ജിദ്ദ: 2022 ലോകകപ്പ് ഫുട്ബാൾ മത്സരം ആരംഭിക്കുന്നതോടെ പ്രവർത്തനശേഷി വർധിപ്പിക്കുമെന്ന് സൗദി റെയിൽവേ അറിയിച്ചു. ലോകകപ്പിൽ പങ്കെടുക്കുന്ന സൗദി ഫുട്ബാൾ ടീമിന് പൊതുജന പിന്തുണയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണിത്.
ദേശീയ ടീമിന്‍റെ ആരാധകർക്ക് കൂടുതൽ സർവിസുകൾ അനുവദിക്കും. ദേശീയ ടീം മത്സര ദിവസങ്ങളിൽ സീറ്റ് ശേഷി 1,14,000 വരെയുണ്ടാകും. റിയാദ്, ദമ്മാം, അബ്ഖൈഖ് എന്നിവിടങ്ങളിൽനിന്ന് ഹുഫൂഫിലേക്കും തിരിച്ചും ട്രെയിനുകൾ ഓടും. മുൻകൂർ ബുക്കിങ് ചെയ്താൽ 50 ശതമാനം വരെ ഓഫറുകളും നേടാൻ സാധിക്കും. ദമ്മാം, അബ്ഖൈഖ്, റിയാദ് എന്നിവിടങ്ങളിൽനിന്ന് ഹുഫൂഫിലേക്ക് പോകുന്ന സർവിസുകളുടെ സീറ്റ് ശേഷി 58,958 വരെയുണ്ടാകുമെന്നും സൗദി റെയിൽവേ വ്യക്തമാക്കി.
ആദ്യ സർവിസ് ഈ മാസം 22ന് ആരംഭിക്കും. അർജന്‍റീന-സൗദി ആദ്യ മത്സരത്തിന് ശേഷം മടക്കയാത്രക്ക് നാല് സർവിസ് ഒരുക്കിയിട്ടുണ്ട്. ദമ്മാം, റിയാദ് എന്നിവിടങ്ങളിൽനിന്ന് ഹുഫൂഫിലേക്കുള്ള നാല് സർവിസുകൾക്ക് പുറമെയാണിത്. പോളണ്ടുമായുള്ള മത്സര ദിവസമായ ഈ മാസം 26ന് മടക്കയാത്രക്ക് രണ്ട് സർവിസുകളുണ്ടാകും.
മെക്സിക്കൻ ടീമുമായുള്ള മത്സര ദിവസം ദമ്മാമിൽനിന്നും റിയാദിൽനിന്നും ഹുഫൂഫിലേക്ക് പോകാൻ ആറ് സർവിസുകളുണ്ടാകും. അന്നേദിവസം മടക്കയാത്രക്ക് അഞ്ച് സർവിസുകളുമുണ്ടാകുമെന്നും സൗദി റെയിൽവേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.