ജുബൈൽ: സ്വദേശിവത്കരണം ശക്തമായ സൗദിയിലെ വ്യവസായ, ഖനന മേഖലയിൽ കഴിഞ്ഞ വർഷം 39,404 തസ്തികകളിൽ സ്വദേശികൾ നിയമിതരായെന്ന് അധികൃതർ. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ഈ മേഖലയെ സുസ്ഥിരമാക്കാൻ മന്ത്രാലയം പിന്തുണച്ച വിവിധ സംരംഭങ്ങളുടെ ഫലമാണിതെന്ന് വാർഷിക റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം 903 പുതിയ വ്യവസായിക ലൈസൻസുകൾ മന്ത്രാലയം നൽകിയിരുന്നു.
ഇതുവഴി 23.5 ശതകോടി ഡോളർ നിക്ഷേപം പുതുതായി ഇൗ മേഖലയിലുണ്ടായി. ഇക്കാലയളവിൽ 515 ഫാക്ടറികൾ പ്രവർത്തനമാരംഭിച്ചു. ഡിസംബറിലെ പ്രതിമാസ സൂചിക റിപ്പോർട്ടിൽ നിലവിലുള്ള വ്യവസായിക സ്ഥാപനങ്ങളുടെ എണ്ണം 9681 ആണ്. നവംബറിൽ ഇത് 9630 ആയിരുന്നു. ഡിസംബറിൽ മൊത്തം 73 പുതിയ ഫാക്ടറികൾക്ക് ലൈസൻസ് നേടുകയും 30 ഫാക്ടറികൾ ഉൽപാദനം ആരംഭിക്കുകയും ചെയ്തു. വ്യവസായിക മേഖല ഡിസംബറിൽ 2504 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.
ഇതിൽ 1300 തൊഴിലുകളിൽ സ്വദേശികൾ നിയമിതരായി. ഇക്കഴിഞ്ഞ ഡിസംബർ അവസാനമായപ്പോൾ രാജ്യത്ത് ഭക്ഷ്യ ഉൽപന്നങ്ങൾക്കുള്ള ഫാക്ടറികളുടെ എണ്ണം 1074 ആയി. റബർ ഉൽപന്നങ്ങൾക്കായി 1268ഉം യന്ത്രസാമഗ്രികളും ഉപകരണങ്ങളും ഒഴികെയുള്ള ലോഹ ഉൽപന്നങ്ങൾക്കായി 1162ഉം മറ്റു ലോഹേതര ഫാക്ടറികൾക്കായി 1935ഉം പേപ്പറിനും അനുബന്ധ ഉൽപന്നങ്ങൾക്കുമായി 364ഉം ഇലക്ട്രിക്കൽ ഉപകരണങ്ങൾക്കായി 323ഉം വിവിധ യന്ത്രങ്ങൾക്കായി 322ഉം ഫാക്ടറികളാണ് രാജ്യത്തുള്ളത്. ലോഹസംസ്കരണത്തിന് 477ഉം രാസവസ്തുക്കളുടെ നിർമാണത്തിന് 951ഉം ഫർണിച്ചറുകൾക്കുവേണ്ടി 356ഉം ഫാക്ടറികളാണ് രാജ്യത്തുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.