ജുബൈൽ: ഓട്ടോമൊബൈൽ ഗതാഗത ഭീമനായ ഗ്രിമാൽഡി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എം.എസ്.സി ക്രിസ്റ്റ്യാന എന്ന ചരക്കുകപ്പൽ 4,250 വാഹനങ്ങളുമായി ചൈനയിൽനിന്ന് ദമ്മാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖത്ത് എത്തിയതായി സൗദി തുറമുഖ അതോറിറ്റി (മവാനി) അറിയിച്ചു. എം.എസ്.സി ക്രിസ്റ്റ്യാന 2011ൽ നിർമിച്ച, പാനമയുടെ പതാകക്കുകീഴിൽ സഞ്ചരിക്കുന്ന വാഹന വാഹിനി കപ്പലാണിത്. 22,287 ടൺ ഭാരം വഹിക്കാൻ ശേഷിയുണ്ട്. 199.08 മീറ്റർ നീളവും 32.28 മീറ്റർ വീതിയുമാണ് കപ്പലിനുള്ളത്.
എം.എസ്.സി ക്രിസ്റ്റ്യാനയുടെ വരവോടെ ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായുള്ള രാജ്യത്തിന്റെ കപ്പൽചാൽ ഗതാഗത ബന്ധം സ്ഥാപിക്കാനും മെച്ചപ്പെടുത്താനും പാകത്തിൽ ദേശീയ മാരിടൈം റെഗുലേറ്റർ അതോറിറ്റി വളർന്നുകഴിഞ്ഞതായി മവാനി അധികൃതർ വിശദീകരിച്ചു.
സൗദിയുടെ ദേശീയ ഗതാഗത-ലോജിസ്റ്റിക് സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങൾക്കനുസൃതമായി സാമ്പത്തിക വളർച്ചയും വിദേശ വ്യാപാരവും വർധിപ്പിക്കുന്നതിന് ദമ്മാം തുറമുഖത്തിന്റെ വികസനം സാധ്യമാക്കിയിട്ടുണ്ട്.
ആഗോള തലത്തിൽ ഒരു മത്സര ശക്തിയെന്ന നിലയിൽ രാജ്യത്തിന്റെ സാന്നിധ്യം ശക്തിപ്പെടുത്താനും കഴിയുന്നു.
ജുബൈൽ തുറമുഖത്തിനും വ്യവസായിക മേഖലക്കും സമീപമാണെന്നതും റിയാദ് ഡ്രൈ പോർട്ടുമായി സൗദി റെയിൽവേ വഴി ബന്ധമുള്ളതും കാരണം ദമ്മാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖം അറേബ്യൻ ഗൾഫിലെ പ്രമുഖ വ്യാപാര നിക്ഷേപ കേന്ദ്രമായി മാറിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.