് തിയറ്റർ, 80ലധികം വിനോദ സാംസ്കാരിക വേദികൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടും. 2030ൽ പൂർത്തിയാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന പദ്ധതി വഴി എണ്ണയിതര സമ്പദ്വ്യവസ്ഥയിലേക്ക് ഏകദേശം 50 ശതകോടി ഡോളർ കൂട്ടിച്ചേർക്കുമെന്നും 3,34,000 പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.
നഗരമധ്യത്തിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു വലിയ പദ്ധതിയാണ് കിങ് സൽമാൻ പാർക്ക്. നഗരത്തിന്റെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഊർജസ്വലവും ആരോഗ്യകരവുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനും റിയാദിന്റെ ആഗോള റാങ്കിങ് ഉയർത്തുന്നതിനുമുള്ള സൗദി വിഷൻ 2030ന്റെ ലക്ഷ്യം നടപ്പാക്കുന്നതിനും പാരിസ്ഥിതിക, സാംസ്കാരിക, കായിക, കലാ, വിനോദ ഓപ്ഷനുകൾ ഉൾപ്പെടുന്ന സമഗ്രമായ അനുഭവമായിരിക്കും കിങ് സൽമാൻ പാർക്ക് നൽകുന്നത്.
2027ലെ ഏഷ്യൻ ഫുട്ബാൾ മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കുന്നത് സൗദി അറേബ്യ ആയിരിക്കും. 2023 ഫിഫ ക്ലബ് ലോകകപ്പും സൗദിയിൽ നടക്കും. ഡിസംബർ 12 മുതൽ 22 വരെ നടക്കുന്ന മത്സരങ്ങളിൽ ആറു ഭൂഖണ്ഡങ്ങളിലെ ക്ലബ് ജേതാക്കൾ ഏറ്റുമുട്ടും. സ്പോർട്സ്, ടൂറിസം പ്രമോഷന്റെ ഭാഗമായി ഇന്ത്യയുമായി സഹകരിക്കുന്ന ഇവൻറുകളും നിരവധിയാണ്. സന്തോഷ് ട്രോഫിക്കായുള്ള ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലും ഫൈനലും മാർച്ച് ഒന്നിനും നാലിനും ഇടയിൽ റിയാദിലുള്ള കിങ് ഫഹദ് ഇൻറർനാഷനൽ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുകയാണ്.
ഐ.പി.എൽ 2022ൽ ഏറ്റവും കൂടുതൽ റൺസ് സ്കോറർക്കുള്ള ഓറഞ്ച് കാപ്പും ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളർക്കുള്ള പർപ്പിൾ കാപ്പും സ്പോൺസർ ചെയ്തിരിക്കുന്നത് സൗദി അരാംകോയാണ്. സൗദി ടൂറിസം അതോറിറ്റി (എസ്.ടി.എ) ഐ.പി.എൽ 2023ലെ സ്പോൺസർഷിപ് പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്.
സൗദി അറേബ്യ പ്രധാന ടൂറിസം വിപണിയായാണ് ഇന്ത്യയെ കാണുന്നത്. 2030ഓടെ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ ഇന്ത്യയിൽ നിന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന ലീപ്, ബിഗ് ഫൈവ്, നൂർ റിയാദ്, തുവൈഖ് സ്കൾപ്ചർ, ഫോർമുല വൺ തുടങ്ങിയ നിരവധി ഇവൻറുകളും സൗദിയുടെ വിവിധ നഗരങ്ങളിൽ സംഘടിപ്പിക്കപ്പെടുന്നുണ്ട്.
ഇന്ത്യക്കാരടങ്ങുന്ന പ്രവാസികളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞുപോയ വർഷങ്ങൾ ചില തൊഴിൽ മേഖലകളിലെ സ്വദേശിവത്കരണം ബാധിച്ചിട്ടുണ്ടെങ്കിലും പ്രഫഷനലുകൾക്ക് അനവധി തൊഴിൽ സാധ്യതകളാണ് സൗദിയുടെ ഈ വികസനക്കുതിപ്പ് തുറന്നുവെക്കുന്നത്.
ആദ്യത്തെ സൗദി സ്റ്റേറ്റ് എന്നറിയപ്പെടുന്ന ദറഇയ എമിറേറ്റ് 1727 ഫെബ്രുവരിയിൽ സ്ഥാപിതമായതിന്റെ സ്മരണക്കായാണ് ഫെബ്രുവരി 22 സ്ഥാപക ദിനമായി ആഘോഷിക്കുന്നത്. പിന്നീട് 1932ൽ അബ്ദുൽ അസീസ് അൽ സഊദ് രാജാവ് നെജ്ദ്, ഹിജാസ് അടക്കം വിവിധ നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർത്ത് സൗദി അറേബ്യ എന്ന ഏകീകൃത രാജ്യം സാക്ഷാത്കരിച്ചതിന്റെ സ്മരണക്കായി എല്ലാ വർഷവും സെപ്റ്റംബർ 23ന് സൗദി ദേശീയദിനവും ആഘോഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.