ജിദ്ദ: വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ നാലാം ഘട്ടത്തിലെ അവസാന ഷെഡ്യൂളിൽ ജിദ്ദയിൽനിന്നുള്ള മൂന്നു വിമാന സർവിസുകളുടെ സമയത്തിൽ മാറ്റം വരുത്തിയതായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ജൂലൈ 16ന് വ്യാഴാഴ്ച ഷെഡ്യൂൾ ചെയ്തിരുന്ന ജിദ്ദ-കണ്ണൂർ വിമാനം ജൂലൈ 20 തിങ്കളാഴ്ചയിലേക്കാണ് മാറ്റിയിരിക്കുന്നത്. പുലർച്ച നാലിനായിരിക്കും ജിദ്ദയിൽനിന്നു വിമാനം പുറപ്പെടുക. ജൂലൈ 17ന് (വെള്ളിയാഴ്ച) നിശ്ചയിച്ചിരുന്ന ജിദ്ദ-തിരുവനന്തപുരം വിമാനം ജൂലൈ 21ലേക്ക് (ചൊവ്വാഴ്ച) മാറ്റിയിട്ടുണ്ട്. ഈ വിമാനം അന്നേ ദിവസം രാത്രി 8.30ന് ജിദ്ദയിൽനിന്നു പുറപ്പെടും. നേരേത്ത ജൂലൈ 15ന് (ബുധനാഴ്ച) ഷെഡ്യൂൾ ചെയ്തിരുന്ന ജിദ്ദ-ഡൽഹി-ലഖ്നോ വിമാന സർവിസും ജൂലൈ 21ലേക്ക് (ചൊവ്വാഴ്ച) മാറ്റിയിട്ടുണ്ട്. ഈ വിമാനം ജിദ്ദയിൽനിന്നു പുലർച്ച 2.30നായിരിക്കും പുറപ്പെടുക. ഈ വിമാനങ്ങളിലേക്ക് നേരേത്ത ടിക്കറ്റ് എടുത്തവർ എയർ ഇന്ത്യ ഓഫിസിലെത്തി പുതിയ ഷെഡ്യൂൾ അനുസരിച്ചുള്ള ടിക്കറ്റുകൾ മാറ്റിയെടുക്കണം.
ഇതിന് മറ്റു ഫീസുകളൊന്നും അടക്കേണ്ടതില്ല. ഷെഡ്യൂളിൽ തീയതി മാറ്റിയ കണ്ണൂർ, തിരുവനന്തപുരം വിമാനങ്ങളിൽ യാത്രചെയ്യാൻ ആഗ്രഹിക്കുന്നവർ കോൺസുലേറ്റിൽനിന്നുള്ള അറിയിപ്പ് ഇല്ലാതെതന്നെ ജൂലൈ 16 (വ്യാഴാഴ്ച) മുതൽ എയർ ഇന്ത്യ ഓഫിസിലെത്തി നേരിട്ട് ടിക്കറ്റുകൾ വാങ്ങാവുന്നതാണെന്ന് കോൺസുലേറ്റ് അറിയിച്ചു. ഇങ്ങനെ യാത്രചെയ്യാൻ ഉദ്ദേശിക്കുന്നവർ ഇന്ത്യൻ എംബസി വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. ആദ്യം വരുന്നവർക്ക് ആദ്യ പരിഗണന എന്ന രീതിയിലായിരിക്കും ടിക്കറ്റ് വിൽപനയെന്നും കോൺസുലേറ്റ് അറിയിച്ചിട്ടുണ്ട്.
എന്നാൽ, നേരിട്ടുള്ള ടിക്കറ്റ് വിൽപന ഈ രണ്ടു സർവിസുകൾക്ക് മാത്രമാണെന്നും ഷെഡ്യൂൾ ചെയ്ത മറ്റു സർവിസുകൾക്കുള്ള ടിക്കറ്റുകൾ കോൺസുലേറ്റിൽനിന്നു വിളിച്ചറിയിക്കുന്നവർക്കു മാത്രമായിരിക്കുമെന്നും കോൺസുലേറ്റ് അറിയിച്ചിട്ടുണ്ട്. ജിദ്ദയിൽനിന്നു നേരേത്ത ഷെഡ്യൂളിൽ ഉൾപ്പെടുത്തിയ ജൂലൈ 18, 19 തീയതികളിലെ കോഴിക്കോട്, കൊച്ചി സർവിസുകളുടെയും 20ലെ കണ്ണൂർ, 21ലെ തിരുവനന്തപുരം സർവിസുകളുടെയും സമയത്തിൽ മാറ്റമൊന്നുമില്ല. പുതിയ ഷെഡ്യൂൾ അനുസരിച്ച് ജൂലൈ 20ന് ജിദ്ദയിൽനിന്നു കണ്ണൂരിലേക്കും ജൂലൈ 21ന് തിരുവനന്തപുരത്തേക്കും രണ്ടു വീതം സർവിസുകൾ ഉണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.