യാംബു: സൗദി അറേബ്യയുടെ സ്ഥാപകദിനമായ സെപ്റ്റംബർ 23ന് നടക്കുന്ന ദേശീയദിനാചരണത്തിന്റ ഭാഗമായി അൽഉലയിൽ കലാപ്രകടനങ്ങൾക്ക് വേദിയൊരുങ്ങുന്നു. 92ാമത് ദേശീയദിനം ആഘോഷിക്കുന്നതിന് വിപുലമായ ഒരുക്കമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്.
പ്രമുഖ പ്രാദേശിക, അന്തർദേശീയ കലാകാരന്മാർ അൽഉലയിൽ ആഘോഷപരിപാടിയുടെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിക്കുമെന്ന് അൽഉല റോയൽ കമീഷൻ അതോറിറ്റി ചീഫ് മാനേജ്മെന്റും മാർക്കറ്റിങ് ഓഫിസറുമായ ഫിലിപ്പ് ജോൺസ് അറിയിച്ചു. സെപ്റ്റംബർ 22ന് രാത്രി എട്ടു മുതൽ പരിപാടി ആരംഭിക്കും. 23 മുതൽ 25 വരെ വിവിധ പ്രദർശന പരിപാടികളും നടക്കും.
ഈ വർഷം തുടക്കത്തിൽ 'ഡെസേർട്ട് എക്സ് അൽഉല ആർട്ട് എക്സിബിഷൻ' നടത്തിയ അതേ സ്ഥലത്താണ് ഫെസ്റ്റിവലും പ്രദർശനവും ഒരുങ്ങുന്നത്. സൗദിയുടെ പാരമ്പര്യവും പൈതൃകവും സംരക്ഷിച്ചുവരുന്ന അൽഉലയിൽ അടുത്തകാലത്തായി നിരവധി ഉത്സവങ്ങളും ഇവന്റുകളും സംഘടിപ്പിച്ചുവരുന്നുണ്ട്. തന്തൂറയിലെ ശീതകാല ഉത്സവം, അൽഉല വെൽനസ് ഫെസ്റ്റിവൽ തുടങ്ങിയവ ഇതിനകം ശ്രദ്ധപിടിച്ച പരിപാടികളായിരുന്നു. അറേബ്യൻ ഉപദ്വീപിലെ 7000 വർഷത്തെ പഴക്കമുള്ള പൈതൃക നാഗരികതകളിൽനിന്നു ഭിന്നമായ പ്രദേശത്തിന്റെ പരിസ്ഥിതി പ്രാധാന്യം മനസ്സിലാക്കിയാണ് സന്ദർശകർ അൽഉല കാണാനെത്തുന്നത്. പുരാതന കാലത്തെ ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും നാൾവഴികൾ വിളിച്ചോതുന്ന ഉത്സവങ്ങളും പൈതൃകപരിപാടികളും സന്ദർശകരെ ആകർഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.