ജുബൈൽ: സൗദി അറേബ്യൻ റെയിൽവേ കമ്പനി (എസ്.എ.ആർ) ഈ വർഷം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പു നടത്തി. ഈ വർഷം ആദ്യ ആറു മാസത്തിനിടെ യാത്രക്കാരുടെ എണ്ണത്തിലും വഹിച്ച ചരക്കുകളുടെ അളവിലും മികവ് രേഖപ്പെടുത്തി.
വടക്കൻ, കിഴക്കൻ, ഹറമൈൻ ഹൈസ്പീഡ് റെയിൽ ശൃംഖലകളിലൂടെ കഴിഞ്ഞ ആറു മാസത്തിനിടെ സഞ്ചരിച്ചത് 23 ലക്ഷം യാത്രക്കാരാണ്. 2021ലെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ 121 ശതമാനം വർധനയാണ് കാണിക്കുന്നത്.
സൗദി റെയിൽവേയുടെ പ്രവർത്തന റിപ്പോർട്ട് പ്രകാരം 67.5 ലക്ഷത്തിലധികം ടൺ ചരക്കുകളാണ് ഈ കാലയളവിനുള്ളിൽ കൈകാര്യംചെയ്തത്. ഇതിലൂടെ റോഡുകളിലൂടെയുള്ള ചരക്കുഗതാഗതവും ട്രക്കുകളുടെ ആധിക്യവും ഗണ്യമായി കുറക്കുന്നതിന് സാധിച്ചു.
ആറു മാസമായുള്ള പ്രവർത്തനങ്ങൾ രാജ്യത്തെ വിവിധ നഗരങ്ങളിൽ യാത്രക്കാരെയും ചരക്കുകളും എത്തിക്കുന്നതിന് ഉയർന്ന നിലവാരവും വിശ്വാസ്യതയുമുള്ള ബദലായി മാറുന്നതിന് സൗദി റെയിൽവേക്ക് കഴിഞ്ഞതായി സി.ഇ.ഒ ഡോ. ബാഷർ അൽമാലിക് പറഞ്ഞു.
ഇത് സൗദി അറേബ്യ സാക്ഷ്യംവഹിക്കുന്ന സാമൂഹിക-സാമ്പത്തിക വികസനത്തെയും രാജ്യത്തിന്റെ വളർച്ചയെയും പ്രതിഫലിപ്പിക്കുന്നതായി. കാർബൺ പുറന്തള്ളൽ കുറക്കുന്നതിൽ കാര്യക്ഷമമായ പങ്കുവഹിക്കുന്നതിനാൽ സൗദി ട്രെയിനുകളെ പരിസ്ഥിതിസൗഹൃദ വാഹനമായി കണക്കാക്കുന്നു.
യാത്രക്കാരുടെയും ചരക്കുകളുടെയും ഗതാഗതനിരക്കിലെ ഈ വളർച്ചക്കൊപ്പം യാത്രക്കാരുടെ സംതൃപ്തിനിരക്ക് 92 ശതമാനവും ചരക്ക് ട്രെയിനുകളുടേത് 96 ശതമാനവും വർധിച്ചിട്ടുണ്ട്. വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്ന തരത്തിൽ സൗദി റെയിൽവേ സ്വന്തം സേവനമേഖല വികസിപ്പിക്കുന്നത് തുടരുമെന്ന് അൽമാലിക് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.