ജിദ്ദ: കോവിഡ് പ്രത്യാഘാതത്തിൽ പെട്ടുഴലുന്ന ലോകത്തിെൻറ നിലവിലെ അവസ്ഥയിൽ സാംസ്കാരിക, സർഗാത്മക പ്രവർത്തനങ്ങൾ വീണ്ടെടുക്കാനുള്ള മാർഗങ്ങളെക്കുറിച്ച് അന്താരാഷ്ട്ര ആലോചനകളും സംവാദങ്ങളും ശക്തിപ്പെടുത്താനും അതിെൻറ മുഴുവൻ സാധ്യതകളും തിരിച്ചറിയാനും സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്ന് സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ പറഞ്ഞു.
ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ നടന്ന ജി20 രാജ്യങ്ങളിലെ സാംസ്കാരിക മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സുസ്ഥിരമായൊരു ലോകത്തിനും എല്ലാജനങ്ങൾക്കും സമ്പന്നമായ ഭാവിക്കും സുപ്രധാനമായ എൻജിനാണ് സംസ്കാരമെന്നും മന്ത്രി പറഞ്ഞു. ജി20 സാംസ്കാരിക മന്ത്രിമാരുടെ മന്ത്രിതല യോഗത്തിെൻറ വൈസ് പ്രസിഡൻറായി റോമിൽ എത്താനായതിൽ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇറ്റാലിയൻ സാംസ്കാരിക മന്ത്രി ഡോ. ഡാരിയോ ഫ്രാൻസെസ്ചിനിക്ക് അദ്ദേഹം നന്ദി പറഞ്ഞു. കഴിഞ്ഞവർഷം സൗദി അറേബ്യ ജി20 അധ്യക്ഷ പദവിയിലിരുന്നപ്പോൾ നടന്ന സാംസ്കാരിക മന്ത്രിമാരുടെ ആദ്യത്തെ സംയുക്ത യോഗം മുതൽ ജി20യുടെ ചട്ടക്കൂടിനുള്ളിൽ സാംസ്കാരിക സംവാദം തുടരാനുള്ള പ്രതിബദ്ധതയിൽ പങ്കെടുത്ത എല്ലാവർക്കും അഗാധമായ അഭിനന്ദനം അറിയിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
സാംസ്കാരിക പൈതൃകം സംരക്ഷിക്കാനും സംസ്കാരങ്ങളെ പിന്തുണക്കാനും സൗദി അറേബ്യ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന പരിശ്രമങ്ങൾ അദ്ദേഹം വിവരിച്ചു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സൗദിയിലെ ആറ് ചരിത്ര സ്ഥലങ്ങൾ രജിസ്റ്റർ ചെയ്യാനായെന്നും സാംസ്കാരിക പൈതൃകം സംരക്ഷിക്കാനുള്ള ശ്രമങ്ങളിൽ സൗദി അറേബ്യ വലിയ പുരോഗതി കൈവരിച്ചെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.