സൗദിയിൽ കോവിഡ്​ കുത്തിവെപ്പ്​ രണ്ടാം ഡോസ്​ തീയതിയിൽ മാറ്റമുണ്ടാകും -ആരോഗ്യ മന്ത്രാലയം

ജിദ്ദ: സൗദിയിൽ കോവിഡ്​ കുത്തിവെപ്പ്​ രണ്ടാം ഡോസിനുള്ള എല്ലാ തീയതികളിലും മാറ്റമുണ്ടാവുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സമൂഹത്തിന്റെ വലിയൊരു വിഭാഗത്തെ ആദ്യ ഡോസിൽ ഉൾപ്പെടുത്തുന്നതിനാണിത്​. ആദ്യ ഡോസ്​ നൽകുന്നത്​ കൂടുതൽ വിപുലമാക്കും. സമൂഹത്തിൽ കൂടുതൽ പേർ ഒന്നാം ഡോസ് എടുക്കുന്നതു വരെയാണ്​ രണ്ടാം ഡോസിനുള്ള തീയതി മാറ്റിവെക്കുക. ഇന്ന് മുതൽ രണ്ടാം ഡോസിനുള്ള തീയതികളിൽ മാറ്റം വരും. രണ്ടാം ഡോസിന്റെ പുനരാരംഭം പിന്നീട്​ പ്രഖ്യാപിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

വാക്​സിനുകളുടെ കുറവും അന്താരാഷ്​ട്ര വിതരണത്തിലെ തടസ്സവും കരാറിലേർപ്പെട്ട കമ്പനികൾക്ക്​ പ്രഖ്യാപിച്ച അളവ്​ നൽകുന്നതിൽ നേരിടുന്ന വെല്ലുവിളികളുമാണ്​​ തീയതി മാറ്റത്തിന് കാരണമെന്ന്​ ആരോഗ്യ മന്ത്രാലയം സൂചിപ്പിച്ചു.

ആദ്യഡോസ്​ കുത്തിവെപ്പിൽ ഏറ്റവും കൂടുതൽ ആളുകളെ ഉൾപ്പെടുത്താനും കഠിനമായ കേസുകൾ കുറക്കാനും പ്രത്യേകിച്ച്​ കോവിഡ്​ ബാധക്ക്​ ഏറ്റവും സാധ്യതയുള്ള വിഭാഗങ്ങൾക്ക്​ കുത്തിവെപ്പ്​ നൽകുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള താൽപര്യവും രണ്ടാം ഡോസ്​ നീട്ടിവെക്കുന്നതിന്​ കാരണമായിട്ടുണ്ട്​. കൂടാതെ വാക്​സിൻ നിർമാതാക്കൾ അവരുടെ വാക്​സിനുകളിൽ കോവിഡ്​ വൈറസിന്റെ പരിവർത്തനം ചെയ്​ത ​തരങ്ങൾ സംബന്ധിച്ച്​ നടത്തുന്ന ഗവേഷണത്തിന്റെ പ്ര​യോജനം കൂടി ഉൾപ്പെടുത്തുന്നതിനുമാണിത്. ആദ്യ ഡോസ്​ എടുക്കാത്തവർ, പ്രത്യേകിച്ച്​ കോവിഡ്​ ബാധക്ക്​ സാധ്യതയുള്ളവർ എത്രയും വേഗം സിഹത്തി ആപ്ലിക്കേഷനിൽ കുത്തിവെപ്പിന്​ രജിസ്​റ്റർ ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.