ജിദ്ദ: മലയാളികളുടെ സംഗമ കേന്ദ്രമായ ശറഫിയ്യയിൽ ഒരുമയുടെയും ഐക്യത്തിന്റെയും സന്ദേശമായി സംഘടിപ്പിച്ച മലയാളി കൂട്ടായ്മയുടെ ജനകീയ ഇഫ്താർ ശ്രദ്ധേയമായി. നഗരവികസനത്തിന്റെ ഭാഗമായി പല കെട്ടിടങ്ങളും കച്ചവട സ്ഥാപനങ്ങളും പ്രദേശങ്ങൾ ഒന്നാകെയും പൊളിച്ചു മാറ്റിയെങ്കിലും ശറഫിയ്യയുടെ പ്രതാപത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു ജനകീയ ഇഫ്താറിനെത്തിച്ചേർന്ന 2,500 ഓളം വരുന്ന ജനക്കൂട്ടം.
മുൻകാലങ്ങളിൽ ആയിരത്തോളം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഇഫ്താർ സംഗമങ്ങൾ നടന്നിരുന്നെങ്കിലും ഓരോ വർഷവും ജനകീയ ഇഫ്താറിൽ പങ്കെടുക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് സംഘാടകർ അറിയിച്ചു. പ്രദേശത്തെ മലയാളി കച്ചവടക്കാരും സാമൂഹിക പ്രവര്‍ത്തകരും ഒന്നിച്ചു കൈകോര്‍ത്താണ് ജനകീയ ഇഫ്താറിന് ആതിഥ്യമരുളിയത്. ശറഫിയ്യയുടെ ഹൃദയഭാഗത്തെ തെരുവോരത്ത് വിഭവസമൃദ്ധമായി ഒരുക്കിയ ഇഫ്താറിൽ സ്ഥലത്തെ കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാരും പരിസര പ്രദേശങ്ങളിലെ സാധാരണക്കാരായ മലയാളികളുമാണ് പങ്കെടുത്തത്.
മലയാളി കൂട്ടായ്മയുടെ കരുത്ത് തെളിയിച്ച ജനകീയ ഇഫ്താറിന് സഹായങ്ങളുമായി ചില സ്വദേശികളും രംഗത്തുണ്ടായിരുന്നു. പ്രദേശത്ത് നിരവധി പരിഷ്‌കാരങ്ങൾ നടപ്പാക്കിയെങ്കിലും ശറഫിയ്യയിലെ കച്ചവടകേന്ദ്രങ്ങളും തെരുവുകളുമെല്ലാം പഴയ പ്രതാപത്തോടെ എന്നും നിലനിൽക്കുമെന്ന സന്ദേശം നൽകുന്നതായിരുന്നു വൻ വിജയമായി മാറിയ ജനകീയ ഇഫ്താർ.
ബേബി നീലാമ്പ്ര, മുജീബ് റീഗൾ, ഫിറോസ് ചെറുകോട്, കെ.വി.സി. ഗഫൂർ, ഷമീം കോട്ടുകര, സൈഫുദ്ധീൻ വാഴയിൽ, യാസർ അറഫാത്ത്, മുസ്തഫ അക്ബർ, അഷ്‌റഫ് ബയ്യ, ബിജു ആക്കോട്, സിയാദ് തങ്ങൾ, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, ഫാസിൽ, റംഷി, പ്രസാദ്, ചെറി മഞ്ചേരി, അൻവർ വണ്ടൂർ, ഉനൈസ്, മുഷ്‌താഖ്, കോയ മുന്നിയൂർ, കുട്ടൻ കൊടിയത്തൂർ, ഇസ്മയിൽ കൂരിപ്പൊയിൽ, മുസമ്മിൽ, ജുനൈദ്, ഹംസു തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ഇഫ്താർ സംഗമത്തിന് മറ്റു നിരവധി പേർ സന്നദ്ധ പ്രവർത്തകരായി രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.