ബുറൈദ: ജോലിക്കിടയിൽ പരിക്കേറ്റ് ബുറൈദയിലെ ആശുപത്രിയിൽ കഴിയുന്നതിനിടെ മരിച്ച പാലക്കാട്, കിനാശ്ശേരി സ്വദേശി മുരളി കിട്ടയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായതായി ഖസീം പ്രവാസി സംഘം കേന്ദ്ര ജീവകാരുണ്യ വിഭാഗം അറിയിച്ചു. ക്രെയിൻ മെക്കാനിക്കായിരുന്ന മുരളി (50) മേയ് 12ന് ബുറൈദയിൽ പാസ്പോർട്ട് ഓഫിസിനടുത്തുള്ള ജോലിക്കിടെ വാഹനത്തിൽനിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയവെയാണ് മരിച്ചത്. ഇന്ത്യൻ എംബസി , സൗദി ഉദ്യോഗസ്ഥരിൽ നിന്നും വളരെ നല്ലരീതിയിലുള്ള സഹകരണമാണ് രേഖകൾ തയാറാക്കുന്നതിനായി ലഭിച്ചത്.
മരണം സംഭവിച്ച ശേഷം തുടക്കത്തിൽ നടത്തിയ അന്വേഷണങ്ങളല്ലാതെ പിന്നീട് നിയമപരമായോ അല്ലാതെയുമുള്ള ഒരുവിധ സഹായവും സ്പോൺസറുടെ ഭാഗത്തുനിന്ന് ലഭിച്ചിരുന്നില്ല. രണ്ടുമാസം നീണ്ട പ്രയത്നങ്ങൾക്കൊടുവിൽ മൃതദേഹം വ്യാഴാഴ്ച റിയാദിലെത്തിച്ച് വെള്ളിയാഴ്ച വൈകീട്ട് 7.35ന് ദുബൈ വഴി എമിറേറ്റ്സ് വിമാനത്തിൽ കൊണ്ടുപോകും. ശനിയാഴ്ച വൈകീട്ട് 4.30ഓടെ കൊച്ചിയിലെത്തും. ബന്ധുക്കളും കേരള പ്രവാസി സംഘം പ്രവർത്തകരും ചേർന്ന് ഏറ്റുവാങ്ങി രാത്രിയോടെ വീട്ടിലെത്തിക്കും. ഖസീം പ്രവാസി സംഘം കേന്ദ്ര ജീവകാരുണ്യ വിഭാഗം കൺവീനർ നൈസാം തൂലികയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. ഗീതയാണ് മുരളിയുടെ ഭാര്യ. മകൾ: രേഷ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.