ജിദ്ദ: പുണ്യസ്ഥലങ്ങളിൽ ഹജ്ജിനുള്ള ഒരുക്കങ്ങൾ തുടങ്ങി. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ആഭ്യന്തര തീർഥാടകർക്ക് മാത്രമായി ഹജ്ജ് പരിമിതപ്പെടുത്തിയിരുന്നു. മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിൽ അതത് വകുപ്പുകൾക്ക് കീഴിൽ വിപുലമായ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പ്രത്യേകിച്ച് ആരോഗ്യമേഖലയിൽ മികച്ച സേവനങ്ങൾ നൽകാനുള്ള നടപടികൾ മക്ക ആരോഗ്യവകുപ്പിന് കീഴിൽ ആരംഭിച്ചിട്ടുണ്ട്. ഹജ്ജ് നടത്താനുള്ള തീരുമാനം വന്നതുമുതൽ അതത് വകുപ്പുകൾ യോഗം ചേർന്ന് ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പാണ് പൊതുസുരക്ഷ മേധാവിയുടെ മേൽനോട്ടത്തിൽ ഹജ്ജ് സുരക്ഷ സമിതി റിയാദിൽ യോഗം ചേർന്ന് ഹജ്ജ് വേളയിലെ സുരക്ഷ കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്തത്. ജുലൈ എട്ടിന് ഉച്ചക്ക് ശേഷം ജിദ്ദയിലെ പൊതുസുരക്ഷ ആസ്ഥാനത്ത് മേധാവി ജനറൽ ഖാലിദ് ബിൻ ഖറാർ അൽഹർബിയുടെ അധ്യക്ഷതയിൽ വീണ്ടും യോഗം ചേർന്ന് ഹജ്ജ് ഒരുക്കങ്ങൾ ചർച്ച ചെയ്യുകയും വിലയിരുത്തുകയുമുണ്ടായി. ഹജ്ജുമായി ബന്ധപ്പെട്ട സിവിൽ, സൈനിക വകുപ്പ് പ്രതിനിധികൾ യോഗത്തിൽ പെങ്കടുത്തു. സുരക്ഷ, ട്രാഫിക്, കാൽനടയാത്ര എന്നീ വിഷയങ്ങളിൽ നടപ്പാക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്തതായാണ് വിവരം.
ഇരുഹറം കാര്യാലയവും തീർഥാടകരെ സ്വീകരിക്കുന്നതിനും ആരോഗ്യ മുൻകരുതൽ നടപ്പാക്കുന്നതിനും വേണ്ട കാര്യങ്ങൾ ചർച്ച ചെയ്യുകയുണ്ടായി. മക്ക മുനിസിപ്പാലിറ്റിയും മേയറുടെ അധ്യക്ഷതയിൽ കഴിഞ്ഞയാഴ്ച യോഗം ചേർന്ന് ഹജ്ജ് വേളയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രവർത്തന പദ്ധതികളും ചർച്ചചെയ്തു.
ഹജ്ജിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതടക്കമുള്ള നടപടികൾ ഹജ്ജ് മന്ത്രാലയത്തിന് കീഴിൽ പുരോഗമിക്കുകയാണ്. ആഭ്യന്തര തീർഥാടകരിൽ 70 ശതമാനവും വിവിധ രാജ്യക്കാരായ രാജ്യത്തിനകത്തുള്ള വിദേശികളും 30 ശതമാനം സ്വദേശികളുമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം ഹജ്ജ് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പുണ്യസ്ഥലങ്ങളിൽ റോഡുകളിലെയും തമ്പുകളിലെയും അറ്റകുറ്റ ജോലികളെല്ലാം ഇതിനകം പൂർത്തിയായിട്ടുണ്ട്.
തമ്പുകളിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ ഹജ്ജ് സേവനങ്ങൾക്ക് തമ്പുകൾ ഉടനെ കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.