റിയാദ്: 2029ലെ ഏഷ്യൻ വിന്റർ ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ സന്നദ്ധതയറിയിച്ച് സൗദി ഒളിമ്പിക് ആൻഡ് പാരാലിമ്പിക് കമ്മിറ്റി (എസ്.ഒ.പി.സി) ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യക്ക് കത്ത് കൈമാറി. കിരീടാവകാശിയും നിയോം ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ താൽപര്യപ്രകാരമാണ് സന്നദ്ധതയറിയിച്ചതെന്ന് എസ്.ഒ.പി.സി പ്രസിഡന്റ് അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ വെളിപ്പെടുത്തി. രാജ്യത്തിന്റെ സമഗ്ര മുന്നേറ്റം ലക്ഷ്യംവെക്കുന്ന 'വിഷൻ 2030'മായി ബന്ധപ്പെട്ടാണ് ഈ നിർദേശമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂഖണ്ഡത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ആദ്യ രാജ്യമെന്ന നിലക്ക് ആധുനിക സാങ്കേതികവിദ്യയും ആകർഷണീയമായ ഭൂപ്രകൃതിയും സംയോജിപ്പിച്ച് ആവേശം വിതറുന്ന കായികാനുഭവങ്ങളെ സൗദിക്ക് ഹൃദയത്തിൽ ഏറ്റുവാങ്ങാനാകുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
രാജ്യത്തിന്റെ സ്വപ്നപദ്ധതിയായ 'നിയോം' നഗരത്തെ ലോകത്തിന് പരിചയപ്പെടുത്തൽ, ടൂറിസം മേഖലയിലെ അതിദ്രുത മുന്നേറ്റം എന്നിവയും നീക്കത്തിനു പിന്നിലെ ലക്ഷ്യങ്ങളാണെന്ന് കരുതുന്നു. 32ലധികം രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന ശൈത്യകാലത്തെ ഏറ്റവും വലിയ കായികമേളയാണ് 'ട്രോജെന 2029'. 1986 മുതൽ സംഘടിപ്പിച്ചുവരുന്ന ഈ ശൈത്യകാല കായികമത്സരങ്ങൾക്ക് ഇതിനുമുമ്പ് ജപ്പാൻ, ചൈന, ദക്ഷിണ കൊറിയ, കസാഖ്സ്താൻ എന്നീ രാജ്യങ്ങളാണ് ആതിഥേയത്വം വഹിച്ചിട്ടുള്ളത്. ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ അടുത്ത ജനറൽ അസംബ്ലിക്കു മുമ്പായി ഒക്ടോബർ തുടക്കത്തിൽ കംബോഡിയയിൽ നടക്കുന്ന എക്സിക്യൂട്ടിവ് യോഗത്തിൽ അനുകൂല പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സൗദി അറേബ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.