ദമ്മാം: ബഹ്ൈറനിൽനിന്ന് സൗദിയിലേക്ക് കോസ്വേ വഴി പ്രവേശിക്കുന്നതിന് വന്ന തടസ്സം കാരണം കുടുങ്ങിയവരുടെ കാര്യത്തിൽ ഇന്ത്യൻ എംബസി അടിയന്തരമായി ഇടപെടണമെന്ന് നവോദയ സാംസ്കാരിക വേദി ആവശ്യപ്പെട്ടു. സാധാരണ തൊഴിലാളികളായ മലയാളികൾ ഉൾപ്പെടെ നിരവധിപേർക്ക് വലിയ പ്രതിസന്ധിയാണ് ഇതു സൃഷ്ടിച്ചിട്ടുള്ളത്.
ഇന്ത്യ ഉൾപ്പെടെ ചില രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സർവിസ് നിലവിലില്ലാത്തത് കാരണം പ്രവാസികളായ ഇന്ത്യക്കാരിൽ മഹാഭൂരിപക്ഷവും സൗദിയിലേക്ക് വിസ കാലാവധി തീരുന്നതിന് മുമ്പ് തിരിച്ചെത്തി ജോലിയിൽ പ്രവേശിക്കുന്നതിനായ് ഏജൻറുമാർക്ക് വലിയ തുക നൽകിയാണ് ബഹ്റൈനിൽ എത്തിയിട്ടുള്ളത്. 14 ദിവസം ക്വാറൻറീൻ കഴിഞ്ഞ് നിയമാനുസൃത കോവിഡ് ടെസ്റ്റ്നടത്തി സർട്ടിഫിക്കറ്റുമായി കോസ്വേ വഴി സൗദിയിൽ പ്രവേശിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു. ഇവരിൽ മഹാഭൂരിപക്ഷവും കോവിഡ് വാക്സിനേഷൻ ഒന്നും, രണ്ടും ഡോസ് എടുത്തവരും കോവിഡ് രോഗമുക്തരായി സ്വയം പ്രതിരോധശേഷി ലഭ്യമായവരുമാണ്.
പുതിയ ഉത്തരവ് അനുസരിച്ച് ഇവർക്ക് സൗദിയിലേക്ക് വിമാനമാർഗം മാത്രമെ യാത്ര ചെയ്യാൻ കഴിയൂ. പക്ഷേ, നിലവിലെ സാഹചര്യത്തിൽ വിമാനക്കമ്പനികൾ ഏർപ്പെടുത്തിയ ഭീമമായ യാത്രാ ചെലവ് വഹിച്ച് സൗദിയിലെത്തിച്ചേരാൻ സാധാരണ പ്രവാസികൾക്ക് കഴിയില്ല.
യാത്രാ ചെലവ് എങ്ങനെയെങ്കിലും തരപ്പെടുത്തുന്നവർക്ക് നിലവിൽ വിമാന ടിക്കറ്റും ലഭ്യവുമല്ല. അടിയന്തര പ്രാധാന്യമർഹിക്കുന്ന വിഷയത്തിൽ പ്രത്യേക വിമാന സേവനം തരപ്പെടുത്തി ബഹ്റൈനിൽ കുടുങ്ങിയ പ്രവാസികളെ വിസ കാലാവധി തീരുന്നതിന് മുമ്പ് സൗദിയിലെത്തിക്കാൻ കേന്ദ്രസർക്കാറും ഇന്ത്യൻ എംബസിയും അടിയന്തര ഇടപെടൽ നടത്തണം.ഇക്കാര്യമുന്നയിച്ച് ഇന്ത്യൻ അംബാസഡർക്കും കേന്ദ്ര സർക്കാറിനും ദമ്മാം നവോദയ നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.