ദമ്മാം: തെരുവുനായ് ശല്യത്തിന് പരിഹാരമായി വേറിട്ട പദ്ധതിയുമായി കിഴക്കൻ പ്രവിശ്യയിലെ ഖതീഫ് നഗരസഭ. ജനവാസ കേന്ദ്രങ്ങളിൽ നിന്നകലെ ഒഴിഞ്ഞ മരുപ്രദേശങ്ങളിൽ നായ്ക്കൾക്ക് അഭയകേന്ദ്രങ്ങൾ ഒരുക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. വിവിധ സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെയാണ് തെരുവുനായ്ക്കൾക്ക് ജീവിക്കാനാവശ്യമായ ആവാസ വ്യവസ്ഥയൊരുക്കി അഭയകേന്ദ്രങ്ങൾ സജ്ജമാക്കുക. നായ്ക്കളെ കൊല്ലുന്നത് ശരിയായ പരിഹാരമല്ലെന്നും മനുഷ്യത്വവിരുദ്ധമാണെന്നും ഖതീഫ് നഗരസഭ കൗൺസിൽ അംഗം ഖദ്റ അൽമുബാറക് പറഞ്ഞു. ജനവാസത്തിന് ഭീഷണിയാവുന്ന തരത്തിലുള്ള തെരുവുനായ്ക്കളെയാണ് ആദ്യഘട്ടത്തിൽ കേന്ദ്രങ്ങളിലേക്ക് മാറ്റുക.
പലപ്പോഴും സംഘങ്ങളായി റോഡുകളിലും കവലകളിലും നിൽക്കുന്ന നായ്ക്കൾ നടക്കുന്നവർക്കും വാഹനയാത്രക്കാർക്കും ഭീഷണിയായതിനെ തുടർന്നാണ് സ്ഥായിയായ പരിഹാരം എന്ന നിലയിൽ പദ്ധതി മുന്നോട്ടുവെക്കുന്നത്. കാൽനടക്കാരെ തുരത്തുന്നതും വാഹനങ്ങളുടെ പിറകിൽ ഓടുന്നതും പതിവാണ്. വഴിയോരങ്ങളും മാലിന്യം കുമിഞ്ഞുകൂടിയ സ്ഥലങ്ങളുമാണ് പൊതുവെ തെരുവു നായ്ക്കളുടെ വിഹാരകേന്ദ്രം. എന്നാൽ, രാത്രിയാവുന്നതോടെ, ചില പ്രദേശങ്ങളിൽ കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലേക്ക് നായ്ക്കൾ എത്തുന്നതായി പരാതി ഉയർന്നിരുന്നു.
കുട്ടികളും മുതിർന്നവരും പലപ്പോഴും തെരുവുനായ് ശല്യം കാരണം പുറത്തിറങ്ങാൻ ഭയപ്പെടുന്ന സാഹചര്യമുള്ള പ്രദേശങ്ങളുണ്ട്. മുമ്പ് പലയിടങ്ങളിലായി നായ്ക്കളുടെ ആക്രമണത്തില്‍ കുട്ടികളടക്കമുള്ള പ്രദേശവാസികൾക്ക് പരിക്കേറ്റതായി പരാതിയുയർന്നിരുന്നു. ആക്രമണകാരികളായ തെരുവുനായ്ക്കളും കൂട്ടത്തിലുണ്ടെന്നതാണ് ഭീഷണി. പെട്രോൾ പമ്പുകളോട് ചേർന്നും മറ്റും ആളുകൾ ഭക്ഷണസാധനങ്ങൾ ഉപേക്ഷിക്കുന്നതാണ് ജനവാസ കേന്ദ്രങ്ങളിൽ പോലും തെരുവുനായ്ക്കൾ വർധിക്കാൻ കാരണമെന്ന് ദമ്മാം നിവാസി അഖീൽ അൽശമ്മരി പറഞ്ഞു. രാത്രിയിൽ നായ്ക്കൾ കടിപിടികൂടി ബഹളം ഉണ്ടാക്കുന്നതിനാൽ ആളുകൾക്ക് ഉറങ്ങാനും പറ്റാത്ത അസ്ഥയുമുണ്ട്.
നേരത്തേ, നായ്ക്കളെ നിയന്ത്രിക്കുന്നതിനായി 50ഓളം തെരുവുനായ്ക്കളെ ഖതീഫ് നഗരസഭ കൂട്ടത്തോടെ കൊന്നിരുന്നു. ഖതീഫ് നഗരസഭയുടെ കീഴിൽ അവാമിയ്യ, ഖുദൈഹ്, താറൂത്ത് തുടങ്ങി പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽനിന്നാണ് അന്ന് തെരുവുനായ്ക്കളെ പിടികൂടിയത്. നായ്ശല്യം നേരിടുന്ന പ്രദേശവാസികൾക്ക് 940 ഹോട്ട്ലൈൻ നമ്പറിൽ വിളിച്ച് പരാതിപ്പെടാം. ജനവാസ കേന്ദ്രങ്ങൾക്ക് ഭീഷണിയുയർന്ന സാഹചര്യത്തിൽ നഗരസഭ അധികൃതരുടെ ഇടപെടലുണ്ടാവുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.